മലയാളത്തില്‍ ഒരുപാട് മികച്ച റോളുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ഒരു നടനാണ് അപ്പ ഹാജ. നടന്‍ ഇപ്പോള്‍ സിനിമയില്‍ അധികം സജീവമല്ല. തിരുവനന്തപുരത്ത് ഹോട്ടല്‍ ബിസിനസ് നടത്തുകയാണ് ഇപ്പോള്‍. നടന്‍ കൃഷ്ണകുമാറിന്റെ കുടുംബവുമായി അപ്പ ഹാജയ്ക്കുള്ള സുഹൃത്ത് ബന്ധം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതാ നടന്‍ മോഹന്‍ലാലിനെക്കുറിച്ചും തന്റെ ആദ്യ സിനിമയെക്കുറിച്ചും സംസാരിക്കുകയായിരുന്നു അപ്പ ഹാജ.
‘എനിക്ക് തിരുവനന്തപുരത്ത് ഒരു ചെരിപ്പ് കട ഉണ്ടായിരുന്നു. അതിന്റെ ഉദ്ഘാടനം ചെയ്തു തരണമെന്ന് ഞാന്‍ ലാല്‍സാറിനോട് പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ അദ്ദേഹം പറഞ്ഞു ഡേറ്റ് മാറ്റണം ഞാന്‍ ഈ ഡേറ്റിലെ തിരുവനന്തപുരത്ത് ഉളളൂ എന്ന്. അപ്പോള്‍ ഞാന്‍ ഇങ്ങനെ 10 മണി ആണ് പത്രത്തിലൊക്കെ കൊടുത്ത സമയം. ആള് കൂടാന്‍ വേണ്ടി ഒന്ന് സമയം ഇതാക്കിയതായിരുന്നു. അതുകഴിഞ്ഞ് വീട്ടില്‍ ചെന്നപ്പോഴേക്കും പുള്ളി എന്നോട് ചോദിച്ചു എന്താണ് ലേറ്റ് ആയിട്ട്.. എന്തിനാണ് ലേറ്റ് ആക്കുന്നത് എന്ന്. അന്ന് പുള്ളിക്ക് ഒരു പുതിയ കാര്‍ കിട്ടിയ സമയമായിരുന്നു. ഞാന്‍ ചെല്ലുമ്പോള്‍ അത് അവിടെ കിടപ്പുണ്ട്. ഞാന്‍ വണ്ടിയുമായിട്ടാണ് അദ്ദേഹത്തെ വിളിക്കാന്‍ പോയത്.’
‘അങ്ങനെ അദ്ദേഹം കാറില്‍ കയറി, അപ്പോള്‍ ഞാന്‍ നോക്കിയപ്പോള്‍.. മുമ്പിലോട്ട് എടുത്ത് കഴിഞ്ഞാല്‍ വണ്ടി മുട്ടും, ബാക്കിലോട്ട് എടുത്തുകഴിഞ്ഞാല്‍ നല്ല കാര്യത്തിന് പോകുവല്ലേ..എന്തിനാണ് ബാക്കിലോട്ട് എടുത്തത് എന്ന് പുളളി ചോദിച്ചാലോ എന്ന് പേടിച്ച് ഞാന്‍ ചെറുതായിട്ട് ഒന്ന് മുമ്പോട്ട് എടുത്തു. അപ്പോള്‍ അദ്ദേഹത്തിന്റെ പുതിയ കാറില്‍ ജസ്റ്റ് ഒന്ന് മുട്ടി. പിന്നെ പുള്ളി എല്ലാവരോടും പറയും, ഇവന്‍ എന്റെ കാറില്‍ കൊണ്ടുവന്നിടിച്ചു എന്ന്. എന്റെ ബന്ധുക്കള്‍ ഒക്കെ അദ്ദേഹത്തെ പരിചയപ്പെടുമ്പോള്‍ അപ്പോള്‍ തന്നെ പറയും, അവനാണ് എന്റെ കാര്‍ നശിപ്പിച്ചതെന്ന്. പുള്ളി നല്ല ക്ഷമയുള്ള ഒരു മനുഷ്യനാണ് പക്ഷേ ചൂടായാല്‍ തണുപ്പിക്കാന്‍ ഭയങ്കര പാടാണ്.’
‘അതുപോലെതന്നെ എന്റെ സഹോദരനാണ് ഫാസില്‍ സാറിന്റെ മൂത്ത സഹോദരിയെ വിവാഹം ചെയ്തിരിക്കുന്നത്. അതൊക്കെ ആയിരിക്കും ഞാന്‍ ഒരു പക്ഷേ സിനിമയിലേക്ക് വരാനുള്ള കാരണം. ആദ്യത്തെ സിനിമയും ഇക്കയുടെ ഒപ്പമായിരുന്നു. അതങ്ങനെ ഒരു ദിവസം പിള്ളാരെ വെച്ച് ഒരു സിനിമ എടുക്കുന്നുണ്ടായിരുന്നു, അങ്ങനെ വീട്ടില്‍ വന്നപ്പോള്‍ എന്നോട് ചോദിച്ചു എന്താ ചെയ്യണോ എന്ന്.. പടം അഭിനയിച്ചാലോ എന്ന് ചോദിച്ചു. അങ്ങനെയായിരുന്നു ആദ്യ സിനിമയില്‍ അഭിനയിച്ചത്.’
‘പക്ഷേ ആ സിനിമ ചെയ്യുന്ന സമയത്ത് എനിക്ക് ടൈഫോയിഡ് ഒക്കെ ബാധിച്ച് കുറെനാള്‍ ഹോസ്പിറ്റലിലായിരുന്നു. അങ്ങനെ എന്റെ അച്ഛന്‍ സമ്മതം തന്നില്ല സിനിമയിലേക്ക് പോകാന്‍. അന്ന് സിനിമ ചെയ്യുമ്പോള്‍ ഒരു ടെന്‍ഷനും ഉണ്ടായിരുന്നില്ല. പിന്നെ വലുതായി ചെയ്തപ്പോള്‍ ടെന്‍ഷന്‍ ഒക്കെ വരാന്‍ തുടങ്ങി. സ്‌ക്രീനില്‍ വരുമ്പോള്‍ ഇതെങ്ങനെയായിരിക്കും എന്നൊക്കെയായിരുന്നു ടെന്‍ഷന്‍.’ അപ്പ ഹാജ പറഞ്ഞു.