മലയാള സിനിമയിൽ തുടർച്ചയായി ഹിറ്റുകളുമായി മുൻ പന്തിയിൽ നിൽക്കുന്ന തിരക്കുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ചുരുങ്ങിയ കാലയളവിൽ സംഗീതം കൊണ്ട് പ്രേക്ഷക മനസിൽ ഇടം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട് . ഈ വർഷം ഒരുപിടി ഹിറ്റ് ചിത്രങ്ങളാണ് സുഷിൻ ശ്യാം നൽകിയത്. ഇപ്പോഴിതാ സിനിമയിൽ നിന്ന് ഇടവേളയെടുക്കാൻ ഒരുങ്ങുകയാണ് താരം.
2024 ലെ തന്റെ അവസാന ചിത്രമായിരിക്കും ബോഗയ്ൻവില്ലയെന്നും ഇനി അടുത്ത വർഷത്തിലെ പുതിയ ചിത്രവുമായി എത്തുകയുള്ളൂവെന്നും സുഷിൻ പറഞ്ഞു. .ബോഗയ്ൻവില്ലയുടെ പ്രൊമോഷന്റെ ഭാഗമായി കുസാറ്റിൽ നടന്ന പരിപാടിയിലാണ് ഇക്കാര്യം താരം വ്യക്തമാക്കിയത്.
‘ഈ വർഷത്തെ തന്റെ അവസാന ചിത്രം ഇതായിരിക്കും. അടുത്ത വര്‍ഷമായിരിക്കും ഇനി ഒരു സിനിമയുമായി വരിക. ഇത് ഏറ്റവും അടിപൊളിയായി വരണമെന്ന് എനിക്ക് ആഗ്രഹമുണ്ടെന്നും’ സുഷിൻ പറഞ്ഞു. ഈ വർഷം തന്നെ മഞ്ഞുമ്മൽ ബോയ്സ്, ആവേശം, ഉള്ളൊഴുക്ക് ഇങ്ങനെ നിരവധി ഹിറ്റുകളാണ് സുഷിൻ മലയാള സിനിമയിലൂടെ ആരാധകർക്ക് സമ്മാനിച്ചിരുന്നത്. കുസാറ്റിൽ വെച്ച് നടത്തിയ പരിപാടിയിൽ ചിത്രത്തിലെ പ്രധാനതാരങ്ങളായ ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ, ശ്രിന്ദ, എന്നിവരും പങ്കെടുത്തു.
കുഞ്ചാക്കോ ബോബനും അമൽ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബോഗെയ്ൻവില്ല. കൂടാതെ ഏറെ നാളുകൾക്ക് ശേഷം നടി ജ്യോതിർമയി അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഒക്ടോബർ 17 ന് ബോഗെയ്ൻവില്ല റിലീസ് ചെയ്യും.
STORY HIGHLIGHT: music director sushin shyam taking short break from malayalam film industry