Celebrities

‘ഇവരൊക്കെ എന്താണ് വിചാരിച്ചത്, എന്താണ് ഇവര്‍ പ്രതീക്ഷിക്കുന്നത്? ഞാന്‍ പോകണം എന്നാണോ?’: മിയ ജോര്‍ജ്

അതിപ്പോള്‍ എന്റെ ഒരു ടാസ്‌ക്കായിട്ട് മാറിയിരിക്കുകയാണ് എന്ന് എനിക്ക് മനസ്സിലായി

മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നടിയാണ് മിയ ജോര്‍ജ്. പ്രത്യേക അഭിനയ ശൈലികൊണ്ടും അഭിനയ മികവുകൊണ്ടും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് മിയ. ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ സിനിമയില്‍ മിയക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇതാ കുടുംബ ജീവിതം തുടങ്ങിയതിന് ശേഷം തനിക്ക് സിനിമയില്‍ നിന്ന് നേരിടേണ്ടി വന്ന ചോദ്യങ്ങള്‍ എന്തൊക്കെയായിരുന്നു എന്ന് പറയുകയാണ് നടി.

‘സിനിമ എന്ന് പറയുന്ന മേഖല നമുക്ക് ഇഷ്ടം ആയതിനാല്‍ ഇതിനകത്ത് സര്‍വൈവ് ചെയ്തുനിന്നു പോകണം എന്നുള്ള ആഗ്രഹത്തിലാണ് നമ്മള്‍ നില്‍ക്കുന്നത്. അപ്പോള്‍ വിവാഹം കഴിഞ്ഞിട്ട് ഇത് സ്റ്റോപ്പ് ചെയ്യണമെന്നുള്ള ഒരു ഉദ്ദേശവും എനിക്കില്ലായിരുന്നു. അപ്പോഴും ഞാന്‍ സിനിമയൊക്കെ കമ്മിറ്റ് ചെയ്യുന്നുണ്ടായിരുന്നു. അതുകഴിഞ്ഞിട്ട് പക്ഷെ കോവിഡും കാര്യങ്ങളും ഒക്കെയായി.. കോവിഡ് സമയത്തായിരുന്നു എന്റെ കല്ല്യാണവും. എന്നാലും കോവിഡ് ഭയങ്കരമായിട്ട് കൂടി.. ലോക്ക്ഡൗണിലേക്ക് പോയി. അതിനിടയില്‍ എന്റെ പ്രഗ്‌നന്‍സി കാര്യങ്ങളൊക്കെ വന്നു, ലോക്ക്ഡൗണ്‍ കഴിഞ്ഞപ്പോഴേക്ക് എന്റെ ഡെലിവറി കാര്യങ്ങളൊക്കെ കഴിഞ്ഞു.’

‘പക്ഷെ ഇതിനകത്ത് വന്നൊരു കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാല്‍, ഞാന്‍ ഇതിനകത്ത് കണ്ടിന്യൂ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടായിരുന്നു. എന്നാല്‍ കുറച്ച് ആളുകള്‍ എന്നോട് ചോദിച്ചു, അതായത് സിനിമ കണ്‍ട്രോളര്‍മാര്‍ ഒരു രണ്ടുമൂന്നു പേര് ഉള്‍പ്പെടെ എന്നോട് ചോദിച്ചു, ഇനി സിനിമ ചെയ്യുമോ, ഇനി ചെയ്യുന്നുണ്ടോ, ഇനി അഭിനയിക്കുമോ എന്നൊക്കെ. ഒരാളായി, രണ്ടാളായി, മൂന്നാമത്തെ ആളായി.. അങ്ങനെയായപ്പോള്‍ എനിക്ക് ഭയങ്കര ഷോക്കിംഗ് ആയി തുടങ്ങി. അപ്പോള്‍ ഇവരൊക്കെ എന്താണ് വിചാരിച്ചത്.. അല്ലെങ്കില്‍ എന്താണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.. ഞാന്‍ പോകണം എന്നാണോ?’

‘അല്ലെങ്കില്‍ ഞാന്‍ വരില്ല എന്നാണോ ഉദ്ദേശിച്ചത്? അപ്പോള്‍ എനിക്ക് തോന്നി ഞാനിത് മനസ്സിലാക്കി കൊടുക്കണം. അതിപ്പോള്‍ എന്റെ ഒരു ടാസ്‌ക്കായിട്ട് മാറിയിരിക്കുകയാണ് എന്ന് എനിക്ക് മനസ്സിലായി. ഞാന്‍ ഇവിടെയുണ്ട്, ഞാന്‍ ഇനിയും ജോലി ചെയ്യും, എന്ന് കാണിച്ചു കൊടുക്കുക എന്നുള്ളത് എന്റെ ഒരു ടാസ്‌ക് ആയി മാറി. എനിക്ക് സിനിമയില്‍ നിന്ന് ഇഷ്ടംപോലെ ശമ്പളം കിട്ടാന്‍ ബാക്കിയുണ്ട്. ഇപ്പോഴും ഉണ്ട്. ചില സമയത്ത് നമ്മള്‍ ചോദിക്കും, എന്റെ കാര്യത്തില്‍ സിനിമ എപ്പോഴും എനിക്ക് അഭിനയിക്കാന്‍ ഇഷ്ടമുള്ളതാണ്. സ്നേഹം കൊണ്ടാണ് നമ്മള്‍ സിനിമയിലേക്ക് വരുന്നത്.’

‘നമ്മുടെ ഒരു ജോലിയാണ്. എന്നാല്‍ അതിനേക്കാള്‍ ഇഷ്ടത്തോടെയാണ് സിനിമയിലേക്ക് വരുന്നത്. അതായത് അഡ്വാന്‍സ് മാത്രം കിട്ടിയ സിനിമ പോലും എനിക്കുണ്ട്. ഇഷ്ടംപോലെയുണ്ട്. ഇഷ്ടംപോലെ സിനിമകളില്‍ നിന്ന് എനിക്ക് ശമ്പളമായി കിട്ടാനുണ്ട്. നമ്മള്‍ ചോദിച്ചുകൊണ്ടിരിക്കും. പക്ഷെ കിട്ടണമെന്നില്ല. അഞ്ചുകൊല്ലം കഴിഞ്ഞ് ചോദിച്ചാലും കുറച്ച് പ്രശ്നത്തിലാണ് എന്നാണ് അവര്‍ പറയുക. കിട്ടുമ്പോള്‍ ആദ്യം നിങ്ങളെ സെറ്റില്‍ ചെയ്യും എന്ന് പറയും. നമുക്കിപ്പോള്‍ ചെന്ന് ആരുടെയും കൊങ്ങയ്ക്ക് കുത്തിപ്പിടിച്ച് ഗുണ്ടായിസം കാണിക്കാന്‍ ഒന്നും പോകുന്നില്ല. ആ ഒരു പ്രഷര്‍ എടുക്കുന്നില്ല.’ മിയ പറഞ്ഞു.