ലിജോ ജോസ് പെല്ലിശ്ശേരി നിര്‍മ്മിച്ച ‘മൊളഞ്ഞി’ എന്ന ഹ്രസ്വ ചിത്രം കാന്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവലിന്റെ അവസാന റൗണ്ടില്‍. മഹേഷ് എസ് മധു സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമാണ് മികച്ച നേട്ടത്തിന് അരികില്‍ എത്തിയത്. ഹ്രസ്വ ചിത്ര വിഭാഗത്തിലേക്കാണ് ‘മൊളഞ്ഞി’ തിരഞ്ഞെടുക്കപ്പെട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കലാമൂല്യമുള്ള സിനിമകള്‍ കാന്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കാറുണ്ട്.
ഫാര്‍മേഴ്സ് ഷെയര്‍ പ്രൊഡക്ഷന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സംവിധായകന് മഹേഷ് മധുവും ശര്‍മിള്‍ ശിവരാമനും ചേര്‍ന്നാണ്. ഫാര്‍മേഴ്സ് ഷെയറിന്റെ ബാനറില്‍ വിജയ് ഗോവിന്ദ് നാഥും ആബ്രുസ് കൂലിയത്തുമാണ് നിര്‍മ്മാണം. മൃദുല്‍ എസ് ഛായാഗ്രഹണവും, ഗോപാല്‍ സുധാകര്‍ ചിത്രസംയോജനവും നിര്‍വഹിച്ച ഹ്രസ്വ ചിത്രത്തിന് സംഗീതം ഒരുക്കിയിയത് വൈശാഖ് സോമനാഥാണ്. സിങ്ക് സൗണ്ട് എല്‍ദോസ് ഐസക്ക്, സൗണ്ട് ഡിസൈന്‍ & മിക്സിംഗ് സഞ്ജു മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ റാഷിദ് അഹമ്മദ്, അമല്‍ സേവിയര്‍, മേക്കപ്പ് സിമി മേരി, കളറിങ് രവിശങ്കര്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.
നാല് സഹോദരിമാര്‍ കുടുംബത്തിലെ ഒരടിയന്തര ഘട്ടത്തില്‍ ഒന്നിച്ച് കൂടുകയും കുട്ടിക്കാല ഓര്‍മ്മകളിലൂടെ സഞ്ചരിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവ്യത്തം. ‘ചക്കയരക്ക്’ പോലെ ഇഴുകി ചേര്‍ന്ന ബന്ധങ്ങളുടെ കഥയാണ് ‘മൊളഞ്ഞി’ ചര്‍ച്ച ചെയ്യുന്നത്. കേരളത്തിലെ ഗ്രാമീണ ജീവിത സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്ന ചിത്രം ഇതിനകം തന്നെ പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്.