600ൽ അധികം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ച മലയാളത്തിന്റെ പ്രിയതാരമാണ് ടി.പി മാധവൻ. വാർധക്യ കാലത്ത് പത്തനാപുരത്ത് ഗാന്ധിഭവനിൽ ഓർമകൾ നഷ്ടപ്പെട്ട് കഴിയുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ മടക്കം. ഒരു കാലത്ത് മോഹൻലാൽ മമ്മൂട്ടി സിനിമകളിൽ ടി.പി മാധവൻ സ്ഥിരം സാന്നിധ്യമായിരുന്നു.
മറവി പിടികൂടിയതോടെ കാണാൻ ആഗ്രഹിച്ചവരെയും ഉറ്റവരെയും കുറിച്ചുള്ള ഓർമകൾ നഷ്ടപ്പെട്ടു. വേദനിപ്പിക്കുന്ന ഓർമകളൊന്നും അലോസരപ്പെടുത്താതെ ഗാന്ധിഭവനിലെ അന്തേവാസികൾക്കൊപ്പം ശിഷ്ടകാലം കഴിച്ച് കൂട്ടുകയായിരുന്നു താരം. അമ്മ സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറിയൊക്കെ ആയിരുന്നു ടി.പി മാധവൻ.
പക്ഷെ പിന്നീട് തന്റെ സഹപ്രവർത്തകരുമായൊന്നും താരം ബന്ധം പുലർത്തിയില്ല. പലരുടെയും മുഖങ്ങളും പേരുകളും വരെ മറന്ന് പോയി. മലയാള സിനിമയിൽ നിന്നുള്ള വളരെ ചുരുക്കം താരങ്ങൾ മാത്രമാണ് മാധവനെ സന്ദർശിക്കാൻ ഗാന്ധി ഭവനിൽ എത്തിയിട്ടുള്ളത്. സുരേഷ് ഗോപി, ഗണേഷ് കുമാർ, ജയരാജ് വാര്യർ, നടി ചിപ്പി, താരത്തിന്റെ ഭർത്താവും നിർമാതാവുമായ എം.രഞ്ജിത്ത്, മധുപാൽ തുടങ്ങിയവരാണ് അവർ.
ഇടയ്ക്കിടെ ടി.പി മാധവനെ കുറിച്ചുള്ള കുറിപ്പുകൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. പ്രസാദ് നൂറനാടാണ് ടി.പി മാധവനെ എട്ട് വർഷം മുമ്പ് ഗാന്ധി ഭവനിൽ എത്തിച്ചത്. ഗാന്ധി ഭവനിൽ വന്നശേഷവും അദ്ദേഹം ചില സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിരുന്നു. ശേഷമാണ് മറവി രോഗം പിടിപെട്ടത്. ഗാന്ധിഭവനിലെ പ്രധാന ഓഫീസിന് മുകളിലുള്ള മുറിയാണ് ടി.പി മാധവൻ താമസിക്കുന്നത്. അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങളും മറ്റും ഈ മുറിയിൽ തന്നെ സൂക്ഷിച്ച് വെച്ചിട്ടുണ്ട്.
പ്രേം നസീർ പുരസ്‌കാരം, രാമു കാര്യാട്ട് അവാർഡ് എന്നീ രണ്ടു പ്രമുഖ പുരസ്‌കാരങ്ങൾ അദേഹത്തിന് ലഭിച്ചത് ഗാന്ധി ഭവനിൽ എത്തിയശേഷമാണ്. എട്ട് വർഷത്തിനിടെ അദ്ദേഹത്തെ കാണാൻ ചലച്ചിത്ര മേഖലയിൽ നിന്ന് വിരലിൽ എണ്ണാവുന്നവർ മാത്രമാണ് എത്തിയത്. പത്തനാപുരത്തിന്റെ എംഎൽഎ കൂടിയായ കെ.ബി ഗണേഷ്‌കുമാർ ഇടക്കിടെ അദ്ദേഹത്തെ സന്ദർശിക്കാറുണ്ട്.
സുരേഷ് ഗോപി വന്ന് കണ്ട് സഹായങ്ങൾ ചെയ്തിരുന്നു. നടി ചിപ്പിയും ഭർത്താവ് രഞ്ജിത്തും, ജയരാജ് വാര്യർ, മധുപാൽ തുടങ്ങി ചുരുക്കം ചിലർ മാത്രമാണ് അദ്ദേഹത്തെ സന്ദർശിക്കാൻ എത്തിയിട്ടുള്ളത് എന്നാണ് ഗാന്ധിഭവന്റെ നടത്തിപ്പുകാരിൽ ഒരാളായ അമൽ രാജ് പറഞ്ഞത്.
സിനിമയിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ആശ്രമ ജീവിതം ആഗ്രഹിച്ച് ഹരിദ്വാറിലേക്ക് പോയ ടി.പി. മാധവന് അവിടെവച്ച് പക്ഷാഘാതം സംഭവിക്കുകയും ഹരിദ്വാറിലെ സന്ന്യാസിമാരും മറ്റും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സിക്കുകയും ഏകദേശം നടക്കാമെന്നായപ്പോള്‍ അവര്‍ ചേര്‍ന്ന് തിരികെ നാട്ടിലേക്ക് അയയ്ക്കുകയുമായിരുന്നു. തിരുവനന്തപുരത്തെത്തി ഒരു ലോഡ്ജ് മുറിയില്‍ ദുരിതപൂര്‍ണമായ ജീവിതം നയിച്ചുവന്ന അദ്ദേഹം ഒടുവില്‍ ഗാന്ധി ഭവനിലേക്ക് എത്തുകയായിരുന്നു. 2016 ഫെബ്രുവരി 28 നാണ് ഗാന്ധിഭവനിലെത്തുന്നത്.
