Celebrities

‘മലയാള സിനിമയിലെ മികച്ച നടിമാര്‍ ഇവരാണ്, ഇവിടെ ടാലന്റഡ് ആയിട്ടുള്ള നടിമാര്‍ പൊതുവെ വിരളമാണ്’: ജഗതി ശ്രീകുമാര്‍

ആരും ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. തുറന്നുപറയാന്‍ സാധിക്കുകയുമില്ല

മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് ജഗതി ശ്രീകുമാര്‍. കോമഡി റോള്‍ മുതല്‍ സീരിയസ് കഥാപാത്രങ്ങള്‍ വരെ അനായാസം കൈകാര്യം ചെയ്തിരുന്ന നടനാണ് ജഗതി ശ്രീകുമാര്‍. എന്നാല്‍ ഒരു വാഹനാപകടത്തെ തുടര്‍ന്ന് അദ്ദേഹം ഏറെ കാലമായി മലയാള സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. ഇപ്പോള്‍ ഇതാ ജഗതി ശ്രീകുമാറിന്റെ ഒരു പഴയകാല ഇന്റര്‍വ്യൂ ആണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. അഭിമുഖത്തില്‍, മലയാള സിനിമയില്‍ ടാലന്റഡ് ആയിട്ടുള്ള ആര്‍ട്ടിസ്റ്റുകള്‍ വിരളമാണെന്നും തനിക്ക് ഏറ്റവും മികച്ച നടിമാര്‍ എന്ന് തോന്നിയിട്ടുള്ള ചിലരെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘മലയാള സിനിമയില്‍ ടാലന്റഡ് ആയിട്ടുള്ള നടിമാര്‍ പൊതുവെ വിരളമാണ്. വളരെ മികച്ച നടിമാരില്‍ ഒരാളാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. പൂര്‍ണ്ണിമയുടെ ആദ്യസിനിമയായ വര്‍ണ്ണക്കാഴ്ചകളിലെ പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ എനിക്ക് അങ്ങനെ തോന്നി. പക്ഷെ പിന്നെ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് തുടര്‍ന്ന് സിനിമയില്‍ അഭിനയിച്ചില്ല. രണ്ടുമൂന്നു പേരെ മാത്രമേ ഞാന്‍ ഒരു റിയല്‍ ആര്‍ട്ടിസ്റ്റ് ആയിട്ട് മലയാള സിനിമയില്‍ കാണുന്നുള്ളൂ. അതില്‍ മറ്റൊരാളാണ് ജ്യോതിര്‍മയി. മറ്റു ഒരു യുവനടിയാണ് മീര ജാസ്മിന്‍. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എനിക്ക് മീര ജാസ്മിനെ ഭയങ്കര ഇഷ്ടമാണ്. പിന്നെ പത്മപ്രിയ. അങ്ങനെ ഒന്ന് രണ്ടുപേരെ ഒക്കെയാണ് എനിക്ക് പെര്‍ഫോമര്‍ എന്ന രീതിയില്‍ തോന്നിയിട്ടുള്ളത്.’

‘ജ്യോതിര്‍മയിയുടെ വലിയൊരു പ്രത്യേകത എന്തെന്നാല്‍, നല്ല കഥാപാത്രമാണെങ്കില്‍ അത് നെഗറ്റീവ് ആണോ പോസിറ്റീവ് ആണോ എന്ന് നോക്കാറില്ല. ഒരു നായികയും അങ്ങനെ ഒരു സ്വഭാവം കാണിക്കാറില്ല. ജ്യോതിര്‍മയി ഇമേജ് കോണ്‍ഷ്യസ് അല്ല. ഒരു കലാകാരിയെ സംബന്ധിച്ച് വളരെ അത്യാവശ്യമാണ് അത്. നമ്മള്‍ സദസ്സിന് കൊടുക്കുന്നതാണ് ഇമേജ്. അല്ലാതെ സദസ്സ് നമുക്ക് ഒരു ഇമേജ് ഉണ്ടാക്കി തരാനായി അനുവദിക്കരുത്. കിട്ടുന്ന ഏത് കഥാപാത്രമാണെങ്കിലും അത് കഴിവിന്റെ പരമാവധി വിജയിപ്പിക്കാന്‍ ശ്രമിക്കും.’

‘പക്ഷെ ഇവരൊന്നും എന്തുകൊണ്ട് കൂടുതല്‍ ബിസി ആകുന്നില്ല എന്നതാണ് എന്നെ ഇന്നും അതിശയിപ്പിക്കുന്ന ഒരു ചോദ്യം. ഒരുപക്ഷേ അവര്‍ സെലക്ടീവ് എന്ന് പെട്ടെന്ന് പറയും. എന്തെങ്കിലും അഭിമുഖം കൊടുക്കുമ്പോള്‍ ഇന്ന, ഇന്ന കാരണം കൊണ്ടാണ് എനിക്ക് അഭിനയിക്കാന്‍ പറ്റാത്തത് എന്ന് ആരും ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. തുറന്നുപറയാന്‍ സാധിക്കുകയുമില്ല.’

‘പകരം അവര്‍ പറയുന്നത് സെലക്ടീവായി എന്നാണ്. പക്ഷെ അതല്ല കാര്യം. റിയലി ടാലന്‍ഡഡ് ആയിട്ടുള്ളവരെ അങ്ങനെ അധികം പ്രിഫര്‍ ചെയ്യണം എന്നുള്ള ടെന്‍ഡന്‍സി ഒന്നും മലയാള സിനിമയില്‍ ഇല്ല. അവര്‍ക്ക് ഒരു പെര്‍ഫെക്ഷന്‍ അല്ല ആവശ്യം, ആവശ്യങ്ങള്‍ മറ്റെന്തോ ആണെന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് ഇത്രയും ടാലന്റുളള ആര്‍ട്ടിസ്റ്റുകള്‍ ബിസി ആകാതെ പോകുന്നത്. എന്നെ സംബന്ധിച്ചും അങ്ങനെയാണ്. 10 പടങ്ങള്‍ അഭിനയിക്കുമ്പോള്‍ അതില്‍ രണ്ട് ചിത്രങ്ങള്‍ മാത്രമേയുള്ളൂ ഇരുത്തം വന്ന വേഷങ്ങള്‍ എനിക്ക് കിട്ടുന്നുള്ളൂ. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അത് എന്റെ സ്വകാര്യ ദുഃഖമാണ്.’ ജഗതി ശ്രീകുമാര്‍ പറഞ്ഞു.