എന്നും വീട്ടിൽ ഉണ്ടാകുന്ന ഒന്നാണ് കഞ്ഞിവെള്ളമെങ്കിലും നമ്മളാരും അത് കുടിക്കാൻ അത്ര താല്പര്യം കാണിക്കാറില്ല. എന്നാൽ പഴയ തലമുറയിലുള്ള ആളുകൾ കഞ്ഞിവെള്ളം ശീലമാക്കി കുടിക്കാറുള്ളത് കണ്ടിട്ടില്ലേ? ഊർജം ലഭിക്കുന്നതിന് കഞ്ഞി വെള്ളം നല്ലൊരു പാനീയമാണെന്ന് നമ്മുക്കറിയാം. കഞ്ഞി വെളളം ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
അരി തിളപ്പിക്കുമ്പോൾ പാത്രത്തിൽ അവശേഷിക്കുന്ന വെളുത്ത അന്നജമാണ് അരി വെള്ളം. അതിൽ അന്നജം മാത്രമല്ല നമ്മുടെ ശരീരത്തിന് ആവശ്യമായ മറ്റ് പലതരം പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ, മഗ്നീഷ്യം, ഫൈബർ, സിങ്ക്, മാംഗനീസ് എന്നിവയാൽ സമ്പന്നമാണ്. ഇതിന് ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകളും ഉണ്ട്. മാത്രമല്ല ശരീരത്തിന് ദിവസം മുഴുവൻ ആവശ്യമായ ഊർജ്ജം നൽകാനും കഴിയും.
തലമുടി കൊഴിച്ചിലും താരൻ അകറ്റി കരുത്തുറ്റ തിളക്കമുള്ള തലമുടി വളരാനും കഞ്ഞിവെള്ളം സഹായിക്കും. കൂടാതെ തലമുടിയുടെ അറ്റം പിളരുന്നത് പ്രതിരോധിക്കുന്നു. ധാരാളം അന്നജം ഇതിൽ അടങ്ങിയിട്ടുണ്ട്. മുടിക്ക് ആവശ്യമായ പ്രോട്ടീൻ ലഭ്യമാക്കാൻ കഞ്ഞിവെള്ളം ഗുണം ചെയ്തേക്കും.
എങ്ങനെ ഉപയോഗിക്കാം?
ഷാംമ്പൂ ചെയ്തശേഷം കഞ്ഞി വെള്ളത്തിൽ മുടി കഴുകുക. ഏകദേശം 20 മിനിറ്റിനുശേഷം അത് കഴുകി കളയുക. കൂടുതൽ സമയം കഞ്ഞിവെള്ളം മുടിയിൽ നിലനിർത്തരുത്. പതിവായി ഇങ്ങനെ ചെയ്യുക.
തലേദിവസത്തെ കഞ്ഞി വെള്ളം ഉപയോഗിച്ച് മുടി കഴുകാം. കഞ്ഞി വെള്ളം ഒഴിച്ചതിനു ശേഷം 10 മിനിറ്റ് മസാജ് ചെയ്യുക. ശേഷം വെള്ളം ഉപയോഗിച്ച് കഴുകുക. ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഇങ്ങനെ ചെയ്യാം.
ഒരു കപ്പ് കഞ്ഞി വെള്ളത്തിലേക്ക് 20ഗ്രാം എന്ന് അളവിൽ ആവശ്യാനുസരണം ഉലുവ ചേർക്കുക. ഒരു രാത്രി അത് മാറ്റി വയ്ക്കുക. രാവിലെ അരിച്ചെടുത്ത് നനഞ്ഞ മുടിയിൽ സ്പ്രേ ചെയ്യുകയോ, ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിനു ശേഷം കഴുകി കളയാം.
അലർജി സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർ വളരെ ശ്രദ്ധയോടെ വേണം ഉപയോഗിക്കുവാൻ. ആദ്യമായി ഉപയോഗിക്കുന്നവർ പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.
content highlight: rice-water-hair-benefits