കങ്കണ റണൗട്ട് സംവിധാനം ചെയ്ത് നായികയായെത്തുന്ന ‘എമര്‍ജന്‍സി’ക്ക് പ്രദര്‍ശനാനുമതി നല്‍കി സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി കങ്കണ തന്നെ എക്‌സ് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. സിനിമയുടെ റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കുമെന്നും പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്. ക്ഷമയോടെ പിന്തുണനൽകിയ എല്ലാവരോടുമുള്ള നന്ദിയും താരം പോസ്റ്റിലൂടെ അറിയിച്ചു.
ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിക്കാത്തതിനാല്‍ റിലീസ് അനിശ്ചിതമായി നീളുകയായിരുന്നു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതവും അടിയന്തരാവസ്ഥ കാലത്തെ കഥയും ഇന്ദിരയുടെ മരണവും എല്ലാം ചിത്രീകരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു. പിന്നാലെയാണ് സെന്‍സര്‍ ബോര്‍ഡ് പലപ്പോഴായി ചിത്രത്തിന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് വൈകിപ്പിച്ചത്.
സെന്‍സര്‍ ബോര്‍ഡിന്റെ പുനഃപരിശോധനാ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് സിനിമയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്ന് നിര്‍മാണക്കമ്പനിയായ സീ സ്റ്റുഡിയോസ് ബോംബെ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കാന്‍ ഏകദേശം 13 മാറ്റങ്ങളാണ് ബോര്‍ഡ് നിര്‍ദേശിച്ചത്.
ചിത്രത്തിൽ കങ്കണ റണൗട്ട് ഇന്ദിരാഗാന്ധിയുടെ വേഷത്തിലെത്തുന്നു. കങ്കണയുടെ മണികർണിക ഫിലിംസും സീ സ്റ്റുഡിയോയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്തംബർ 6 ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പുതിയ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും.
STORY HIGHLIGHT: kangana ranaut film emergency gets censor certificate