Celebrities

‘ആ സിനിമയില്‍ എനിക്ക് പകരമാണ് ഐശ്വര്യ റായ് അഭിനയിച്ചത്, അങ്ങനെ ഒരു പരാതി എന്നെക്കുറിച്ച് ഞാന്‍ കേട്ടിട്ടില്ല’: മഞ്ജു വാര്യര്‍

മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് മഞ്ജു വാര്യര്‍. സല്ലാപം എന്ന സിനിമയിലൂടെ ആണ് നായിക വേഷത്തില്‍ മഞ്ജു വാര്യര്‍ ആദ്യമായി വെള്ളിത്തിരയില്‍ എത്തിയത്. ഇപ്പോള്‍ ഇതാ താന്‍ മലയാളത്തില്‍ തിളങ്ങുന്ന സമയത്ത് അന്യഭാഷ ചിത്രങ്ങളില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നു എന്ന് പറയുകയാണ് നടി മഞ്ജു വാര്യര്‍. അതുപോലെതന്നെ ഒരു തമിഴ് സിനിമയില്‍ തനിക്ക് പകരം ഐശ്വര്യ റായ് ആണ് അഭിനയിച്ചതെന്നും നടി പറയുന്നു.

‘ഞാന്‍ ആദ്യമായി അഭിനയിച്ച സിനിമ സാക്ഷ്യം ആണെങ്കിലും ആദ്യമായി നായികയായ സിനിമ സല്ലാപമാണ്. സല്ലാപത്തിലേക്ക് എന്നെ തിരഞ്ഞെടുക്കാന്‍, ലോഹി സാര്‍ എന്നോട് പിന്നീട് പറഞ്ഞത് കലാതിലകമായി വന്ന ഒരു കവര്‍പേജ് കണ്ടിട്ടാണ് അദ്ദേഹം ഈ കഥാപാത്രത്തിന് ഞാന്‍ ചിലപ്പോള്‍ ചേര്‍ന്നേക്കും എന്ന് തോന്നി എന്നെ വിളിക്കുന്നത്. പിന്നെ ഒരു ഓഡിഷന്‍ ഒക്കെ എടുത്ത ശേഷമാണ് സിനിമയിലേക്ക് എന്നെ തിരഞ്ഞെടുത്തത്. ആദ്യത്തെ കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ എനിക്കെന്തോ ചിലപ്പോള്‍ എന്നെ മാറ്റുമായിരിക്കും എന്ന് തോന്നി. കാരണം അത്ര വലിയ സന്തോഷമൊന്നും ആരുടേയും മുഖത്ത് ഞാന്‍ കണ്ടിരുന്നില്ല.’

‘പിന്നീട് മലയാള സിനിമയില്‍ സജീവമായതിന് ശേഷം മറ്റ് ഭാഷകളില്‍ നിന്ന് ഒരുപാട് അവസരങ്ങള്‍ എനിക്ക് വന്നിരുന്നു. പക്ഷെ പല കാരണങ്ങള്‍ കൊണ്ടും അത് നടന്നില്ല. ഡേറ്റ് ഒക്കെ ഒരു കാരണമായിരുന്നു. ആ സമയത്ത് മലയാളത്തില്‍ എനിക്ക് തുടരെത്തുടരെ ചിത്രങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയായിരുന്നു. കണ്ടു കൊണ്ടേയ്ന്‍ കണ്ടു കൊണ്ടേയ്ന്‍ എന്ന് പറയുന്ന സിനിമ, പല സിനിമകള്‍ ഉണ്ട്.. അതില്‍ ഒന്നാണ് കണ്ടു കൊണ്ടേയ്ന്‍ കണ്ടു കൊണ്ടേയ്ന്‍ എന്ന സിനിമ. അതില്‍ എനിക്ക് പകരം ഐശ്വര്യ റായ് ആണ് പിന്നെ അഭിനയിച്ചത്. അങ്ങനെ പറയാന്‍ പറ്റിയല്ലോ ഇന്ന് എനിക്ക്. അപ്പോള്‍ ആ സിനിമയ്ക്ക് വേണ്ടി രാജീവ് രവി എന്നെ സമീപിച്ചതായിരുന്നു. എല്ലാവര്‍ക്കും എപ്പോള്‍ വേണമെങ്കിലും സമീപിക്കാവുന്ന ഒരാള്‍ തന്നെയാണ് ഞാന്‍. അങ്ങനെ ഒരുപാട് പേര്‍ എന്നെ സമീപിക്കാറുണ്ട്. ആരും റീച്ച് ചെയ്യാന്‍ പറ്റുന്നില്ല അല്ലെങ്കില്‍ കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിച്ചിട്ട് കിട്ടുന്നില്ല എന്നുള്ള പരാതി ഒന്നും എന്നെക്കുറിച്ച് അധികം ആരും പറഞ്ഞിട്ടില്ല.’

‘സിനിമയില്‍ നിന്നും മാറി നിന്നശേഷം തിരിച്ചു സിനിമയിലേക്ക് വരണമെന്ന് ഞാന്‍ ഒരിക്കലും പ്ലാന്‍ ചെയ്തിരുന്നില്ല. പ്ലാന്‍ ചെയ്തിരുന്നെങ്കില്‍ തന്നെ എങ്ങനെയായിരിക്കണം എന്ന് എനിക്ക് ഒരു ഐഡിയ ഇല്ലായിരുന്നു. തിരിച്ചു വന്നപ്പോള്‍ എനിക്ക് മനസ്സറിഞ്ഞ് നന്ദി പറയാനുള്ളത് മലയാള സിനിമയുടെ പ്രേക്ഷകരോട് ആണ്. പ്രേക്ഷകര്‍ ഒരു കളങ്കവുമില്ലാതെ മനസ്സ് നിറഞ്ഞ് എന്നെ സ്വീകരിച്ചതില്‍ ഒരുപാട് നന്ദി. പിന്നെ എന്നെ വെച്ച് സിനിമ ചെയ്യാന്‍ മുന്നോട്ടുവരുന്നവരോട് ഒക്കെയാണ് എനിക്ക് നന്ദി പറയാനുള്ളത്. അതില്‍ എന്റെ ഒരു കഴിവോ എന്റെ ഒരു മിടുക്കോ ഒന്നുമില്ല.’, മഞ്ജു വാര്യര്‍ പറഞ്ഞു.

STORYHIGHLIGHTS: Manju Warrier about tamil movies