സെലിബ്രിറ്റി മേക്കപ്പ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. സിനിമയില്‍ എന്നപോലെ സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്. തനിക്ക് മുന്നില്‍ കാണുന്ന തെറ്റുകുറ്റങ്ങള്‍ എല്ലാം തുറന്ന മനസ്സോടെ വെട്ടിത്തുറന്ന് പറയാറുളള ആളാണ് രഞ്ജു രഞ്ജിമാര്‍. നടി ആക്രമിക്കപ്പെട്ട സംഭവം മുതല്‍ ഇങ്ങോട്ട് തന്റേതായ എല്ലാ അഭിപ്രായങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ സ്ഥിരം പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോളിതാ സ്ത്രീത്വത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം.
‘ഞാനെന്റെ സ്ത്രീത്വം ഇപ്പോള്‍ ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. സാരിയൊക്കെ ഉടുത്ത് ഇങ്ങനെ ഇരിക്കുമ്പോള്‍ എനിക്ക് ഭയങ്കര അഭിമാനം തോന്നുന്നു. എത്രയോ കാnങ്ങളായിട്ട് ഞാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ഉണ്ടായിരുന്നു. അതിലേക്കുള്ള യാത്ര പക്ഷേ ഭയങ്കര സ്ട്രഗ്ലിങ് ആയിരുന്നു. അത് അത്രത്തോളം ആയിരുന്നു. അത് എങ്ങനെ വിശദീകരിച്ചാലും ഒരു തുള്ളി കണ്ണുനീര്‍ എവിടെ നിന്നെങ്കിലും വരും. അത് വരാതിരിക്കാന്‍ ആണ് ഞാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. പണ്ടൊക്കെ ഞാന്‍ തുടങ്ങുമ്പോള്‍ തന്നെ കരച്ചിലായിരുന്നു, പക്ഷേ ഇപ്പോള്‍ എനിക്ക് അതിനോട് യൂസ്ഡ് ആയി.’
‘ഇപ്പോള്‍ പല അഭിമുഖങ്ങളിലും എന്നെ വിളിക്കുമ്പോള്‍ ഞാന്‍ ആസ്വദിക്കുന്നത് ഇന്റര്‍വ്യൂവിന്റെ ടോപ്പിക്ക് അല്ല. പകരം എന്റെ സ്ത്രീത്വമാണ്. എന്റെ അമ്മയുടെ പ്രാര്‍ത്ഥന, ദൈവത്തിന്റെ അനുഗ്രഹം ഒക്കെ ആയിരിക്കാം ഞാന്‍ ഇപ്പോള്‍ ഇങ്ങനെ ഇരിക്കുന്നത്. ഞാനാരാണ് എന്നുള്ളതാണ് എപ്പോഴും ചിന്തിക്കേണ്ടത്. അവിടെനിന്നാണ് എന്റെ സ്ത്രീത്വം ഉത്ഭവിക്കുന്നത്. അല്ലാതെ ഈ പുറം കാഴ്ചകളോ അല്ലെങ്കില്‍ പഠിച്ചു വച്ചിരിക്കുന്ന ചില ആചാരങ്ങളോ ഇതൊന്നുമല്ല നിര്‍ണയിക്കുന്നത്. നമ്മള്‍ നമ്മളെ തിരിച്ചറിയുന്നതില്‍ നിന്നാണ് നമ്മളുടെ സ്ത്രീത്വം വെളിപ്പെടുന്നത്. ഓരോ ഘട്ടങ്ങളില്‍ കൂടിയാണ് ഞാന്‍ എന്റെ സ്ത്രീത്വം ആസ്വദിച്ചു വരുന്നത്. ഒരു ടീനേജ് പെണ്‍കുട്ടിയായിട്ടാണ് ഞാന്‍ എന്നെ ഇപ്പോള്‍ ഇന്‍ട്രൊഡ്യൂസ് ചെയ്യുന്നത്.’
‘കാരണം 22, 23 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ എടുത്ത തീരുമാനം, ഞാന്‍ ഒരു സ്ത്രീയാണ്, ഞാന്‍ ഇങ്ങനെ അല്ല ജീവിക്കേണ്ടത്, എന്നില്‍ എന്തോ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്ന് പറഞ്ഞ് ഞാന്‍ അതിലേക്ക് മാറുമ്പോള്‍ എന്റെ അമ്മ എങ്ങനെയായിരുന്നു, എന്റെ ചേച്ചി എങ്ങനെ ആയിരുന്നു ആ ഒരു കോണ്‍സെപ്റ്റ് ആയിരുന്നു എനിക്ക്. പിന്നെ എന്റെ ജീവിത വഴിയില്‍ മുന്നോട്ടു പോകുമ്പോള്‍ അവിടെ നിന്ന് കുറെ മാറ്റങ്ങള്‍ എനിക്ക് ഉള്‍ക്കൊള്ളേണ്ടതായി വന്നു. അത് സാഹചര്യമാണ്. അത്തരം സാഹചര്യങ്ങള്‍ ഹാന്‍ഡില്‍ ചെയ്യേണ്ടി വന്നപ്പോള്‍ പല ആചാരങ്ങളും അനുഷ്ഠാനങ്ങളും എനിക്കും എടുത്ത് കളയേണ്ടതായി വന്നിട്ടുണ്ട്. അങ്ങനെ നോക്കുകയാണെങ്കില്‍ സ്ത്രീ ഇങ്ങനെ ഇരിക്കണം എന്ന് ഒരു നിയമം എഴുതിവെച്ചിട്ടുണ്ടോ. എന്നെ സംബന്ധിച്ച് ഞാന്‍ ഇക്വാലിറ്റിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഞാന്‍. തുല്ല്യതയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന ഒരാളാണ് ഞാന്‍. അവിടെ സ്ത്രീ മാത്രം ഒതുങ്ങി ജീവിക്കണം എന്ന് പറയുന്നത് എങ്ങനെയാണ്.’
‘ഒരു പുരുഷനെ സംബന്ധിച്ച് സ്ത്രീ എപ്പോഴും കന്യകയായിരിക്കണം. അല്ലെങ്കില്‍ അങ്ങനെ അവകാശപ്പെടുന്നവരാണ്. നൂറില്‍ 99% ആണുങ്ങളും അങ്ങനെ തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം. എന്റെ അനുഭവം അങ്ങനെയാണ്. അവള്‍ക്കൊരു ബോയ്ഫ്രണ്ട് ഉണ്ടാക്കാന്‍ പാടില്ല, ബോയ്ഫ്രണ്ടിന്റെ കൂടെ അവള്‍ ചായ കുടിക്കാന്‍ പോയിട്ടുണ്ടാവരുത്, അവന്റെ കൂടെ സിനിമ കാണാന്‍ പോകരുത്, അവള്‍ അവന്റെ തോളത്ത് കൈയ്യിടരുത്.. ഇതൊക്കെ അവര്‍ക്ക് ഇരിട്ടേഷന്‍ ആണ്. പക്ഷേ അതേസമയം ഈ പുരുഷന്മാര്‍ക്ക് അവരുടെ കൂടെ കല്യാണങ്ങള്‍ക്ക് പോകാം, ചായ കുടിക്കാന്‍ പോകാം. പക്ഷേ അതൊന്നും ആരും ചിന്തിക്കുന്നില്ല. എന്നാല്‍ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം എന്നും ഒരു അതിര്‍വരമ്പ് ഉണ്ട്. അങ്ങനെ വരുമ്പോള്‍ സ്ത്രീ അങ്ങനെയിരിക്കണം എങ്ങനെ ഇരിക്കണം എന്ന് പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല.’ രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.