മലയാളിയും മോഡലുമായ ആരാധ്യ ദേവിയുടെ ഏറ്റവും പുതിയ ചിത്രമാണ് രാം ഗോപാൽ വർമ്മ അവതരിപ്പിക്കുന്ന ‘സാരി’. ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ അവതരിപ്പിക്കുന്ന സാരി എന്ന പുതിയ ചിത്രത്തിലൂടെ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലേക്കെത്തിച്ചത് രണ്ട് സർപ്രൈസുകളാണ്. ഒന്ന് മലയാളി നായികയായ ആരാധ്യ ദേവിയും രണ്ടാമത്തേത്ത് എ ഐ (AI) വഴി സൃഷ്ടിച്ച പാട്ടുകളും. കൗതുകമുണർത്തുന്ന ഈ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.
സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടരമായി മാറുന്നതിന്റെ കഥ പറയുന്നതാണ് ഈ ചിത്രം. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. അതീവ ഗ്ലാമറസായിട്ടാണ് ഗാനരംഗത്തില്‍ ആരാധ്യ പ്രത്യക്ഷപ്പെടുന്നത്.
സിറാ ശ്രീ എഴുതി കീര്‍ത്തന ശേഷ് ആലപിച്ച ‘ഐ വാണ്ട് ലവ്’ എന്നൊരു ഗാനം ചിത്രത്തിലുണ്ട്. ഈ ഗാനത്തിന്റെ എ ഐ പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. യഥാര്‍ത്ഥ ഗാനത്തെ എഐ സഹായത്തോടെ പുതുരൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് രാംഗോപാല്‍ വര്‍മയും സംഘവും.
സാരിയിലെ പാട്ടുകളും പശ്ചാത്തല സംഗീതവും ഉള്‍പ്പെടെയുള്ള മുഴുവനും കൈകാര്യം ചെയ്യുന്നത് എഐ ആണ്. ഈ കാര്യം നേരത്തെ തന്നെ രാം ഗോപാല്‍ വര്‍മ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.
സത്യാ യാദു, ആരാധ്യദേവി എന്നിവരാണ് ‘സാരി’യിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത്. ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ നവംബര്‍ നാലിന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
STORY HIGHLIGHT: ramgopal varma presenting movie saree ai song