Celebrities

‘വിനീതിനെ കൊണ്ട് പാടിക്കരുതെന്ന് ഞാൻ അന്നേ പറഞ്ഞു; എനിക്ക് അത്തരം കാര്യങ്ങളില്‍ താത്പര്യമില്ല’: ശ്രീനിവാസൻ | sreenivasan

2002ല്‍ കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ കസവിന്റെ തട്ടമിട്ടു എന്ന ഗാനമാണ് ആദ്യമായി വിനീത് സിനിമയില്‍ പാടിയ ഗാനം. രണ്ടാമതായി പാടിയ ഗാനമായിരുന്നു ഉദയനാണ് താരത്തിലെ കരളേ കരളിന്റെ കരളേ എന്ന ഗാനം. സിനിമയ്‌ക്കൊപ്പം തന്നെ ഹിറ്റായ ഗാനമായിരുന്നു റിമി ടോമിയും വിനീത് ശ്രീനിവാസനും ഒരുമിച്ച് പാടിയ ഈ ഗാനം. തുടര്‍ന്ന് നരന്‍, ചാന്തുപൊട്ട്, ക്ലാസ്‌മേറ്റ്‌സ് തുടങ്ങി വിനീത് പാടിയ സിനിമകളിലെ ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടയില്‍ 2008ല്‍ വിനീത് അഭിനയത്തിലേക്കും കടക്കുകയായിരുന്നു. 2010ലാണ് വിനീത് ആദ്യത്തെ സിനിമ സംവിധാനം ചെയ്തത്. ഇപ്പോഴിതാ മലയാള സിനിമയിലേക്കെത്താന്‍ രണ്ട് മക്കളെയും താന്‍ സഹായിച്ചിട്ടില്ലെന്ന് പറയുകയാണ് ശ്രീനിവാസന്‍. അതിന് വിനീതിന് പാടാനുള്ള അവസരം താന്‍ വേണ്ടെന്ന് പറഞ്ഞതിനാല്‍ നഷ്ടപ്പെടുമായിരുന്നു എന്നും ശ്രീനിവാസന്‍ പറയുന്നു.

ഉദയനാണ് താരം എന്ന ചിത്രത്തിലാണ് വിനീതിനെക്കൊണ്ട് പാടിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വേണ്ടെന്ന് പറഞ്ഞതെന്ന് ശ്രീനിവാസന്‍ പറഞ്ഞു.’ഉദയനാണ് താരം എന്ന സിനിമയുടെ സമയത്താണ്. അതിന്റെ പാട്ടുകളുടെ കാര്യങ്ങള്‍ ഒക്കെ സംവിധായകന്‍ റോഷന്‍ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ദീപക് ദേവാണ് മ്യൂസിക് ഡയറക്ടര്‍. ആരൊക്കെ പാടണം എന്നതിനെക്കുറിച്ചൊക്കെയായിരുന്നു ചര്‍ച്ച. ഒരു പാട്ട് വിനീതിനെക്കൊണ്ട് പാടിക്കണമെന്ന് റോഷന്‍ എന്നോട് പറഞ്ഞു. ഞാന്‍ അത് വേണ്ടെന്ന് പറഞ്ഞു,’ശ്രീനിവാസന്‍ പറഞ്ഞു.

ഒരുപാട്ട് വിനീത് പാടണം എന്ന് ഇതിന്റെ ഡിസ്‌കഷന് ചെന്നൈയില്‍ ചെന്നപ്പോള്‍ അവനോട് പറഞ്ഞിരുന്നതാണെന്ന് റോഷന്‍ എന്നോട് പറഞ്ഞു. റോഷന്റെ ആദ്യ സിനിമയാണിത്. ഞാന്‍ സിനിമയില്‍ വന്നിട്ട് കുറേ കാലമായി. എന്റെ ഇടപെടല്‍ കാരണമാണ് വിനീത് പാടുന്നതെന്നാണ് ആളുകള്‍ കരുതുക. അതുകൊണ്ടാണ് അന്ന് വേണ്ട എന്ന് പറഞ്ഞതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

തനിക്ക് അത്തരം കാര്യങ്ങളില്‍ താത്പര്യമില്ല. അവന് പാടാന്‍ വിധിയുണ്ടെങ്കില്‍ അവന്‍ പാടിക്കോളും. അവസാനം റോഷന്‍ പറഞ്ഞു, ഞാന്‍ വാക്ക് പറഞ്ഞു പോയതാണ് എന്ന്. റോഷന്റെ നിര്‍ബന്ധത്തിനാണ് വിനീത് ഉദയനാണ് താരത്തില്‍ പാടിയതെന്നും ശ്രീനിവാസന്‍ പറഞ്ഞു. താന്‍ കാരണം ഒരാളുടെ ചാന്‍സ് നഷ്ടപ്പെടേണ്ടന്ന കാരണത്താലാണ് സമ്മതിച്ചതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

അതേസമയം മക്കള്‍ രണ്ട് പേരും സ്‌കൂളില്‍ പഠിക്കുന്ന കാലത്തൊന്നും ശ്രീനിവാസന്റെ മക്കളാണ് എന്ന രീതിയില്‍ എവിടെയും പറുയമായിരുന്നില്ല എന്ന് അമ്മ വിമലയും അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ അങ്ങനെ പറയാത്തത് നാണക്കേടുകൊണ്ടായിരുന്നു എന്നാണ് ധ്യാന്‍ അമ്മയുടെ വാക്കുകള്‍ക്ക് കൗണ്ടര്‍ ആയി പറഞ്ഞത്.

content highlight: actor-sreenivasan-says-he-defended-vineeth-sreenivasan-singing