മലയാളികളുടെ പ്രിയ ഗായകനാണ് എംജി ശ്രീകുമാര്‍. ഒരുപിടി മികച്ച ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച പിന്നണിഗായകനാണ് എം ജി ശ്രീകുമാര്‍. റിയാലിറ്റി ഷോ ജഡ്ജായും ഗാനമേളയിലെ സ്ഥിരം ഗായകനായും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വ്യക്തിയാണ് അദ്ദേഹം. ഇപ്പോള്‍ ഏതാ എം ജി ശ്രീകുമാറിന്റെ സഹോദരിയും സംഗീതജ്ഞയുമായ കെ ഓമനക്കുട്ടി എം ജി ശ്രീകുമാറിനെ കുറിച്ചുള്ള ഒരു ഓര്‍മ്മ പങ്കുവെയ്ക്കുകയാണ്.
‘ഒരു ദിവസം രാത്രിയില്‍ എനിക്ക് ഒരു ഫോണ്‍കോള്‍ വന്നു. എനിക്കും വന്നു, ചേട്ടനും വന്നു.. ഗാനമേള കഴിഞ്ഞ് എംജി ശ്രീകുമാര്‍ തിരിച്ച് വരുമ്പോള്‍ ഒരു വലിയ വാഹനാപകടം പറ്റി. അത് എല്ലാവര്‍ക്കും അറിയാവുന്ന ഒരു അപകടമാണ്. ഇവരുടെ വാന്‍ ഒരു ബസ്സുമായി ഇടിച്ചു. അതില്‍ കിളി മരിക്കുകയും ഒക്കെ ചെയ്തു. വലിയ ഒരു ആക്‌സിഡന്റ് ആയിരുന്നു. അതുപോലെതന്നെ ചെവിയുടെയും മൂക്കിന്റെയും ഭാഗം ഒക്കെ പൊട്ടിയിരുന്നു. ഒരുപാട് അപകടം പിടിച്ച സ്ഥിതിയില്‍ എംജി ശ്രീകുമാര്‍ ആലപ്പുഴ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് എന്നാണ് ഞങ്ങള്‍ക്ക് വന്ന ഫോണ്‍കോള്‍. സിസ്റ്ററും ബ്രദറും ഉടനെ എത്തണം എന്നായിരുന്നു ആ ഫോണ്‍കോളില്‍ പറഞ്ഞത്. ഉടനെ തന്നെ ഞങ്ങള്‍ അവിടേക്ക് പാഞ്ഞു ചെന്നു. ചെന്നപ്പോള്‍ ശ്രീക്കുട്ടന്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയാണ്. ഞങ്ങളെ കണ്ട് അവന്‍ കരയാന്‍ തുടങ്ങി. അന്നത്തെ ശ്രീക്കുട്ടന്‍… കരഞ്ഞപ്പോള്‍ ഞങ്ങള്‍ അവനെ ആശ്വസിപ്പിച്ചു.’
‘അപ്പോള്‍ ഹോസ്പിറ്റലില്‍ നിന്ന് പറഞ്ഞു, ശ്രീക്കുട്ടന്റെ തല അനക്കാതെ ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്ത് വരെ സ്‌കാനിങ്ങിന് കൊണ്ടുവരണം എന്ന്. ആരെങ്കിലും രണ്ടുപേര്‍ ആ ആംബുലന്‍സില്‍ ഇരുന്നേ പറ്റൂ. തല അനക്കാന്‍ പാടില്ല.. ഒന്നാലോചിച്ചു നോക്കൂ, ഗട്ടര്‍ നിറഞ്ഞ റോഡ്. അപ്പോള്‍ ചേട്ടന്‍ പറഞ്ഞു ഒരു കാര്യം ചെയ്യ് നീ ആംബുലന്‍സില്‍ കയറാന്‍. അന്ന് ചേട്ടന്റെ ഒരു ശിഷ്യന്‍ ഉണ്ടായിരുന്നു മണികണ്ഠന്‍, മണികണ്ഠന്‍ ശ്രീക്കുട്ടന്റെ കാലും ഞാന്‍ തലയും നോക്ക് നിങ്ങള്‍ ആംബുലന്‍സില്‍ വാ ഞാന്‍ അവിടെ ചെന്ന് സ്‌കാനിങ്ങിന് വേണ്ട കാര്യങ്ങളൊക്കെ ചെയ്യാം എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ കേറിയപ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയത്. തല അനങ്ങി കൊണ്ടേയിരിക്കത്തില്ലയോ. ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെ ഇങ്ങനെ തല ഇങ്ങനെ പിടിച്ചു കൊണ്ടിരിക്കണം. എന്റെ കൈയാണെങ്കില്‍ കുറച്ചു കഴിഞ്ഞപ്പോഴേക്കും കഴക്കാന്‍ തുടങ്ങി. പക്ഷേ ഞാന്‍ എങ്ങനെയൊക്കെയോ പിടിച്ചുകൊണ്ടിരുന്നു. എനിക്ക് അതിനുള്ള ശക്തി ഈശ്വരന്‍ തന്നു.’
