കൊച്ചി: നടന് ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയ കേസിലാണ് നടപടി. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്. ഒരു മാസത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്.
ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോയതിനെ തുടർന്ന് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തിരുന്നു. സെൻട്രല്‍ പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്.
മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി ഫഹീമിനാണ് വാഹനാപകടത്തില്‍ പരിക്കേറ്റത്. ഒക്ടോബര്‍ എട്ടിന് കൊച്ചി കോര്പറേഷന് ഓഫീസിനു മുന്നില്‍ വെച്ചാണ് നടന്റെ കാറിടിച്ച് ഫഹീമിന് പരിക്കേറ്റത്. സംഭവത്തില്‍ പോലീസ് ശ്രീനാഥ് ഭാസിയെ അറസ്റ്റു ചെയ്ത് വിട്ടയച്ചിരുന്നു.
ഫഹീമിനെ കാര്‍ ഇടിച്ചശേഷം നിര്‍ത്താതെ പോയി എന്ന പരാതിയില്‍ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് എറണാകുളം ആര്‍ടിഒ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന നടപടിയിലേക്ക് കടന്നത്. പോലീസ് നടത്തിയ പരിശോധനയിലാണ് ശ്രീനാഥ് ഭാസിയാണ് വാഹനം ഓടിച്ചിരുന്നത് എന്ന് വ്യക്തമാകുന്നത്.