Celebrities

“ഒരു ചികിത്സയ്ക്ക് ശേഷമായിരുന്നു ഞാൻ ആ സിനിമ ചെയ്‌തത്‌”; ക്ലാസ്മേറ്റ്സിന് മുമ്പ് നടന്ന സംഭവം തുറന്ന് പറഞ്ഞ് ലാൽ ജോസ്

മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുളള സംവിധായകനാണ് ലാല്‍ജോസ്. പ്രേക്ഷകരിലേക്ക് പുതിയ എന്തെങ്കിലും എത്തിക്കാൻ റിസ്ക് എടുക്കുന്ന മലയാള സിനിമയിലെ ഒരു ധൈര്യശാലിയായ സംവിധായകൻ.

സഹസംവിധായകനായി മോളിവുഡില്‍ എത്തിയ ലാല്‍ജോസ് ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് തുടക്കം കുറിച്ചത്. തുടര്‍ന്ന് സൂപ്പര്‍ താരങ്ങളെയെല്ലാം നായകന്മാരായി വിജയ ചിത്രങ്ങള്‍ ഒരുക്കി സംവിധായകന്‍. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ ഉള്‍പ്പെടെയുളള താരങ്ങളെല്ലാം ലാല്‍ജോസ് ചിത്രങ്ങളില്‍ നായകന്മാരായിരുന്നു.

അതേസമയം 2006ല്‍ പുറത്തിറങ്ങിയ ലാല്‍ജോസിന്റെ വിജയ ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സ്. മോളിവുഡിലെ യുവതാരനിരയെ അണിനിരത്തി ഒരുക്കിയ ക്യാമ്പസ് ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, നരേന്‍, കാവ്യാ മാധവന്‍, രാധിക എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് തിയ്യേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.

ഒരു അഭിമുഖത്തിൽ, ക്ലാസ്‌മേറ്റ്സിനെ കുറിച്ച് സംവിധായകന്‍ ലാല്‍ജോസ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ക്ലാസ്‌മേറ്റ്‌സ് ചെയ്യുന്ന സമയത്ത് നേരിട്ട ചില പ്രശ്നങ്ങളായിരുന്നു സംവിധായകന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

“എനിക്ക് ഉറക്കമില്ലായിരുന്നു, മൂന്ന് ദിവസം ഞാൻ ഉറങ്ങിയില്ല. എന്റെ ആ അവസ്ഥ മനസിലാക്കി എന്റെ അച്ഛൻ എന്നെ വൈദ്യരുടെ അടുത്ത് കൊണ്ടുപോയി. വൈദ്യരുടെ മരുന്ന് ഫലിച്ചു. അന്ന് വൈദ്യർ എനിക്ക് തന്നത് ഭ്രാന്തമാരെ മയക്കാൻ ഉപയോഗിക്കുന്ന മരുന്നായിരുന്നു.

രാസികന്റെ പരാജയം എന്നെ അത്രത്തോളം തളർത്തി. പലരും എന്നെ പരിഹസിക്കുന്നതുപോലെയെല്ലാം തോന്നാൻ തുടങ്ങി. എല്ലാവരെയും ഫേസ് ചെയ്യാനുള്ള മടി കാരണം ഒറ്റപ്പാലത്തുനിന്നും എറണാംകുളത്തേക്ക് കേറി. ഷാജി വർഗീസ് എന്ന കസിന്റെ അടുത്തായിരുന്നു പിന്നെ ഞാൻ. ഇന്ത്യ മുഴുവൻ സുഹൃത്തുക്കളുള്ള ഒരാളാണ് ഷാജി. ആ സമയം ഞാൻ നോർമൽ ആയി.

ആ സമയത്താണ് എന്റെ സുഹൃത്ത് നടൻ സാദിഖ് എന്നെ വിളിക്കുന്നതും ഒരാൾ കഥ പറയാൻ വരുമെന്നും പറയുന്നതും. അയാളായിരുന്നു ജെയിംസ് ആൽബർട്ട്. ആ സമയത്ത് എനിക്ക് സിനിമ ചെയ്യാൻ താല്പര്യമില്ലായിരുന്നു. സിനിമയുടെ പേര് ക്ലാസ്സ്‌മേറ്റ്സ് എന്നാണ് എന്ന് പറഞ്ഞു. ആദ്യം വലിയ താല്പര്യമില്ലാതെ ഞാൻ കഥ കേട്ടു. പിന്നീട് രണ്ടു മണിക്കൂർ ഇരുന്ന് മുഴുവൻ കഥയും കേട്ടു. ശേഷം ആ സിനിമ ചെയ്യാമെന്ന് ഞാൻ തീരുമാനിച്ചു. ആ സമയത്ത് എനിക്ക് വല്ലാത്ത ഒരു താല്പര്യവും ആത്മവിശ്വാസവുമെല്ലാം തോന്നി”. ലാൽ ജോസ് പറഞ്ഞു.

കോളേജ് പഠനകാലത്തെ ഇത്ര മനോഹരമായി കാണിച്ച മറ്റൊരു സിനിമ ഇല്ലെന്നാണ് ക്ലാസ്മേറ്റ്സ് കണ്ട മലയാളി പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്. എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി ക്ലാസ്സ്മേറ്റ്സ് ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്.