കർണാടകയിലെ പേര് കേട്ട ഒരു ക്ഷേത്രമാണ് ആയിരം തൂണുകൾ ഉള്ള ക്ഷേത്രം. മൂടബിദിരെ ആണ് പിന്നീട് മൂഡബിദ്രി ആയി മാറിയത്. മൂട കിഴക്കും ബിദിരി മുളയുമാണ്.ൽ എന്നാണ് അർഥം. പണ്ട് ഈ സ്ഥലത്ത് ഒരുപാട് മുളകൾ ഉണ്ടായിരുന്നത്രേ. ഒന്നു പോലും ഇപ്പോൾ അവിടെ കാണാൻ സാധിക്കുന്നില്ല. ജൈനക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട സാവിര കമ്പട ബസദി ആണ് മൂഡബിദ്രിയിലെ വലിയൊരു പ്രത്യേകത.
സാവിര എന്നാൽ ആയിരം ബസദി ക്ഷേത്രം ആണ്. ത്രിഭുവന തിലക ചൂഢാമണി എന്ന പേരാണ് ക്ഷേത്ര വാതിലിൽ ആലേഖനം ചെയ്തിരിക്കുന്നത് . പുറകിൽ കാണുന്നത് പശ്ചിമഘട്ടമാണ്. ജൈനവാസ്തുവിദ്യയുടെ പ്രധാനപ്പെട്ട സ്ഥലം കൂടിയാണ് ഇത്. ആയിരം തൂണുകളാലാണ് ഈ ഒരു ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഓരോ തൂണുകളും ഒന്നിനൊന്ന് വ്യത്യസ്തമാണ്. ഓരോ തൂണുകളിലേയും കൊത്തുപണികളും അവയുടെ വിന്യാസവും കോവിലിനുള്ളിലെ തറയും ജ്യാമിതീയത്തിന്റെ സൗന്ദര്യം നിറഞ്ഞു നില്കുന്നത് ആണ്.
ധ്യാനഭാവത്തിലുള്ള ചന്ദ്രപ്രഭ എന്ന ജൈന തീർത്ഥങ്കരനാണ് ഇവിടുത്തെ പ്രധാന ആരാധനാ മൂർത്തി. പതിനഞ്ചാം നൂറ്റാണ്ടിലാണ് വിജയനഗര രാജാവായ ദേവരായ വോഡയാർ ബസദി നിർമ്മിച്ചത് എന്നാണ് പറഞ്ഞത്. എല്ലാ ജൈന ക്ഷേത്രങ്ങളിലും പൊതുവായി കാണുന്ന ജയന്റ് പില്ലർ, തട്ടുകളായി തിരിച്ച അറകൾ, പ്രതിമ നിലനിൽക്കുന്ന ഗർഭഗൃഹ എന്നിവയെല്ലാം ഇവിടെയും കാണാൻ സാധിക്കുന്നുമുണ്ട്. മൂന്ന് നിലകളായുള്ള ക്ഷേത്രത്തിന്റെ മുകളിലത്തെ രണ്ട് നിലകളും തടിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
വർഷത്തിലൊരിക്കൽ മാത്രമാണ് ക്ഷേത്രത്തിന്റെ മുകളിലേക്ക് പ്രവേശനം ഉള്ളത്. ശ്രാവണ ബലഗോളയിൽ ഉണ്ടായിരുന്ന അമൂല്യങ്ങളായ ജൈന ഗ്രന്ഥങ്ങൾ മൂഡബിദ്രിയിലെ ഈ ബസദിയിൽ സംരക്ഷിച്ചാണ് മുസ്ലീം ഭരണാധികാരികളുടെ കണ്ണിൽ പെടാതെ സൂക്ഷിച്ചു വച്ചിരുന്നത്. പച്ചപ്പ് നിറഞ്ഞ അന്തരീക്ഷത്തിന് മധ്യത്തിൽ പുരാണത്തിൽ നിന്നിറങ്ങി വന്ന പോലെ ഒരു ക്ഷേത്രം. മുറ്റത്ത് തന്നെ ഒത്ത ഉയരത്തിൽ ഒരു അമ്പതടിയുടെ മഹാസ്തംഭം. അടുത്ത് മറ്റൊരു കൊടിമരവുമുണ്ട്. പടിക്കെട്ടുകൾ കയറാൻ തുടങ്ങുന്നിടത്തു തന്നെ ഇരുവശത്തുമായി ഒറ്റക്കല്ലിൽ തീർത്ത ഓരോ ആനകൾ കാവൽ നിൽക്കുന്നുണ്ട്. അവയുടെ മസ്തകത്തിൽ തലോടി അകത്തേക്ക് കയറുമ്പോൾ ചിത്രകലകൾ സമന്വയിച്ചിരിക്കുന്ന കൽത്തൂണുകളുടെ കലവറ കാണാം.
അകത്തേക്ക് കയറുമ്പോൾ ഗർഭഗൃഹത്തിൽ ചന്ദ്രപ്രഭ തീർത്ഥങ്കരന്റെ പഞ്ചധാതുക്കളിൽ തീർത്ത പ്രതിമ ആണ് യാത്രികരെ വരവേൽക്കുന്നത് . വെങ്കലമാണോ സ്വർണ്ണമാണോ ഇന്ന് മനസ്സിലാക്കാൻ സാധിക്കില്ല. ഗർഭഗൃഹത്തിലേക്ക് യാത്രികർക്ക് പ്രവേശനമില്ല. വാതിൽക്കലായി നിന്നു കണ്ടു ധ്യാനഭാവത്തിൽ നിലയുറപ്പിച്ചിരിക്കുന്ന തീർത്ഥങ്കരൻ. തീർത്ഥങ്കരനെ കാക്കുന്ന യക്ഷനും യക്ഷിണിയും മ്യൂറൽ പെയിന്റിങ്ങ് പോലെ പുറം വാതിലിൽ.
മണ്ഡപങ്ങളെയെല്ലാം താങ്ങി നിർത്തിയിരിക്കുന്ന ചതുരാകൃതിയും വൃത്താകൃതിയും ഉള്ള തൂണുകൾ. ഒറ്റ നോട്ടത്തിൽ തൂണുകൾക്ക് മുകളിലേക്ക് എടുത്തു വച്ചിരിക്കുന്ന പോലെ. തൂണുകളുടെ എണ്ണം ആയിരമായിരിക്കും. ആയിരം തൂൺ ക്ഷേത്രം എന്ന് പറയുന്നത് അതിനാൽ ആയിരിക്കാം. പുറത്ത് ഒരു അറയിൽ കൊത്തുപണികളുള്ള രഥം സൂക്ഷിച്ചിരിക്കുന്നത് കാണാം. അവിടേക്കുള്ള വഴി പുല്ല് കയറി കിടക്കുന്നു. രഥോത്സവത്തിന് മാത്രമേ പുറത്തിറക്കൂ. അന്നേദിവസം പ്രധാന പ്രതിഷ്ഠയെ രഥത്തിൽ വച്ച് നാട്ടിൽ പ്രദക്ഷിണം നടത്തും.