പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയും വേറിട്ട സിനിമാസ്വാദനം സമ്മാനിക്കുകയും ചെയ്ത സിനിമകളാണ് ആട് ഒന്നും രണ്ടും ഭാഗങ്ങൾ. ജയസൂര്യയെ നായകനാക്കി മിഥുന് മാനുവല്‍ തോമസ് ഒരുക്കിയ ആട് എന്ന ചിത്രത്തിന് മൂന്നാം ഭാഗം വരുന്നു. ‘ആട് 3 – വണ്‍ ലാസ്റ്റ് റൈഡ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സംവിധായകന് മിഥുന് മാനുവല്‍ തോമസ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ വിവരം പുറത്തുവിട്ടത്.
ജയസൂര്യയെ നായകനാക്കി ഫ്രൈഡേ ഫിലിം ഹൌസ് ഒരുക്കിയ ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ പ്രേക്ഷകരുടെ ഇടയിൽ വലിയ തരംഗമായിരുന്നു. തിരക്കഥയുടെ ആദ്യ പേജുള്ള കംപ്യൂട്ടര്‍ സ്ക്രീനിന്റെ ചിത്രത്തോടൊപ്പം ‘കുറച്ചു നാളായി അകലെയായിരുന്നു, വിദൂര ഭൂതകാലത്തിലേക്കും പ്രക്ഷുബ്ധമായ വർത്തമാനകാലത്തിലുമുള്ള യാത്രകൾക്കൊടുവിൽ ഏറെ ആഗ്രഹിച്ച അവസാന യാത്രയ്ക്ക് ഒരുങ്ങുകയാണ്’ എന്ന അടിക്കുറിപ്പോടെയാണ് മിഥുന് മാനുവല്‍ തോമസ് ചിത്രം പ്രഖ്യാപിച്ചത്.
ജയസൂര്യ, വിനായകന്, സണ്ണി വെയ്ന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് ഉള്‍പ്പടെയുള്ള താരങ്ങളെ അണിനിരത്തിയാകും ആടിന്റെ മൂന്നാം ഭാഗം ഒരുങ്ങുക. ‘ആട് ഒരു ഭീകരജീവിയാണ്’, ‘ആട് 2’ എന്നീ സിനിമകൾക്ക് ഇപ്പോഴും ആരാധകർ ഏറെയാണ്. വീണ്ടും അവതരിപ്പിക്കുന്ന ‘ആട് 3’ ആരാധകരുടെ പ്രതീക്ഷയും വാനോളം ഉയർത്തുകയാണ്.
STORY HIGHLIGHT: aadu-3 one last ride announced