Movie News

മൂന്നാം ഭാഗവുമായി ‘ബാഹുബലി’ ; സൂചന നൽകി നിർമ്മാതാവ് കെ ഇ ജ്ഞാനവേൽ രാജ – baahubali three confirmed

ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പ്രഖ്യാപനവുമായി ബാഹുബലിയുടെ അണിയറ പ്രവര്‍ത്തകര്‍

ഇന്ത്യൻ സിനിമയും ലോക സിനിമയും ഒരുപോലെ ചർച്ച ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് രാജമൗലി സംവിധാനം ബാഹുബലി. ചിത്രത്തിൽ ബാഹുബലിയായി വേഷമിട്ട പ്രഭാസിന്റെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രം തന്നെയായിരുന്നു ‘ബാഹുബലി’. രണ്ടു ഭാഗങ്ങളായെത്തിയ ചിത്രം ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ചിത്രങ്ങളായിരുന്നു.

നീണ്ട ഇടവേളയ്‌ക്ക് ശേഷം ഇപ്പോൾ ബാഹുബലിയുടെ മൂന്നാം ഭാഗവുമായി എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് കങ്കുവയുടെ നിർമാതാവ് കെ.ഇ. ജ്ഞാനവേൽ രാജ. ചിത്രത്തിന്റെ മൂന്നാം ഭാഗം വരുന്നു എന്നതുമായി ബന്ധപ്പെട്ട് ഒട്ടനവധി ഊഹാപോഹങ്ങൾ വന്നിരുന്നെങ്കിലും അവ സ്ഥിരീകരിക്കുന്ന തരത്തിലുള്ള വാർത്തയാണ് ഇപ്പോൾ ചർച്ചയാവുന്നത്.

കങ്കുവയുടെ പ്രചാരണ പരിപാടിക്കിടയിലാണ് ജ്ഞാനവേൽ രാജയുടെ വെളിപ്പെടുത്തൽ. ‘ബാഹുബലിയുടെ മൂന്നാം ഭാ​ഗം ആസൂത്രണ ഘട്ടത്തിലാണ്. കഴിഞ്ഞയാഴ്ച സിനിമാക്കാരുമായി ചർച്ച നടത്തിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. അവർ ബാഹുബലി ഒന്നും രണ്ടും അടുത്തടുത്തായി ചെയ്തു. ഒരു ഇടവേളയ്ക്ക് ശേഷം ബാഹുബലി 3 ആസൂത്രണം ചെയ്യുകയാണ്.’- ജ്ഞാനവേൽ രാജ പറഞ്ഞു.

രാജമൗലി സംവിധാനം ചെയ്‌ത ‘ബാഹുബലി 1’, ‘ബാഹുബലി 2’ എന്നി രണ്ട് ഭാഗങ്ങള്‍ 2015, 2017 വർഷങ്ങളിലാണ് പുറത്തിറങ്ങിയത്. ആദ്യഭാഗം പുറത്തിറങ്ങി മൂന്ന് വർഷം കഴിഞ്ഞാണ് രണ്ടാം ഭാഗം പുറത്തു വന്നത്.

‘ആദ്യ രണ്ടു ഭാഗങ്ങളുടെ കഥ പോലെ നല്ലൊരു കഥയുമായി വരികയാണെങ്കിൽ ബാഹുബലിക്ക് അവസാനം ഉണ്ടാകില്ല. തീർച്ചയായും മൂന്നാം ഭാഗം ചെയ്യുമെന്ന്’ രാജമൗലി നേരത്തെ ചിത്രത്തെ പറ്റിയുള്ള സൂചന നൽകിയിരുന്നു. മഹേന്ദ്ര ബാഹുബലി, അമരേന്ദ്ര ബാഹുബലി എന്നിങ്ങന രണ്ട് കഥാപാത്രങ്ങളെയായിരുന്നു പ്രഭാസ് ബാഹുബലി ചിത്രത്തിൽ അവതരിപ്പിച്ചിരുന്നത്. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

STORY HIGHLIGHT: baahubali three confirmed