സംവിധായകൻ സിദ്ദീഖിന്റെ കയ്യൊപ്പ് പതിഞ്ഞ സിനിമയാണ് പൊറാട്ട് നാടകമെന്ന് നടൻ ധർമജൻ ബോൾഗാട്ടി. അദ്ദേഹം സംവിധാനം ചെയ്ത ഷോകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. സിദ്ദീഖ് അവതരിപ്പിക്കുന്ന സിനിമയുടെ ഭാഗമാകാൻ സാധിച്ചത് വലിയ കാര്യമായിട്ടാണ് തോന്നുന്നതെന്നും ധർമജൻ ക്യു സ്റ്റുഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലൂടെ പറഞ്ഞു.
‘സിദ്ദീഖ് സാറിന്റെ അവസാനത്തെ കയ്യൊപ്പ് പതിഞ്ഞ സിനിമയാണ് ‘പൊറാട്ട് നാടകം’. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശിഷ്യനാണ് സംവിധാനം ചെയ്യുന്നത്. അത് എഴുതുന്നത് എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ. അവൻ എന്നെ അതിലേക്ക് വിളിച്ച് വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രം തരുന്നു. ഇതെല്ലാം എന്നെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു. നീയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞ് എന്നെ ഏൽപ്പിക്കുകയായിരുന്നു. അതൊരു വലിയ ഉത്തരവാദിത്തമാണ്. സിദ്ദീഖ് സാറിന്റെ ഷോയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ സിനിമയിൽ ഞാൻ അഭിനയിച്ചിട്ടില്ല. അദ്ദേഹം ഓരോ സീനും കണ്ട് നിർദ്ദേശം നൽകിയ സിനിമയാണ് ‘പൊറാട്ട് നാടകം’. സംവിധായകൻ ചിത്രീകരിച്ച സീനുകൾ കണ്ടിട്ട് വേണ്ടെങ്കിൽ വേണ്ട എന്നോ റീഷൂട്ട് വേണമെങ്കിൽ വേണം എന്നോ അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്. സിനിമയുടെ ഡബ്ബിങിനിടയിലാണ് അദ്ദേഹം ഞങ്ങളെ വിട്ടുപോകുന്നത്. സിദ്ദീഖ് സാറാണ് സിനിമയ്ക്ക് ഈ പേരിട്ടതെന്ന് നേരത്തെ പറഞ്ഞല്ലോ. ഈ സിനിമയുടെ പുറകെ അദ്ദേഹം ഉണ്ടായിരുന്നു. ഇപ്പോഴും അദ്ദേഹം ഈ സിനിമയ്ക്ക് പിന്നിലുണ്ട്’- ധർമജൻ പറഞ്ഞു.
ആരെയും വേദനിപ്പിക്കാതെ സിനിമയിൽ നർമ്മം പറയണമെന്നും, നാടിനകത്ത് നടക്കുന്ന ഒരു നാടകം പോലെ ആയിരിക്കണം സിനിമയെന്നും സംവിധായകൻ സിദ്ദീഖ് തങ്ങളോട് പറഞ്ഞിരുന്നുവെന്ന് പൊറാട്ട് നാടകത്തിന്റെ രചയിതാവ് സുനീഷ് വാരനാടും പറഞ്ഞിരുന്നു. ചിത്രം ഒക്ടോബർ 18 ന് തിയേറ്ററുകളിലെത്തും.
STORY HIGHLIGHT: dharmajan bolgatty about porattu nadakam movie