ചെന്നൈ: വിജയ് എന്താണ് പറയുന്നതെന്നും നിലവിലെ രാഷ്ട്രീയക്കാരേക്കാൾ ജനങ്ങൾക്കുവേണ്ടി എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും അറിയണമെന്ന് നടൻ വിശാൽ. തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ.) ആദ്യ പൊതുസമ്മേളനത്തിൽ പങ്കെടുക്കുമെന്നും നടൻ അറിയിച്ചു. എന്നാൽ തമിഴ്‌നാട് വെട്രി കഴകത്തിൽ ചേരുമെന്ന് അർഥമാക്കേണ്ടെന്നും വിശാൽ വ്യക്തമാക്കി. ക്ഷണം ലഭിച്ചാലും ഇല്ലെങ്കിലും വോട്ടർ എന്ന നിലയിൽ താൻ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും ആസ്വദിക്കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ചെന്നൈയിൽ ജീവകാരുണ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മാസം 27-ന് നടക്കുന്ന സമ്മേളനത്തിനായി വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ വൻ വേദിയാണ് ഒരുക്കുന്നത്. പാർട്ടി അധ്യക്ഷൻ വിജയ് സിനിമാ സ്റ്റൈലിൽ വേദിയിലെത്തുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ. 100 അടി ഉയരമുള്ള കൊടിമരത്തിൽ പാർട്ടി കൊടി ഉയർത്തുന്ന വിജയ്ക്ക് അവിടെനിന്ന് വേദിയിലേക്ക് പോകുന്നതിനായി ഒന്നര കിലോമീറ്ററോളം പുതിയറോഡും നിർമിക്കുന്നുണ്ട്. പാർക്കിങ്ങിനായി മാത്രം 207 ഏക്കർ സ്ഥലം വേർതിരിച്ചിട്ടുണ്ട്. സമ്മേളനനഗരിയിലേക്ക് പ്രവേശിക്കാൻ അഞ്ചുകവാടങ്ങളും പുറത്തേക്കുപോകാൻ 15 കവാടങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. നിരീക്ഷണത്തിന് 500 സി.സി.ടി.വി. ക്യാമറ സ്ഥാപിക്കും. 15,000 ലൈറ്റുകൾക്കുവേണ്ടി ആയിരത്തോളം വൈദ്യുതവിളക്കുകാലുകൾ സ്ഥാപിച്ചു.
വേദിയിൽനിന്ന് വിജയ്ക്ക് പ്രവർത്തകർക്കിടയിലേക്ക് വരുന്നതിനായി പ്രത്യേക റാമ്പ് നിർമിക്കുന്നുണ്ട്. 800 മീറ്ററോളം നീളത്തിലാണ് ഇതിന്റെ നിർമാണം. ഒരുക്കങ്ങൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച മുതൽ ശനിയാഴ്ചവരെ സമ്മേളനനഗരിയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല.
തമിഴ്‌നാട്ടിലെ 38 ജില്ലകളിൽനിന്നും 10,000 പേരെ വീതവും, കേരളം, ആന്ധ്ര അടക്കം അയൽസംസ്ഥാനങ്ങളിൽനിന്നും ആളുകളെ പങ്കെടുപ്പിക്കാനാണ് ഒരുങ്ങുന്നത്.രാഷ്ട്രീയം അറിയാമോയെന്ന ചോദ്യത്തിന് ഈ സമ്മേളനത്തിലൂടെ മറുപടി നൽകുമെന്നാണ് വിജയ്‌യുടെ പ്രഖ്യാപനം. 2026 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ടി.വി.കെ. പ്രവർത്തനംതുടങ്ങുന്നത്.
content highlight: tamil-nadu-vetri-kazhagam-conference