Celebrities

‘ജയറാമുമായി പ്രണയത്തിലാണെന്ന് അവർ എഴുതി പിടിപ്പിച്ചു’; പാർവതി പറയുന്നു | jayaram-parvathy-love-story

പാർവതി തന്നെ സ്വമേധയ എടുത്ത തീരുമാനമാണ് അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുക

വിവാഹം കഴിഞ്ഞ് നാളേറെ കഴിഞ്ഞിട്ടും പാർവതിയും ജയറാമും മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളായി തുടരുകയാണ്. 1992ലാണ് ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. വിവാഹശേഷം പാർവതി സിനിമയോട് വിട പറഞ്ഞു.

ശുഭയാത്ര, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, തൂവാനത്തുമ്പികൾ, അപരൻ, അധിപൻ, കിരീടം തുടങ്ങി ഒട്ടനവധി മികച്ച ഹിറ്റ് സിനിമകളിലൂടെ ഈ താര ജോഡികൾ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. തുടർന്നാണ് ഇരുവരും ജീവിതത്തിലും കൈകോർത്തത്.

പാർവതി തന്നെ സ്വമേധയ എടുത്ത തീരുമാനമാണ് അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുക എന്നതെന്ന് ജയറാം തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. കുടുംബജീവിതം ആസ്വദിക്കുന്ന പാർവതിയുടെ വിശേഷങ്ങൾ ജയറാമിന്റേയും കാളിദാസിന്റേയും മാളവികയുടേയും സോഷ്യൽമീഡിയ പേജ് വഴിയാണ് പ്രേക്ഷകർ അറിയുന്നത്.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഒരു അഭിമുഖം നൽകിയിരിക്കുകയാണ് പാർവതി. എന്തുകൊണ്ട് അഭിമുഖങ്ങൾ കൊടുക്കുന്നില്ലെന്ന് ചോദിച്ചാൽ ലൈം ലൈറ്റിൽ ഇല്ലാത്ത താൻ എന്ത് വിശേഷങ്ങൾ പറയാനാണ് അഭിമുഖം കൊടുക്കേണ്ടത് എന്നാണ് പാർവതി ചോദിക്കുന്നത്.

വളരെ നാളത്തെ വിപ്ലവകരമായ പ്രണയത്തിന് ശേഷം വിവാഹിതയായ പാർവതി ജയറാമുമായി എങ്ങനെയാണ് പ്രണയത്തിലായതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.

തങ്ങൾ പ്രണയിക്കാത്ത കാലത്തും ജേർണലിസ്റ്റുകൾ ​ഗോസിപ്പുകൾ അടിച്ചിറക്കിയിരുന്നുവെന്നും അത് ചർച്ചയായപ്പോഴാണ് എങ്കിൽ യഥാർഥത്തിൽ പ്രേമിച്ചാൽ എന്താണ് കുഴപ്പമെന്ന ചിന്തയുണ്ടായതെന്നും പാർവതി പറയുന്നു.

‘ഞാൻ പതിനഞ്ച് സിനിമകളോളം അഭിനയിച്ച ശേഷമാണ് ജയറാം സിനിമയിലേക്ക് വരുന്നത്. അന്നൊക്കെ ഞാൻ സെറ്റിലേക്ക് വരുന്നത് കാണുമ്പോൾ സീനിയർ നടി എന്നുള്ള തരത്തിലും ബഹുമാനത്തിലുമായിരുന്നു ജയറാം സംസാരിച്ചിരുന്നത്.’

‘ഇപ്പോൾ പിന്നെ ആ ബഹുമാനമൊന്നും ഇല്ല. ഞാൻ ആ സമയങ്ങളിൽ ജയറാം അഭിനയിക്കുന്നത് കാണുമ്പോൾ കളിയാക്കുമായിരുന്നു. അതിനാൽ തന്നെ ഞാൻ മുന്നിൽ‌ നിന്നാൽ ജയറാമിന് അഭിനയിക്കുമ്പോൾ തെറ്റുകൾ വരുമായിരുന്നു.’

‘ഞങ്ങൾ തമ്മിൽ പ്രേമമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ജേർണലിസ്റ്റുകൾ ഞങ്ങൾ പ്രണയത്തിലാണെന്ന് എഴുതി പിടിപ്പിച്ചു. അത് ചർച്ചയായി.’

‘അപ്പോഴാണ് ഞങ്ങൾ രണ്ടുപേരും എന്നാൽ‌ പിന്നെ യഥാർഥത്തിൽ പ്രണയിക്കാമെന്ന് തീരുമാനിച്ചത്. എന്റെ അമ്മയ്ക്ക് ഒട്ടും താൽപര്യമില്ലായിരുന്നു ജയറാമിനെ. പക്ഷെ ഞാൻ വാശി പിടിച്ചു.’

‘പ്രണയത്തിലായശേഷം ജയറാമിനൊപ്പം സിനിമകൾ ചെയ്യുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. പക്ഷെ അമ്മ ജയറാമുള്ള സിനിമകൾ വേണ്ടെന്ന് പറഞ്ഞ് അവസരം നഷ്ടപ്പെടുത്തി കളയും.’

‘അത്തരത്തിൽ ഒരുപാട് സിനിമകൾ നഷ്ടപ്പെട്ട് പോയിട്ടുണ്ട്. എന്റെ പഴയ സിനിമകൾ കാണുമ്പോൾ കുറച്ച് കൂടി നന്നായി അഭിനയിക്കാമായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സിനിമ എനിക്ക് മിസ് ചെയ്യുന്നില്ല. ആ കാലഘട്ടത്തിൽ വിശ്രമമില്ലാതെ ഒരുപാട് സിനിമകൾ ചെയ്തു.

‘ഇപ്പോൾ ഞാൻ വീട്ടിലിരുന്ന് വിശ്രമിച്ച് ആസ്വദിക്കുകയാണ്. അത്രത്തോളം ഡെപ്ത്തുള്ള കഥാപാത്രങ്ങൾ കിട്ടിയാൽ ചിലപ്പോൾ ഇനി അഭിനയിച്ചേക്കും. ചെന്നൈ എനിക്ക് എന്നും ഇഷ്ടമുള്ള സ്ഥലമാണ്.’

‘തമിഴ് സിനിമകളിൽ അഭിനയിക്കുന്ന കാലത്ത് തമിഴ് സംസാരിക്കാൻ അറിയില്ലായിരുന്നു. പക്ഷെ ഇപ്പോൾ എഴുതുകയും വായിക്കുകയും ചെയ്യും. ഇനി എനിക്ക് ലക്ഷ്യങ്ങളൊന്നുമില്ല. കുടുംബത്തോടും സുഹൃത്തുക്കൾക്കുമൊപ്പം ഇങ്ങനെയൊക്കെ സന്തോഷമായി പോണമെന്നേയുള്ളൂ…’ പാർവതി പറയുന്നു.

content highlight: jayaram-parvathy-love-story