മലയാളത്തില്‍ ഒരുപാട് മികച്ച റോളുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ഒരു നടനാണ് അപ്പ ഹാജ. നടന്‍ ഇപ്പോള്‍ സിനിമയില്‍ അധികം സജീവമല്ല. തിരുവനന്തപുരത്ത് ഹോട്ടല്‍ ബിസിനസ് നടത്തുകയാണ് ഇപ്പോള്‍. നടന്‍ കൃഷ്ണകുമാറിന്റെ കുടുംബവുമായി അപ്പ ഹാജയ്ക്കുള്ള സുഹൃത്ത് ബന്ധം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതാ കൃഷ്ണകുമാറിനെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചും സംസാരിക്കുകയാണ് നടന്‍.
‘ഓസിയുടെ കല്ല്യാണത്തിന് പോയിട്ടുണ്ടായിരുന്നു. ഞാനും കിച്ചുവും ഒന്നിച്ചുള്ള സമയത്ത് ഉണ്ടായിരുന്നത് അമ്മുവും ഓസിയും ആയിരുന്നു. പക്ഷെ അമ്മൂവിനെയാണ് ഏറ്റവും കൂടുതല്‍ പുന്നാരിച്ചേക്കുന്നത്. മറ്റേ രണ്ട് പിള്ളേര് വന്നപ്പോഴേക്ക് ഞാനും കിച്ചവും പിന്നെ പഴയപോലെ കാണാതായി. അമ്മുവിനോടും ഓസിയോടുമാണ് കൂടുതല്‍ അടുപ്പം. എല്ലാവരോടും അടുപ്പം തന്നെ, പക്ഷെ ഇവരാണ് കുറച്ചുകൂടെ ഞാനും കിച്ചുവും ഒരുമിച്ച് ഉണ്ടായിരുന്ന സമയത്ത് ഉണ്ടായിരുന്നത്. ഇവരെന്നെ ഹാജാ മാമാ എന്നാണ് വിളിക്കുന്നത്. എനിക്കത് ഭയങ്കര ഇഷ്ടമാണ്. ഇപ്പോഴും അവരുമായിട്ട് കോണ്‍ടാക്ട് ഒക്കെ ഉണ്ട്. കിച്ചുവും വിളിക്കും സിന്ധുവും വിളിക്കും.’
‘ഓസിയുടെ കാര്‍ എടുക്കാന്‍ പോയപ്പോള്‍ ഞാന്‍ തന്നെ പുറത്തെടുത്തു കൊടുക്കണം എന്ന് പറഞ്ഞിരുന്നു. ഷോറൂമില്‍ നിന്ന് ഡെലിവറി എടുത്തു കൊടുക്കാന്‍ എന്റെ വീട്ടില്‍ വന്ന് എന്നെയും വിളിച്ചു കൊണ്ടാണ് പോയത്. ഞാനാണ് എടുത്തുകൊടുക്കാന്‍ പോയത്. പണ്ട് ഞാന്‍ തിരുവനന്തപുരത്ത് ചെല്ലുന്ന സമയത്ത് ഞാന്‍ ഒറ്റയ്ക്കായിരുന്നു. അത് കഴിഞ്ഞാണ് കല്ല്യാണം ഒക്കെ ആയത്. അന്ന് തൊട്ടേ ഞാനും കിച്ചുവും എപ്പോഴും ഒരുമിച്ചാണ്. എന്റെ കസിന്റെ നെയ്ബര്‍ ആയിരുന്നു കിച്ചു. കസിന്റെ വീട്ടില്‍ പോയപ്പോഴാണ് കിച്ചുവിനെ ആദ്യമായി പരിചയപ്പെടുന്നത്. അങ്ങനെ ഞങ്ങള്‍ ഭയങ്കര അടുപ്പമായി.’
‘ചിലപ്പോള്‍ കിച്ചു വര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് ഞാന്‍ കിച്ചുവിനെ കൊണ്ടുവിടും. എന്നിട്ട് ഞാന്‍ കടയില്‍ വരും. കിച്ചു വര്‍ക്ക് കഴിഞ്ഞ് കടയിലേക്ക് വരും. ഞങ്ങള്‍ പുറത്തു പോയി ഭക്ഷണം കഴിക്കും. ഒരുമിച്ച് കിടന്നുറങ്ങും. അപ്പോള്‍ കിച്ചു ഇങ്ങനെ പറയാറുണ്ട്, വര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് ഒരു കുട്ടി വരാറുണ്ട്, നല്ല കുട്ടിയാണ്, എനിക്ക് കല്ല്യാണം കഴിച്ചാല്‍ കൊള്ളാമെന്നൊക്കെ ഉണ്ട് എന്ന്.’
‘അങ്ങനെ ഇടയ്ക്കിടയ്ക്ക് പറയുന്നതല്ലാതെ ആരാണ് എന്താണ് എന്നൊന്നും നമുക്ക് അറിയില്ലല്ലോ. ഒരു ദിവസം എന്റെ കടയില്‍ ചെരുപ്പ് വാങ്ങിക്കാന്‍ വേണ്ടി പുള്ളിക്കാരി വന്നു. ഞാന്‍ അകത്തായിരുന്നു. അന്നേരം പുള്ളി വന്ന് എന്നോട് പറഞ്ഞു ഇതാണ് ഞാന്‍ ഇടയ്ക്കിടയ്ക്ക് പറയാറുള്ള കുട്ടിയെന്ന്. അപ്പോള്‍ ഞാന്‍ വിചാരിച്ചു ഇയാള്‍ കുറെ നാളായല്ലോ പറയന്നു, അങ്ങനെ ഞാന്‍ പുള്ളിക്കാരിയുടെ അടുക്കല്‍ ചെന്ന് പറഞ്ഞു, ഒരാള്‍ക്ക് തന്നെ കല്ല്യാണം കഴിച്ചാല്‍ കൊള്ളാമെന്നുണ്ടെന്ന്. അങ്ങനെയാണ് അവര്‍ തുടങ്ങുന്നത്. പിന്നെ അതൊരു പ്രണയമായി. കല്യാണത്തില്‍ അവസാനിച്ചു.’ അപ്പ ഹാജ പറഞ്ഞു.