ടി പി മാധവന്റെ വാക്കുകൾ :
‘‘അറുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. ഇനി ആരുമറിയാതെ എവിടെയെങ്കിലും പോയി സ്വച്ഛമായി ഇരിക്കാം എന്നുള്ള ഉദ്ദേശമായിരുന്നു എന്റേത്. ഞാനൊരു ഈശ്വര വിശ്വാസി കൂടി ആയതുകൊണ്ട് ഹരിദ്വാറിലേക്ക് പോയി. അവിടെയൊരു അയ്യപ്പക്ഷേത്രം ഉള്ളത് എനിക്ക് അറിയാം. അവിടെ മുൻപ് ഞാൻ താമസിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ ആളുകൾ അങ്ങനെ രാഷ്ട്രീയം സംസാരിക്കലില്ല. രാഷ്ട്രീയം തന്നെ എന്താണെന്ന് അറിയില്ല. കൊടികളില്ല. പത്രങ്ങളില്ല. അഭയസ്തവിദ്യരായ ആളുകൾ കുറവാണ്. അയ്യപ്പക്ഷേത്രത്തിൽ താമസിക്കാൻ അഞ്ചാറു മുറികളുണ്ട്. അവിടുത്തെ ട്രസ്റ്റിയെ ഞാൻ അറിയും. അങ്ങനെ അവിടെ പോയി താമസിക്കാമെന്നാണ് ഞാൻ കരുതിയത്. ‘അമ്മ’യുടെ പെൻഷനും കിട്ടും. അതു വച്ച് ജീവിക്കാം എന്നു കരുതിയാണ് പോയത്.
പക്ഷേ, അവിടെ ചെന്നപ്പോൾ ഞാൻ സ്റ്റൂളിൽ നിന്ന് താഴെ വീണതും കഷ്ടകാലത്തിന് അവിടെയുണ്ടായിരുന്ന ഒരു മലയാളി ചായക്കടക്കാരൻ ഒരു സ്വകാര്യ ടെലിവിഷൻ ചാനലിനെ വിളിച്ച് അറിയിക്കുകയും ഞാനെന്തോ വയ്യാതെ കിടക്കുകയാണെന്ന മട്ടിൽ വാർത്ത പ്രചരിക്കുകയും ചെയ്തു. അടുത്ത ദിവസം ഞാൻ നോക്കുമ്പോൾ എന്റെ അനിയത്തിമാരും മറ്റും ടിക്കറ്റ് ഒക്കെ എടുത്ത് അവിടെ വന്നിരിക്കുകയാണ്. എന്നെ തിരിച്ചു കൊണ്ടുപോകാൻ! ഞാൻ പിന്നെ അവിടേക്ക് തന്നെ തിരിച്ചു പോകാമെന്നു കരുതി ഇരിക്കുമ്പോഴാണ് എന്റെ സുഹൃത്തും സംവിധായകനുമായ നൂറനാട് പ്രസാദ് പത്തനാപുരത്തെ ഗാന്ധിഭവനെക്കുറിച്ചു പറയുന്നത്. ചേട്ടന് ആശ്രമവാസം പോലെ കഴിയാവുന്ന ഇടത്ത് കൊണ്ടാക്കാം എന്നു പറഞ്ഞാണ് അവിടേക്ക് പോകുന്നത്.
സത്യമാണ്. അത് ഒരു ആശ്രമം തന്നെയാണ്. ഹരിദ്വാറിലേക്ക് തിരികെ പോകാതിരുന്നത് നന്നായി. ഏഷ്യയിലെ ഏറ്റവും ശുചിത്വമുള്ള ആതുരാലയമായി ഏഷ്യൻ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ സ്ഥാപനമാണ് അത്. അവിടെയാണ് ഞാൻ താമസിക്കുന്നത്. പത്തനാപുരത്ത് ആയതുകൊണ്ട് ഒരുപാട് സിനിമാക്കാരും രാഷ്ട്രീയക്കാരും അവിടെ വരുന്നുണ്ട്. അവിടെ എന്നും ഞങ്ങളുടെ ഒരു സർവമത പ്രാർഥനയുണ്ട്. ഒരുപാട് വിഐപികൾ അവിടെ വന്ന് പ്രസംഗിക്കാറുണ്ട്. അതുകൊണ്ട് എനിക്ക് ഒരു മുഷിച്ചലുമില്ല. ഇവരെയൊക്കെ കാണുമ്പോൾ കൂടുതൽ ഊർജം കിട്ടുകയാണ്. രോഗം വന്നവരോട് ദയ കാണിക്കുകയും അല്ലാത്തവരോട് ആദരവ് കാണിക്കുകയും ചെയ്തതുകൊണ്ട് മുന്നോട്ടു പോവുകയാണ്. ഇതെല്ലാം ചെയ്യുന്നതിൽ ഞാനേറെ സന്തോഷവാനാണ്.’’
content highlight: tp-madhavan-health-issues