Celebrities

‘ആളുകള്‍ തെറ്റിദ്ധരിക്കാതിരിക്കാന്‍ വേണ്ടിയാണ് അവന്‍ അങ്ങനെ ചെയ്തത്, എനിക്ക് ഫോണ്‍ താഴെ വയ്ക്കാന്‍ പറ്റിയിട്ടില്ല’: രമേശ് പിഷാരടി

എന്തോരം വിളിയാണ് ആളുകള്‍ എന്നെ വിളിച്ചത് എന്ന് അറിയാമോ

അടുത്തിടെ നടന്‍ ധര്‍മ്മജന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വളരെയധികം വൈറല്‍ ആയിരുന്നു. എന്റെ ഭാര്യ വിവാഹിതയാകുന്നു, വരന്‍ ഞാന്‍ തന്നെ എന്ന് അടിക്കുറിപ്പോടുകൂടിയാണ് താരം പോസ്റ്റ് പങ്കുവെച്ചത്. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെയും ഭാര്യ അനുജയുടെയും ഒരു ചിത്രത്തിനാണ് നടന്‍ ഇത്തരത്തില്‍ അടിക്കുറിപ്പ് നല്‍കിയത്. ഇപ്പോള്‍ ഇതാ ആ സംഭവത്തെക്കുറിച്ചുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ഉറ്റ സുഹൃത്തും നടനുമായ രമേശ് പിഷാരടി.

‘ധര്‍മ്മജന്റെ വിവാഹം കഴിഞ്ഞതായിരുന്നെങ്കിലും അവന് അതിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നു. അന്ന് രജിസ്റ്റര്‍ ചെയ്താല്‍ മതിയായിരുന്നു. അങ്ങനെ അവന് മാലയും ബൊക്കെയും ഒക്കെ പിടിച്ച് കല്ല്യാണം കഴിക്കണമെന്ന് ഒരാഗ്രഹം. അങ്ങനെ പുള്ളി ഒന്നുകൂടെ കല്യാണം കഴിച്ചു. എന്നിട്ട് ഒരു പോസ്റ്റ് ഇട്ടു. എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു, കുറെ കുത്ത്.. അത് കഴിഞ്ഞിട്ട് എഴുതിയിരിക്കുന്നത് വരന്‍ ഞാന്‍ തന്നെ എന്ന്. ഈ കുത്ത് ഇടുന്നതില്‍ ഒരു കാര്യവുമില്ല. കാരണം സീമോര്‍ ഞെക്കിയാല്‍ മാത്രമേ വരന്‍ ഞാന്‍ തന്നെ എന്നെഴുതിയേക്കുന്നത് കാണൂ.’

‘എന്നിട്ട് ഞാന്‍ ചോദിച്ചു എന്തിനാടാ നീ ഇങ്ങനെ പോസ്റ്റ് ഇട്ടേക്കുന്നത് എന്ന്. അപ്പോള്‍ അവന്‍ പറഞ്ഞു, ഇന്ന് ഇങ്ങനെ പോസ്റ്റ് ഇട്ടില്ലെങ്കില്‍ ആളുകള്‍ തെറ്റിദ്ധരിക്കും, ഞാന്‍ തന്നെ ക്ലിയര്‍ ചെയ്തതാണെന്ന്. ഞാന്‍ നോക്കിയപ്പോള്‍ മെയിന്‍ ചാനലില്‍ തന്നെ ഒരു വാര്‍ത്ത, എന്റെ ഭാര്യ വിവാഹിതയാകുന്നു കുറുപ്പുമായി ധര്‍മ്മജന്‍ എന്ന്. എന്നിട്ട് ധര്‍മ്മജന്‍ വളരെ വിഷമിച്ചു നില്‍ക്കുന്ന ഒരു ഫോട്ടോയും. അന്നത്തെ ദിവസം എനിക്ക് ഫോണ്‍ താഴെ വയ്ക്കാന്‍ പറ്റിയിട്ടില്ല. എന്തോരം വിളിയാണ് ആളുകള്‍ എന്നെ വിളിച്ചത് എന്ന് അറിയാമോ.’ രമേശ് പിഷാരടി പറഞ്ഞു.

‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരന്‍ ഞാന്‍ തന്നെ. മുഹൂര്‍ത്തം 9.30 നും 10.30 നും ഇടയില്‍ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം’എന്നാണ് ധര്‍മജന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. അനൂജ എന്നാണ് ധര്‍മജന്റെ ഭാര്യയുടെ പേര്. ഇരുവര്‍ക്കും വേദ, വൈഗ എന്നിങ്ങനെ രണ്ടു മക്കളുണ്ട്. മക്കളെ സാക്ഷിയാക്കിയാണ് ധര്‍മജന്‍ ബോള്‍ഗാട്ടി ഭാര്യയ്ക്ക് വീണ്ടും താലി ചാര്‍ത്തിയത്. വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്.

STORY HIGHLIGHTS: Ramesh Pisharody about Dharmajan Bolgatty marriage