Celebrities

‘കുറച്ച് ഭക്ഷണം കഴിച്ചപ്പോഴേക്കും ആള്‍ തീരെ അവശനായി; മറ്റൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്’; മുരളിയുടെ മരണത്തെ കുറിച്ച് മകൾ | actor-murali

അച്ഛന് അത്രയും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല

മലയാളത്തിലെ അനശ്വര നടന്മാരിൽ ഒരാളാണ് മുരളി. അകാലത്തിൽ സംഭവിച്ച മുരളിയുടെ വേർപാട് മലയാളികളെ സംബന്ധിച്ചെടുത്തോളം ഞെട്ടിക്കുന്നതായിരുന്നു. എന്നാൽ ഇന്നും അദ്ദേഹം ചെയ്തുവച്ച പൗരുഷം നിറഞ്ഞ കഥാപാത്രങ്ങളിലൂടെയും ശബ്ദ ഗാംഭീര്യം കൊണ്ടും ഇന്നും മലയാളികളുടെ മനസ്സിൽ മുരളി നിറഞ്ഞു നിൽക്കുന്നുണ്ട്. തന്റെ പിതാവിൻറെ പെട്ടെന്നുള്ള വേർപാടിനെ കുറിച്ച് പറയുകയാണ് മുരളിയുടെ മകൾ കാർത്തിക. ലൊക്കേഷനിൽ ഉണ്ടായ അനുഭവങ്ങളും മകൾ പങ്കുവയ്ക്കുന്നുണ്ട്.

“പ്രൈവസി വളരെ ആഗ്രഹിക്കുന്ന ആളായിരുന്നു അച്ഛന്‍. വളരെ കുറച്ച് അഭിമുഖം മാത്രമേ കൊടുത്തിട്ടുള്ളു. കുടുംബം പബ്ലിക്കിന് മുന്നില്‍ വരണ്ടെന്നത് അച്ഛന്റെ തീരുമാനമായിരുന്നു.

അച്ഛന് അത്രയും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഡയബറ്റിക്‌സ് ഉണ്ടായിരുന്നു. ഏറ്റവും അവസാനം ആദവന്‍ എന്ന സിനിമയിലാണ് അഭിനയിച്ചത്. അതിന്റെ ഷൂട്ടിങ്ങ് ആഫ്രിക്കയിലായിരുന്നു. അവിടെ തണുപ്പുള്ള സമയമാണ്. അവിടുന്നും ന്യൂമോണിയ വന്നു. ഡയബറ്റിക്‌സ് ഉള്ളവര്‍ക്ക് ന്യൂമോണിയ വന്നാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. തിരികെ വീട്ടിലെത്തി, കുറച്ച് ഭക്ഷണം കഴിച്ചപ്പോഴെക്കും ആള്‍ തീരെ അവശനായി.

പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശ്വാസകോശം മുഴുവന്‍ ഇത് വ്യാപിച്ചിരുന്നു. മറ്റൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അച്ഛനിവിടെ നിന്നും നടന്നാണ് ആശുപത്രിയിലേക്ക് പോകുന്നത്. പിറ്റേ ദിവസം ആള് പോവുകയും ചെയ്തു. അതുകൊണ്ട് ഞങ്ങള്‍ക്കത് ഒട്ടും വിശ്വസിക്കാനേ പറ്റിയിരുന്നില്ല”- എന്നാണ് മുരളിയുടെ മരണത്തെ കുറിച്ച് മകൾ പറഞ്ഞത്.

“തന്റെ അച്ഛന്‍ അങ്ങനെ ദേഷ്യപ്പെട്ടിട്ടില്ല. ഒരു ഫാമിലിമാനായിരുന്നു എന്ന് പറയാം. നല്ലൊരു അച്ഛനും ഭര്‍ത്താവും മകനുമൊക്കെയായിരുന്നു അദ്ദേഹം. ഫാമിലിയ്ക്ക് വേണ്ടിയാണ് കൂടുതല്‍ സമയം ചിലവഴിച്ചത്. ഭാര്യയ്ക്കും മക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പമുള്ള ജീവിതം തന്നെയായിരുന്നു പ്രധാനപ്പെട്ടത്. ഒരു ബ്രേക്ക് കിട്ടിയാല്‍ നേരെ വീട്ടിലേക്ക് വരും. കിട്ടിയില്ലെങ്കില്‍ ലൊക്കേഷനിലേക്ക് ഞങ്ങളെ വിളിക്കും. ഞങ്ങളങ്ങോട്ട് പോകും. എവിടെ കൊണ്ട് പോകാന്‍ അവസരം കിട്ടുമോ അവിടെയൊക്കെ ഞങ്ങളെ കൊണ്ട് പോകുമായിരുന്നു “- കാർത്തിക ഓർത്തു.

content highlight: actor-muralis-daughter-karthika

Latest News