മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്മാന് നായകനായി എത്തുന്ന ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ റിലീസാണ് തെലുങ്ക് ചിത്രമായ ലക്കി ഭാസ്കര്‍. ഒക്ടോബര്‍ 31 നു ദീപാവലി റിലീസായി എത്തുന്ന ഈ ചിത്രം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററുകളിലെത്തുന്ന ദുല്‍ഖര്‍ ചിത്രമെന്ന പ്രത്യേകതയുമുണ്ട്. 100 കോടി ബജറ്റിലാണ് ഈ പിരീഡ് ഡ്രാമ ത്രില്ലര്‍ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇത്ര വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രത്തെ കാത്തിരിക്കുന്നത് വമ്പന്‍ നഷ്ടമായിരിക്കുമോ അതോ ലാഭമായിരിക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. നൂറ് കോടിയിലധികം തിരിച്ചു നേടാന്‍ ഈ ചിത്രത്തിന് കഴിയുമോ എന്നതാണ് ഏറ്റവും വലിയ ചോദ്യം.
1980-1990 കാലഘട്ടങ്ങളില്‍ നടക്കുന്ന കഥ പറയുന്ന ചിത്രം, അന്നത്തെ മുംബൈ നഗരത്തെ അതുപോലെ പുനര്‍സൃഷ്ടിച്ചിരിക്കുകയാണ്. ഹൈദരാബാദില്‍ ഒരുക്കിയ വമ്പന്‍ സെറ്റുകളിലാണ് ചിത്രീകരണം നടന്നത്. അത്കൊണ്ട് തന്നെയാണ് ഇത്രയും വലിയ ബജറ്റി ലേക്ക് ചിത്രമെത്തിയത്. ഈ ധാരാളിത്തം വലിയ നഷ്ടത്തിലേക്ക് ചിത്രത്തെ എത്തിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. യുവ പ്രേക്ഷകരേയും കുടുംബപ്രേക്ഷകരേയും ഒരുപോലെ ലക്ഷ്യം വെക്കുന്ന ചിത്രം, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് പ്രദര്‍ശനത്തിനെത്തുക. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ കോടികള്‍ കൊയ്യുമോ അതോ വമ്പന്‍ നഷ്ടത്തിന്റെ കണക്കുകള്‍ രേഖപ്പെടുത്തുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.