തന്നെ സംബന്ധിച്ചിടത്തോളം ജീവിതം ഒരു സ്വർണ്ണതളികയിൽ വെച്ച് കയ്യിൽ കൊണ്ടുവന്ന തന്ന വലിയൊരു മനുഷ്യസ്നേഹിയായിരുന്നു സുകുവേട്ടനെന്ന് മല്ലിക സുകുമാരൻ. ഇന്നും അദ്ദേഹത്തിന്റെ ആത്മാവിന്റെ സജീവ സാന്നിധ്യം ഞങ്ങൾക്ക് അനുഭവപ്പെടാറുണ്ട്. അതൊരു ബലമാണ് തങ്ങൾക്കെന്നും താരം പറയുന്നുണ്ട്.
തല്ലിക്കൊന്നാലും സുകുവേട്ടൻ കള്ളം പറയില്ല. ഉള്ളത് ഉള്ളതുപോലെ പറയും. അത് കണ്ട് പഠിച്ചാണ് മനസിൽ ഒന്ന് വെച്ച് മറ്റൊന്ന് പുറത്ത് കാണിക്കാൻ കഴിയാത്ത സ്വഭാവം എനിക്ക് വന്നത്.
അതിന്റെ പേരിൽ ശത്രുക്കളുമുണ്ടായിട്ടുണ്ട്. എന്ത് തിരക്ക് പിടിച്ച ഷൂട്ടാണെങ്കിലും കേരളത്തിലുണ്ടെങ്കിൽ സുകുവേട്ടൻ വീട്ടിൽ വരും. രണ്ട് തവണ വരാൻ പറ്റാത്ത സാഹചര്യം വന്നപ്പോൾ ഞങ്ങൾ അങ്ങോട്ട് പോയി. അച്ഛൻ വരില്ലേയെന്ന് മക്കൾ ചോദിക്കുമ്പോൾ വരില്ലെന്ന് പറയാൻ അദ്ദേഹത്തിന് മനസ് വരില്ല. അത്രയും സ്നേഹമാണ് മക്കളോട്. അവരുടെ സ്കൂൾ ഡെ ഫങ്ഷനും സുകുവേട്ടൻ കഴിവതും പോകുമായിരുന്നു.
ഞങ്ങൾ സുകുവേട്ടന്റെ ഷൂട്ടിങ് സെറ്റുകളിൽ പോകുമായിരുന്നു. അത് കാണുമ്പോൾ ഞങ്ങളെ കളിയാക്കി ജനാർദ്ദനൻ ചേട്ടൻ വിളിക്കും സഞ്ചരിക്കുന്ന വീടെന്ന്. കാരണം രാജു കുഞ്ഞായിരുന്നതിനാൽ അവനെ കിടത്തി കുളിപ്പിക്കാനുള്ള സാധന സാമഗ്രികൾ വരെ ഞങ്ങളുടെ കാറിന്റെ ഡിക്കിയിൽ ഉണ്ടാകുമായിരുന്നു. കഴിഞ്ഞ ഓണം എനിക്കൊപ്പമായിരുന്നു മക്കളും മരുമക്കളുമെല്ലാം ആഘോഷിച്ചത്.
ഇപ്പോൾ മക്കൾക്ക് തിരക്കാണ്. ജോലി കളഞ്ഞ് ഓണം ആഘോഷിക്കാൻ വരാൻ പറയുന്ന അമ്മയല്ല തങ്ങളുടേതെന്ന് അവർക്ക് അറിയാം. ഓണവും പിറന്നാളും ഒരുമിച്ച് ആഘോഷിക്കണമെന്ന് അമ്മയ്ക്ക് ആഗ്രഹമുണ്ടെന്നും മക്കൾക്ക് അറിയാമെന്നും മല്ലിക പറയുന്നു. പുതിയ സിനിമ എമ്പുരാന്റെ ഷൂട്ടിങ് തിരക്കുകളിലാണ്വി പൃഥ്വിരാജ് ഇപ്പോൾ.
വിവാഹം കഴിഞ്ഞശേഷമുള്ള ആദ്യത്തെ ഓണമാണ് ഏറ്റവും സ്പെഷ്യൽ എന്നാണ് മല്ലിക പറയുന്നത്. അന്ന് താരം മൂത്തമകൻ ഇന്ദ്രജിത്തിനെ ഗർഭിണിയുമായിരുന്നു. ആദ്യമായി സുകുവേട്ടൻ ഓണക്കോടി വാങ്ങിത്തന്നതും ഇതേ ഓണത്തിനായിരുന്നുവെന്നും മല്ലിക പറയുന്നു. ഏറ്റവും സന്തോഷം പകർന്നിട്ടുള്ള ഓണം എന്റെ സുകുവേട്ടനുമായുള്ള ആദ്യത്തെ ഓണമാണ്. ചെന്നൈയിലായിരുന്നു ഞങ്ങളുടെ താമസം. വിവാഹം കഴിഞ്ഞ് ആറ് മാസത്തോളമായിരുന്നു. മാത്രമല്ല ഞാൻ ഗർഭിണിയുമായിരുന്നു.
ജീവിതത്തിൽ രണ്ട് പ്രാവശ്യം മാത്രമാണ് സുകുവേട്ടൻ നേരിട്ട് പോയി എനിക്ക് തുണി വാങ്ങിക്കൊണ്ട് വന്നത്. അതിൽ ഒന്ന് ആദ്യത്തെ ഓണത്തിനും മറ്റൊന്ന് പൃഥ്വിരാജിന്റെ ഇരുപത്തിയെട്ട് കെട്ടിനുമാണ്. ആദ്യത്തെ ഓണത്തിന് സുകുവേട്ടൻ എന്റെ അമ്മയേയും കൂട്ടിപോയി ഒരു മുണ്ടും നേര്യതും എനിക്ക് വാങ്ങി കൊണ്ട് തന്നു. ആ ഓണത്തിന് സദ്യയൊക്കെ വെച്ച് ഞങ്ങൾ എല്ലാവരും കഴിച്ചു. രണ്ട് ദിവസം സുകുവേട്ടൻ വീട്ടിലുമുണ്ടായിരുന്നു- മല്ലിക സുകുമാരൻ പറഞ്ഞു.
content highlight: mallika-sukumaran-open-up