Celebrities

‘സോമേട്ടന്റെ ചരമ വാര്‍ഷികത്തിന് ആ നടന്‍ ഹെലികോപ്റ്റര്‍ ചാര്‍ട്ട് ചെയ്ത് കേരളത്തില്‍ വന്നു’: രഞ്ജി പണിക്കര്‍

സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കി, ഹെലികോപ്റ്റര്‍ ചാര്‍ട്ട് ചെയ്ത് കേരളത്തില്‍ വന്നു

എഴുപതുകളില്‍ മലയാള ചലച്ചിത്രങ്ങളില്‍ നായകവേഷം കൈകാര്യം ചെയ്ത നടനായിരുന്നു എം ജി സോമന്‍. 24 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ഏകദേശം നാനൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. നാടകത്തിലൂടെയാണ് എംജി സോമന്‍ അഭിനയം ആരംഭിച്ചത്. 1970ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നു വിരമിച്ച സോമന്‍ 1972 മുതല്‍ നാടകരംഗത്തുണ്ട്. കൊട്ടാരക്കര ശ്രീധരന്‍ നായരുടെ സംഘത്തിലും കായംകുളം കേരള ആര്‍ട്സ് തിയേറ്റേഴ്സിലും സജീവമായിരുന്നു നടന്‍. ഇപ്പോളിതാ എം ജി സോമന്റെ ഉറ്റ സുഹൃത്ത് രഞ്ജി പണിക്കര്‍ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

‘സോമേട്ടന്റെ ഇരുപത്തിയഞ്ചാം ചരമവാര്‍ഷികത്തിന് അന്ന് കമല്‍ഹാസന്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കി, ഹെലികോപ്റ്റര്‍ ചാര്‍ട്ട് ചെയ്ത് കേരളത്തില്‍ വന്നു. കൊച്ചിയില്‍ വന്ന് ഹോട്ടലില്‍ റൂം എടുത്തിട്ട്, ഒരുപറ്റം അങ്കരക്ഷകര്‍ക്കൊപ്പം ഇവരുടെ മുഴുവന്‍ അകമ്പടിയോട് കൂടി ആ പരിപാടിയില്‍ വന്ന് പങ്കെടുത്തിട്ടു പോയി. അത് സ്‌നേഹം കൊണ്ടാണ്. അന്ന് അദ്ദേഹത്തിന് സോമേട്ടന്റെ പേരിലുള്ള ആദ്യത്തെ ഫൗണ്ടേഷന്റെ അവാര്‍ഡ് കൊടുത്തു. ആ തുകയും കൂടി അദ്ദേഹം ആ ഫൗണ്ടേഷന് സംഭാവന ചെയ്തിട്ടാണ് പോയത്. ഒരു മനുഷ്യനോട് മറ്റൊരു മനുഷ്യന് ഉണ്ടാകുന്ന സ്‌നേഹമാണത്. 25 വര്‍ഷത്തിനുശേഷം കമല്‍ഹാസന്‍ അദ്ദേഹത്തെ എത്ര അധികം ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്നത്് കൊണ്ടാണ് അങ്ങനെ അത്ര തിരക്കമുള്ള സമയത്ത് പോലും ഇവിടെ വന്നത്. കമല്‍ഹാസന് അന്ന് ഷൂട്ട് നടക്കുന്ന സമയമാണ്. ഒരാള്‍ മരിച്ച് 25 വര്‍ഷത്തിനുശേഷം അതേ തീവ്രതയോടു കൂടി ആളെ സ്‌നേഹിക്കണം എങ്കില്‍ ആള്‍ എന്തായിരുന്നിരിക്കണം.

എനിക്ക് ഏറ്റവും അടുപ്പമുള്ള ഒരു വ്യക്തിയായിരുന്നു സോമേട്ടന്‍. എന്റെ ധാരാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പലപ്പോഴും സുരേഷ് ഗോപിക്ക് കുതിരകയറാന്‍ ഒരു മേല്‍ ആപ്പീസര്‍, കമ്മീഷണറില്‍ കണ്ടപോലെ.. ഒരു വലിയേട്ടന്‍ ക്യാരക്ടര്‍. ഞാന്‍ ലേലം എന്ന സിനിമ എഴുതുന്നതിന് മുന്‍പ് ഒരു ദിവസം, എനിക്കറിയില്ല സോമേട്ടന്‍ സ്വന്തം ജീവിതത്തിന്റെ ഒരു വിലാപം മുന്‍കൂട്ടി കണ്ടിട്ടുണ്ടോ എന്ന്. എന്നോട് പറഞ്ഞിട്ടുണ്ട്, എടാ നിന്റെ കുറെ സിനിമകളില്‍ അവന്റെയും ഇവന്റെയും ഒക്കെ ആട്ടും തുപ്പും കൊണ്ട് ഞാന്‍ അഭിനയിച്ചിട്ടുണ്ട്. മരിക്കുന്നതിനു മുന്‍പ് ഒരു നല്ല വേഷം എഴുതി താടാ എന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. സ്‌നേഹം കൊണ്ട് പറഞ്ഞതാണ്. എന്നോട് അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം അത്രയധികം ഉണ്ടായിരുന്നു അദ്ദേഹത്തിന്.’ രഞ്ജി പണിക്കര്‍ പറഞ്ഞു.

മലയാറ്റൂര്‍ രാമകൃഷ്ണന്‍ രചിച്ച ഗായത്രി എന്ന സിനിമയിലെ വേഷത്തിന് ആളെ തിരയുന്ന സമയത്ത് കേരള ആര്‍ട്സ് തിയേറ്റേഴ്സിന്റെ രാമരാജ്യം എന്ന നാടകം കണ്ട മലയാറ്റൂര്‍ രാമകൃഷ്ണന്റെ ഭാര്യ വേണിയാണ് ഈ ചിത്രത്തില്‍ എംജി സോമനെ നായകനായി നിര്‍ദ്ദേശിച്ചത്. 1973-ല്‍ റിലീസായ ഗായത്രിയില്‍ ദിനേശ് എന്ന പേരിലാണ് അദ്ദേഹം ആദ്യമായി അഭിനയിച്ചത്. 1997ല്‍ പുറത്തിറങ്ങിയ ലേലമായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. ഈ ചിത്രത്തില്‍ അദ്ദേഹം ചെയ്ത ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി അറിയപ്പെടുന്നു. ലേലം നിറഞ്ഞ സദസ്സില്‍ ഓടുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഏറെക്കാലം വിവിധ രോഗങ്ങള്‍ അലട്ടിയ എംജി സോമന്‍ 56-ആമത്തെ വയസ്സില്‍ മഞ്ഞപ്പിത്തത്തെത്തുടര്‍ന്ന് 1997 ഡിസംബര്‍ 12-ന് അന്തരിച്ചു.

STORY HIGHLIGHTS: Renji Panicker about MG Soman, Kamal Haasan