Movie News

പ്രേക്ഷക മനസ്സിൽ നൂറായിരം ചോദ്യങ്ങൾ ഉയർത്തി ‘ബോഗയ്‌ന്‍വില്ല’ ട്രെയിലർ പുറത്ത് – amal neerad movie bouganvillea trailer out

ചിത്രം ഈ മാസം 17ന് തിയേറ്ററുകളിലെത്തും

അടിമുടി ദുരൂഹതയുമായി അമൽ നീരദ് ചിത്രം ‘ബോഗയ്‌ന്‍വില്ല’യുടെ ട്രെയിലർ പുറത്ത്. പ്രേക്ഷക മനസ്സുകളിൽ നൂറായിരം ചോദ്യങ്ങൾ ഉയർത്തുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും കോർത്തിണക്കിയ ട്രെയിലർ സിനിമയ്ക്കായി അക്ഷമരായി കാത്തിരിക്കാൻ ആസ്വാദകരെ പ്രേരിപ്പിക്കുന്നതാണ്. ചിത്രം ഈ മാസം 17ന് തിയേറ്ററുകളിലെത്തും.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെയെല്ലാം ക്യാരക്ടർ പോസ്റ്ററുകള്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ റോയ്സ് തോമസായെത്തുന്ന കുഞ്ചാക്കോ ബോബൻ, ഡേവിഡ് കോശിയായെത്തുന്ന ഫഹദ് ഫാസിൽ, റീതുവായെത്തുന്ന ജ്യോതി‍ർമയി, ബിജുവായെത്തുന്ന ഷറഫുദ്ദീൻ, രമയായെത്തുന്ന ശ്രിന്ദ, മീരയായെത്തുന്ന വീണ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകൾക്ക് വലിയ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ ട്രെയിലർ എത്തിയിരിക്കുന്നത്.

സിനിമയിലേതായി പുറത്തിറങ്ങിയ ഗാനങ്ങൾ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ തന്നെ പ്രേക്ഷകരേവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ബോഗയ്‌ന്‍വില്ല’. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം എന്നതിലുപരി ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

Story highlight: amal neerad movie bouganvillea trailer out