‘തിരുവനന്തപുരത്തേക്ക് വന്ന ഉടന്‍തന്നെ സ്‌കാനിംഗ് സെന്ററിലേക്ക് കയറി സ്‌കാനിങ് കഴിഞ്ഞ് റിപ്പോര്‍ട്ട് ഒക്കെ മേടിച്ച് ഞാന്‍ ഇവനെ കോസ്‌മോയില്‍ അഡ്മിറ്റ് ചെയ്യിപ്പിച്ചു. ആ ഒരു ഒന്നൊന്നര മാസം കോസ്‌മോയില്‍ ആയിരുന്നു. ആ സമയത്ത് ഞാന്‍ തന്നെയാണ് കോസ്‌മോയില്‍ ഇരുന്നത്. ഞാന്‍ എന്റെ വീട്ടില്‍ പോലും പോയിട്ടില്ല. എന്റെ ഭര്‍ത്താവ് പറഞ്ഞു വീട്ടിലേക്ക് വരികയെ വേണ്ട.. ശ്രീക്കുട്ടനെ നോക്കിയാല്‍ മതി എന്ന്. ഒന്നരമാസത്തോളം അവിടെയായിരുന്നു. ചെവിയുടെ എല്ലും മൂക്കിന്റെ എല്ലും ഒക്കെ പൊട്ടിയിരിക്കുകയല്ലേ.. എന്നെ അക്ക എന്നാണ് വിളിക്കുന്നത്. എന്ന് പറഞ്ഞാല്‍ ഒരു സഹോദരന്‍ എന്നതില്‍ കവിഞ്ഞ് ഞങ്ങളുടെ ഒരു കുഞ്ഞ് എന്നുള്ള രീതിയില്‍ ആയിരുന്നു ശ്രീക്കുട്ടന്‍ അക്കാലത്ത്. വെളുപ്പാന്‍കാലത്ത് ഒരു രണ്ടുമണി കഴിയുമ്പോള്‍ ദിവസവും എന്റെ കൈ പിടിക്കും. കാരണം അവന് വേദന സഹിക്കാന്‍ പറ്റുന്നില്ലായിരുന്നു.’
‘എന്റെ കൈ പിടിച്ചു ഒടിക്കുന്ന പോലെ ആയിരുന്നു. എന്തെങ്കിലും കുത്തിവയ്ക്കാന്‍ പറയും. ഞാന്‍ ഉറങ്ങിയിട്ടില്ല ആ ഒന്നര മാസം. ഉടനെ ചെന്ന് സിസ്റ്ററിനെ വിളിച്ചുകൊണ്ടുവന്ന് ഇഞ്ചക്ഷന്‍ എടുത്ത് കഴിയുമ്പോള്‍ കുറച്ച് അവന് ഭേദമാകും. അങ്ങനെ ഒന്നരമാസത്തോളം അവിടെയായിരുന്നു. പിന്നെ വീട്ടില്‍ വന്നു കഴിഞ്ഞ് അവന്റെ ശുശ്രൂഷ മൊത്തം ഞാനായിരുന്നു. അത് കഴിഞ്ഞ് ആള് കുറച്ചു നന്നായി, ഗാനമേളയ്ക്ക് പോകാന്‍ തീരുമാനിച്ചു. എന്നിട്ട് എന്നോട് വന്നു പറഞ്ഞു ഞാന്‍ എങ്ങനെ പാടും എന്ന്, ഞാന്‍ പാടി നോക്കിയിട്ടില്ല.. എനിക്ക് പേടിയാണ് എന്ന് പറഞ്ഞു… ഞാന്‍ പറഞ്ഞു നീ നന്നായിട്ട് പാടി വാ എന്ന്. അങ്ങനെ അവന്‍ ഗാനമേള കഴിഞ്ഞ് എന്നോട് പറഞ്ഞു, ഇത്രയും ഭംഗിയായിട്ട് ഞാന്‍ ഒരു ഗാനമേളയില്‍ ഇതുവരെ പാടിയിട്ടില്ല എന്ന്. ജീവിതം മുഴുവന്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു എന്ന് അന്ന് അവന്‍ പറഞ്ഞ വാക്കാണ് അത്.’ കെ ഓമനക്കുട്ടി പറഞ്ഞു.