വാംപയറുകളെ കുറിച്ച് കേട്ടിട്ടുണ്ടോ… ഒരുപക്ഷെ കഥകളിലും സിനിമകളിലുമൊക്കെ നാം കണ്ടിട്ടുള്ള അല്ലങ്കിൽ കേട്ടിട്ടുള്ള കഥകളിലെ കഥാപാത്രങ്ങളായിരിക്കും അവ. വാംപെയർ എന്നു കേൾക്കുമ്പോൾ മനസിലേക്ക് ആദ്യം എത്തുന്നത് ഡ്രാക്കുളയുടെ രൂപമാകും. ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കറുടെ സൃഷ്ട്ടിയാണ് ആ കാഥാപാത്രം. എന്നാൽ മനുഷ്യന്റെ രക്തം കുടിക്കുന്ന വാംപയറുകൾ യഥാർത്ഥത്തിൽ സത്യമോ അതോ മിഥ്യയോ.. പാശ്ചാത്യലോകത്ത് വാംപെയറുകൾ കഥകളിൽ മാത്രം ഒതുങ്ങുന്നതല്ല എന്നതാണ് വസ്തുത. നൂറ്റാണ്ടുകൾക്കു മുമ്പേ അവർ വാംപെയറുകളെ ഭയപ്പെട്ടിരുന്നു. വവ്വാലുകളായി പറന്നെത്തി രക്തമൂറ്റുന്ന വാംപെയറുകൾ ജീവിക്കുന്നുണ്ടെന്ന് പഴയ തലമുറ വിശ്വസിച്ചിരുന്നു.
ബൾഗേറിയയുടെ അതിർത്തിയിലുളള റൊമാനിയയിലെ ട്രാൻസിൽവാനിയായിരുന്നു ബ്രാം സ്റ്റോക്കറുടെ കഥാപാത്രമായ ഡ്രാക്കുളയുടെ വിഹാര കേന്ദ്രം. അത് വെറും ഭാവനാസൃഷ്ടിയായിരുന്നു എങ്കിലും നൂറ്റാണ്ടുകൾക്കു മുമ്പേ വാംപയറുകൾ ബൾഗേറിയക്കാരെ വിറപ്പിച്ചിരുന്നു എന്നതിനു സാക്ഷ്യമായി ഡ്രാക്കുള മാറി. അതുകൊണ്ടു തന്നെ ബൾഗേറിയക്കാർ രക്തരക്ഷസുകളെ തൃപ്തിപ്പെടുത്താനും അവർ ശല്യപ്പെടുത്താതിരിക്കാനും ചില മാന്ത്രിക കർമങ്ങൾ ചെയ്തിരുന്നു .ഇക്കാര്യങ്ങൾ കൊണ്ടാണ് ബൾഗേറിയയിലെ സോഫിയയിലുള്ള നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്ന അസ്ഥികൂടത്തിനു പ്രസക്തിയേറുന്നത്. ബൾഗേറിയക്കാരെ സംബന്ധിച്ചിടത്തോളം അതൊരു വാംപെയർ അസ്ഥികൂടമാണ്.
