ഇസ്രായേൽ ആക്രമണം നേരിടുന്ന ലബനാന് പിന്തുണയുമായി യുഎഇയുടെ റിലീഫ് ക്യാംപയിൻ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹയ്ാന്റെ നിർദേശപ്രകാരമാണ് ലബനാനിലേക്ക് സഹായമെത്തിക്കാനുള്ള പദ്ധതിക്ക് യുഎഇ തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച 40 ടൺ അടിയന്തര മെഡിക്കൽ സഹായം ലബനാനിലെത്തി. ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ദുരിതമനുഭവിക്കുന്ന ജനതയ്ക്കായി നൂറ് ദശലക്ഷം യുഎസ് ഡോളറിന്റെ അടിയന്തര സാമ്പത്തിക സഹായമാണ് യുഎഇ പ്രഖ്യാപിച്ചിട്ടുള്ളത്.
ലബനാൻ, യുഎഇ നിങ്ങൾക്കൊപ്പമുണ്ട് എന്ന പേരിലാണ് റിലീഫ് പദ്ധതി മുമ്പോട്ടു പോകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച കൗണ്ടറുകളിൽ പൊതുജനങ്ങൾക്ക് സഹായമെത്തിക്കാനാകും. സഹായം സ്വീകരിക്കുന്നതിനായി കൗണ്ടറുകൾ ആരംഭിച്ചിട്ടുണ്ട്. ലോകത്തുടനീളം കഷ്ടത അനുഭവിക്കുന്നവർക്ക് മാനുഷിക പന്തുണ നൽകാനുള്ള യുഎഇ നേതൃത്വത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സഹായപദ്ധതിയെന്ന് അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി പറഞ്ഞു. അർഹരായവർക്ക് കൂടുതൽ സഹായങ്ങളെത്തിക്കാൻ രാജ്യം സന്നദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.
അടിയന്തര സഹായമെത്തിച്ച യുഎഇക്ക് ലബനീസ് പ്രധാനമന്ത്രി നജീബ് മീഖാത്തി നന്ദി അറിയിച്ചു. പ്രസിഡണ്ട് ശൈഖ് മുഹമ്മദുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് മീഖാതി രാജ്യത്തിന്റെ കടപ്പാടറിയിച്ചത്. ലബനാന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാൻ യുഎഇ എല്ലായ്പ്പോഴും ഒപ്പമുണ്ടാകുമെന്ന് ശൈഖ് മുഹമ്മദ് ലബനീസ് പ്രധാനമന്ത്രിയെ അറിയിച്ചു.