Celebrities

‘പല വെല്ലുവിളികളും അനാവശ്യ പ്രശ്‌നങ്ങളും, ഞങ്ങള്‍ക്ക് പിന്മാറേണ്ടി വന്നു’: അഭിരാമി സുരേഷ് | abhirami suresh

അധികം വ്‌ളോഗര്‍മാര്‍ ഇല്ലാതിരുന്ന കാലത്താണ് ഞങ്ങള്‍ വ്‌ളോഗിംഗ് ആരംഭിക്കുന്നത്

മലയാളത്തിന്റെ സ്വന്തം ഗായികമാരായ അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും പ്രേക്ഷകർക്ക് സുപരിചിതമായ രണ്ട് മുഖങ്ങളാണ്. ജീവിതത്തിലെ പല തുറന്നുപറച്ചിലുകൾ കൊണ്ടും നിലപാടുകൾ കൊണ്ടും ശ്രദ്ധേയരായ ഇവർ രണ്ടുപേരും ജനപ്രീതി നേടിയെടുക്കുന്നത് ബിഗ് ബോസിലേക്കുള്ള വരവിലൂടെയാണ്. എന്നാൽ വളർച്ചയുടെ അടവുകൾ ഓടിക്കയറുമ്പോഴും ഇരുവരെയും വിവാദങ്ങളിൽ നിറയ്ക്കുന്നത് നടന്‍ ബാലയുമായുള്ള പ്രശ്‌നങ്ങളാണ്. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയാണ് ​​ഗായികയായ അഭിരാമി സുരേഷ്. താരം പങ്കുവയ്ക്കുന്ന പല വീഡിയോസും ചിത്രങ്ങളും വൈറലാകാറുണ്ട്.

പാചകവും വാചകവും യാത്രയും വീട്ടുവിശേഷങ്ങളുമെല്ലാം വ്‌ളോഗിലൂടെ അവർ പങ്കിടാറുണ്ടായിരുന്നു. ഇപ്പോഴിതാ തന്റേയും കുടുംബത്തിന്റേയും രസകരമായൊരു വീഡിയോയാണ് അഭിരാമി പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്‌ക്കൊപ്പം അഭിരാമി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. സോഷ്യല്‍ മീഡിയ കുടുംബവുമായി ഉണ്ടായിരുന്ന അടുപ്പം നഷ്ടമായതിനെക്കുറിച്ചും അതിനെ വീണ്ടെടുക്കാനുള്ള ശ്രമത്തെക്കുറിച്ചുമാണ് അഭിരാമി സംസാരിക്കുന്നത്.

‘അധികം വ്‌ളോഗര്‍മാര്‍ ഇല്ലാതിരുന്ന കാലത്താണ് ഞങ്ങള്‍ വ്‌ളോഗിംഗ് ആരംഭിക്കുന്നത്. ഞങ്ങളുടെ നല്ലതും പ്രയാസമേറിയതുമായ നിമിഷങ്ങള്‍ നിങ്ങളുമായി പങ്കുവെക്കുന്നതും വീഡിയോ ഒരുക്കുന്നതുമെല്ലാം ഏറെ ഇഷ്ടപ്പെട്ടിരുന്നു. കാരണം, നിങ്ങള്‍ എന്നും ഞങ്ങളുടെ കുടുംബത്തെ പോലെയാണ്. എജി കുടുംബം എന്ന് നമ്മള്‍ വിളിക്കുന്നൊരു ലോകം തന്നെ നമ്മള്‍ സൃഷ്ടിച്ചെടുത്തു. ഞങ്ങള്‍ വലിയ നാഴികകക്കല്ലുകള്‍ താണ്ടുന്നതിനിടെ നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് പിന്മാറേണ്ടി വന്നു’, എന്ന് അഭിരാമി പറയുന്നു.

‘പല വെല്ലുവിളികളും, അടിച്ചമര്‍ത്തലും അനാവശ്യ പ്രശ്‌നങ്ങളും നേരിടേണ്ടി വന്നു. സ്ഥിരമായി വ്‌ളോഗ് ചെയ്യുന്നതില്‍ നിന്നും അതെല്ലാം ഞങ്ങളെ തടഞ്ഞു. അത് ഞങ്ങളുടെ സോഷ്യല്‍ മീഡിയ കുടുംബവുമായി ഉണ്ടായിരുന്ന ബന്ധത്തെ ബാധിച്ചു. അകല്‍ച്ച അനുഭവപ്പെടാന്‍ തുടങ്ങി. അതിനാലാണ് ഇടയ്ക്ക് വച്ച് വ്യക്തിപരമായി വ്‌ളോഗിംഗ് ആരംഭിക്കുന്നത്. സ്വന്തം വഴികളിലൂടെ കണക്ട് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു’എന്നും അഭിരാമി പറയുന്നു.

‘പക്ഷെ ഇപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് തിരികെ വന്നിരിക്കുകയാണ്. ഞങ്ങളുടെ പ്രിയപ്പെട്ട ഓണ്‍ലൈന്‍ കുടുംബവുമായി വീണ്ടും അടുക്കാനും നഷ്ടപ്പെട്ട ആ ബന്ധം പുനര്‍സൃഷ്ടിക്കാനും. ഒരുമിച്ച് വളരാം, ഒരുമിച്ച് തിളങ്ങാം. ലൈല സുരേഷ്, പാപ്പു, അമൃത സുരേഷ്, അഭിരാമി സുരേഷ് എന്ന ഞങ്ങളൊരുമിച്ച് നിങ്ങള്‍ക്കുള്ള സ്‌നേഹം അറിയിക്കുന്നു’വെന്നും താരം പറയുന്നു. നിരവധി പേരാണ് അഭിരാമിയ്ക്കും കുടുംബത്തിനും പിന്തുണയുമായി എത്തുന്നത്.

content highlight: abhirami suresh new video