എഴുനൂറു വർഷങ്ങളോളം പഴക്കമുള്ള രണ്ട് അസ്ഥികൂടങ്ങൾ ഇവിടെ പ്രദർശനത്തിനുണ്ട്. ബ്ലാക് സീ ടൗണായ സോക്കോപോളിൽ നിന്നാണ് ഇവ കണ്ടെടുത്തത്. ഒരുപാട് അസ്ഥികൂടങ്ങൾ ചരിത്രകാരന്മാർക്കു കിട്ടിയിട്ടുണ്ടെങ്കിലും പ്രദർശനത്തിനെത്തിച്ചതിന് ചില പ്രത്യേകതകൾ ഉണ്ട്. ഈ രണ്ട് അസ്ഥികൂടങ്ങളുടേയും നെഞ്ചിലേക്ക് ഒരു ഇരുമ്പ് ദണ്ഡ് ആഴ്ന്നിറങ്ങിയ പാട് കാണാം. നെഞ്ചിൽ ഇരുമ്പു കമ്പി ആഴ്ന്നിറങ്ങിയിട്ടുണ്ടെങ്കിൽ അത് സാധാരണക്കാരല്ല എന്നതാണ് അവിടത്തുകാർ വിശ്വസിക്കുന്നത്. മരണശേഷം വാംപെയർ ആകാൻ സാധ്യതയുള്ള മനുഷ്യരുടെ മൃതദേഹങ്ങളാണ് ഇത്തരത്തിൽ കാണപ്പെടുന്നത് എന്നാണ് അവരുടെ വിശ്വാസം. ഒരു കാലത്തു ഗ്രാമീണർ ഏറെ ഭയപ്പെട്ടിരുന്ന സമൂഹദ്രോഹികളായിരുന്നു അവർ . അവരാണ് പിന്നീട് മനുഷ്യ രക്തം ഊറ്റി കുടിക്കുന്ന വാംപെയറുകളായി പുനർജനിച്ചത്. പ്രഭുക്കന്മാരായിരുന്നു ഇങ്ങനെ മരണശേഷം വാംപെയറായി അവതരിച്ചതെന്നാണ് പ്രചരിക്കുന്ന കഥകൾ.
മൃതദേഹത്തിൻറെ നെഞ്ചിൽ ഇരുമ്പ് ദണ്ഡ് കുത്തിയിറക്കിയാൽ പിന്നീട് അവർ പുനർജ നിക്കില്ലെന്നായിരുന്നു ബൾഗേറിയ ക്കാരുടെ വിശ്വാസം. രക്തരക്ഷസായി രൂപാന്തരം പ്രാപിക്കാതിരിക്കാനുള്ള പ്രവൃത്തിയായിരുന്നു ഇത്തരത്തിൽ ഇരുമ്പ് ദണ്ഡ് കുത്തിയിറക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൻറെ അവസാനം വരെ ഇത്തരത്തിലുള്ള ആചാരം ഇവിടെ നിലനിന്നിരുന്നതായി ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. റൊമാനിയയിൽ വാംപെയർ ടൂറിസമുണ്ട്. വാംപയറുകളുടെ നാടു കാണാനുള്ള അവസരം എന്നാണ് പരസ്യ വാചകം. ഇപ്പോൾ പ്രദർശനത്തിന് അസ്ഥി കൂടം എത്തിക്കുമ്പോൾ ഈ മാർഗത്തിലൂടെ സമ്പാദിക്കാനുള്ള സാധ്യത ബൾഗേറിയയ്ക്കു ലഭിച്ചു. കഴിഞ്ഞയാഴ്ച അസ്ഥികൂടങ്ങൾ കണ്ടെത്തിയപ്പോൾത്തന്നെ ലോകത്തിൻറെ മുഴുവൻ ശ്രദ്ധയും ആ കുഴിമാടങ്ങളിലായിരുന്നു. നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ അസ്ഥി കൂടം പ്രദർശനത്തിനു വരുമ്പോൾ അതൊരു വലിയ വരുമാനമാർഗമായി മാറുമെന്നു തന്നെ വിശ്വസിക്കുന്നു ബൾഗേറിയക്കാർ.
