ന്യൂഡല്‍ഹി: മഹാദേവ് ബെറ്റിങ് ആപ് കേസിൽ നടി തമന്നയെ ചോദ്യംചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിൽ അഞ്ചുമണിക്കൂറോളമാണ് താരത്തെ ചോദ്യം ചെയ്തത്. ഗുവാഹത്തിയിലാണ് ചോദ്യം ചെയ്യൽ നടന്നത്. ഗുവാഹാത്തിയിലെ ഇ.ഡി ഓഫീസിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ അമ്മയോടൊപ്പമാണ് തമന്ന എത്തിയത്. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇഡി പുറത്തുവിട്ടിട്ടില്ല.
മഹാദേവ് വാതുവെപ്പ് ആപ്പിന്റെ അനുബന്ധ ആപ്ലിക്കേഷനായ ഫെയര്‍പ്ലേ ആപ്പ് വഴി ഐ.പി.എല്‍. മത്സരങ്ങള്‍ കാണാന്‍ പ്രൊമോഷന് നടത്തിയെന്നാണ് നടി തമന്ന ഭാട്ടിയക്കെതിരേയുള്ള ആരോപണം. ഫെയര്‍പ്ലേ ബെറ്റിങ് ആപ്പിലൂടെ ഐ.പി.എല്‍. മത്സരങ്ങള്‍ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തതായി നേരത്തെ പരാതിയുണ്ടായിരുന്നു.
ഛത്തീസ്ഗഢ് ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകർ, രവി ഉപ്പൽ എന്നിവർ ചേർന്ന് ദുബായിൽനിന്ന് പ്രവർത്തിപ്പിക്കുന്ന ആപ്പാണ് മഹാദേവ്. യു.എ.ഇയിൽനിന്നാണ് ആപ്പിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ഇഡി അന്വേഷണസംഘം നേരത്തേ കണ്ടെത്തിയിരുന്നു. പോലീസ്, ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ എന്നിവരുമായി ചന്ദ്രകറിനും ഉപ്പലിനും ബന്ധമുണ്ടെന്നും ആപ്പ് അന്വേഷണ ഏജൻസികളുടെ കണ്ണിൽപ്പെടാതിരിക്കാൻ പതിവായി പണം നൽകിയിരുന്നെന്നും ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.