നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു ഫാൻ്റസി മലയാള ചിത്രമാണ് ബറോസ്. മോഹൻലാൽ തന്നെ പ്രധാന കഥാപാത്രമാണ് എത്തുന്ന ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുകയാണ്. ഇപ്പോഴിതാ ബറോസിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ് പ്രവാസി ജോര്‍ജ് തുണ്ടിപ്പറമ്പില്‍. സിനിമയ്ക്കെതിരെ എറണാകുളം ജില്ലാ കോടതിയില്‍ ആണ് ജോർജ് ഹർജി നല്‍കിയിരിക്കുന്നത്.
‘ബറോസ്, ഗാര്‍ഡിയന്‍ ഓഫ് ദ ഗാമാസ് ട്രഷര്‍’ എന്ന സിനിമ തന്റെ ‘മായ’ എന്ന നോവലിന്റെ പകര്‍പ്പവകാശ ലംഘനമാണെന്നാണ് ജോര്‍ജ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനും നടനുമായ മോഹന്‍ലാല്‍, തിരക്കഥ ഒരുക്കിയ ജിജോ പുന്നൂസ്, ടി കെ രാജീവ് കുമാര്‍, നിർമാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്കെതിരെയാണ് ജോര്‍ജ് കേസ് കൊടുത്തിരിക്കുന്നത്. 2024 ജൂലൈയിൽ പകര്‍പ്പവകാശ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജോര്‍ജ് മോഹന്‍ലാല്‍ അടക്കം 4 പേര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
എന്നാല്‍ 2024 ഓഗസ്റ്റ് 11 ന് നല്‍കിയ വക്കീല്‍ നോട്ടീസിനുള്ള മറുപടിയില്‍ അണിയറക്കാർ പകര്‍പ്പവകാശ ലംഘനം നിഷേധിച്ചിരുന്നു. എന്നാല്‍ തന്റെ കൃതിയുടെ തനിപ്പകര്‍പ്പാണ് ചിത്രമെന്നാണ് ജോർജ് നൽകിയ ഹർജിയിൽ ആരോപിക്കുന്നത്.
2019 ഏപ്രിലിൽ ഔദ്യോഗികമായി പ്രഖ്യാപിച്ച ചിത്രത്തിൽ വാസ്‌കോഡി ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം 3ഡിയിലാണ് എത്തുന്നത്. ഇന്ത്യയിലെ ആദ്യത്തെ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുങ്ങുന്നത്.
STORY HIGHLIGHT: mohanlals barroz copyright controversy