ഇപ്പോൾ അസ്ഥികൂടങ്ങൾ കണ്ടെത്തിയ സോക്കോപൂളിൽ പ്രചരിക്കുന്ന മറ്റൊരു കഥ ഈ അസ്ഥികൂടങ്ങൾ പുറത്തെടുക്കുന്നതു വരെ ആ പ്രദേശത്തെ ചിലയാളുകൾക്ക് രാത്രിയിൽ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല എന്നതാണ്. അസ്ഥികൂടങ്ങൾ ചരിത്രകാരന്മാർ കൊണ്ടു പോയതിൽ പിന്നെ അവർക്ക് സുഖനിദ്ര ലഭിക്കുകയും ചെയ്തു. ബൾഗേറിയൻ ഭൂമിയിൽ പന്ത്രണ്ടു മുതൽ പതിനാലു നൂറ്റാണ്ടു വരെ വളരെ സജീവമായി നിലനിന്നിരുന്ന വിശ്വാസമായിരുന്നു വാംപെയറുകളെന്നാണ് ഹിസ്റ്ററി മ്യൂസിയം ഡയറക്റ്റർ ബോസിദർ ദിമിത്രോവ് പറയുന്നത്. അക്കാലത്തു ജനങ്ങൾ അന്ധവിശ്വാസികളായിരുന്നു. കമ്പി കുത്തിയിറക്കിയ മൃതദേഹങ്ങളുള്ള നൂറോളം ശവപ്പറമ്പുകൾ മുമ്പും കണ്ടെത്തിയിട്ടുണ്ടെന്നു ബോസിദർ പറയുന്നു. മധ്യകാലത്തു ജീവിച്ചിരുന്ന പ്രഭുക്കന്മാരുടെ മൃതദേഹങ്ങളായിരുന്നു അവയിലേറെയും. പ്രഭുക്കന്മാർ രക്തമൂറ്റി കുടിക്കുന്ന വാംപെയറുകളായി രൂപാന്തരം പ്രാപിക്കുമെന്നു ബൾഗേറിയക്കാർ ഭയന്നു. ഇപ്പോൾ പല ബാൾക്കൻ രാജ്യങ്ങളിലും വാംപെയറുകളുമായി ബന്ധപ്പെട്ട വിശ്വാസങ്ങൾ സജീവമാണ്. ചിലയിടങ്ങളിൽ ഇതു നാടോടിക്കഥകളായും ഇവ പ്രചരിക്കുന്നുണ്ട്.
എന്തായാലും ഇപ്പോൾ സോക്കോപൂൾ വാംപെയർ ടൂറിസം സൈറ്റായി മാറിക്കഴിഞ്ഞു. ഈ കണ്ടുപിടുത്തത്തിനു ശേഷം ധാരാളം പേർ ഇവിടേക്ക് എത്തുകയാണ്. പൂർവികരുടെ അന്ധവിശ്വാസത്തെക്കുറിച്ചു കൂടുതൽ അറിയിക്കാൻ ഈ പ്രദർശനം സഹായിക്കുമെന്നാണു കരുതുന്നത്. രക്തരക്ഷസുകളുടെ ചരിത്രം തേടുന്നവർക്ക് ഏറെ സഹായകരമായിരിക്കും ഇപ്പോഴത്തെ ഈ കണ്ടുപിടുത്തവും അസ്ഥി കൂടത്തിൻറെ പ്രദർശനവും. ലോകം ഇത്രയേറെ പുരോഗമിച്ച ഇക്കാലത്തും വാംപെയർ കഥകൾക്ക് പഞ്ഞമില്ല. കഥകളിലൂടെയും വാമൊഴിയായുമൊക്കെ ഇന്നത്തെ പുതു തല മുറ വരെ എത്തി നിൽക്കുന്നു അതിന്റെ പ്രചാരം. ഇനിയും വാംപെയർ കഥകൾ കേട്ടാൽ പേടിക്കുന്ന മനുഷ്യർ ഉണ്ടാകുമോ എന്തായാലും വാംപെയറുകൾ എന്ന രക്ത രക്ഷസുകൾ ഇന്നുമുണ്ട് ചിലരുടെയെങ്കിലും മനസുകളിലെ അന്ധ വിശ്വാസത്തിന്റെ ഒരു പേടിപ്പിക്കുന്ന ചിത്രമായി…. ഒരു നാടോടി കഥ പോലെ!!!
STORY HIGHLLIGHTS: the-actual-skeleton-of-lord-dracula-the-mystery