കോഴിക്കോട്: നാടക, സിനിമാ ഗായിക മച്ചാട്ട് വാസന്തി (81) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. കോഴിക്കോട് ഫറൂക്ക് കോളജിന് സമീപത്താണ് താമസിച്ചിരുന്നത്.
തുടര്‍ച്ചയായി ഉണ്ടായ അപകടങ്ങളില്‍പെട്ട് പൂര്‍ണ്ണമായും കിടപ്പിലായ വാസന്തി ഏറെ നാളായി ചികിത്സയിലായിരുന്നു. നാടക, സിനിമ ഗാനങ്ങളിലൂടെ മലയാളികളുടെ മനകവര്‍ന്ന ഗായികയാണ് മച്ചാട്ട് വാസന്തി. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
സംഗീതജ്ഞന് ബാബുരാജിന്റെ പ്രിയപ്പെട്ട ഗായികയായ മച്ചാട്ട് വാസന്തി നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുണ്ട്. കേരളം ഏറ്റുപാടിയ പച്ചപ്പനം തത്തേ ഉള്‍പ്പെടെയുള്ള പഴയകാല ഗാനങ്ങള്‍ പാടിയ പ്രതിഭയാണ് മച്ചാട്ട് വാസന്തി.
ഓളവും തീരവും സിനിമയിലെ മണിമാരൻ തന്നത് പണമല്ല, പൊന്നല്ല എന്ന മച്ചാട്ട് വാസന്തി പാടിയ പാട്ട് അന്നത്തെ സൂപ്പര്‍ ഹിറ്റായിരുന്നു. ബാബുരാജിന്റെ ആദ്യ സിനിമ മിന്നാമിനുങ്ങിലെ ആദ്യ പാട്ടും പാടിയതും വാസന്തിയാണ്. മീശ മാധവനിലും മച്ചാട്ട് വാസന്തി പാടിയിട്ടുണ്ട്.
ചില നാടകങ്ങളിലും സിനിമകളിലും ചെറിയ വേഷങ്ങളില്‍ വാസന്തി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കുറേക്കാലം സിനിമാ നാടക രംഗത്ത് സജീവമല്ലാതിരുന്ന വാസന്തി പിന്നീട് മീശമാധവനിലെ പത്തിരി ചുട്ടു വിളമ്പി എന്ന പാട്ടിനാണ് വര്‍ഷങ്ങള്‍ക്കുശേഷം ശബ്ദം കൊടുക്കുന്നത്. ഇതിനുശേഷം വടക്കുംനാഥന് എന്ന ചിത്രത്തിലും ഗാനം ആലപിച്ചു.