സൗന്ദര്യ സംരക്ഷണത്തിന് ഗുണകരമെന്നറിഞ്ഞ് മിക്ക വീടുകളിലും പൂന്തോട്ടത്തിലോ പറമ്പിലോ കറ്റാർവാഴ നട്ടുവളർത്തുന്നവരാകും മിക്കവാറും. എന്നാൽ ഇവയുടെ ശരിയായ ഉപയോഗ രീതി എല്ലാവർക്കും അറിയണമെന്നില്ല. സാധാരണ കാണുന്നതും കേൾക്കുന്നതുമായ രീതികൾ പിന്തുടരുകയാവും എല്ലാവരും ചെയ്യുന്നത്. സൗന്ദര്യ സംരക്ഷണത്തിന് സഹായിക്കുന്ന ഏറ്റവും മികച്ച പ്രകൃതിദത്ത വസ്തുക്കളിലൊന്നാണ് കറ്റാർവാഴ. ക്രീമുകളുൾപ്പെടെ നിരവധി സൗന്ദര്യ സംരക്ഷണ വസ്തുക്കളിലെ കറ്റാർവാഴ ഉപയോഗിച്ച് വരുന്നു. കറ്റാർവാഴയിൽ ചർമ്മകോശങ്ങളുടെ പുനരുൽപാദനം വർദ്ധിപ്പിക്കാനും ചുവപ്പ് കുറയ്ക്കാനും ചർമ്മത്തിലെ വീക്കത്തെ ചെറുക്കാനും സഹായിക്കുന്നു.
ദിവസവും ചർമ്മത്തെ പുതുമയോടെ വയ്ക്കാനും വളരെയധികം സഹായിക്കും കറ്റാർവാഴ. ഡാർക് സ്പോട്ട്സ്, ചർമ്മത്തിലെ വീക്കം, എന്നിവയൊക്കെ മാറ്റാൻ ഇത് സഹായിക്കും. ഇതിൽ ധാരാളമായി സാലിസിക് ആസിഡും അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവുമുള്ള ചർമ്മ സംരക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്.
വീക്കം കുറയ്ക്കും
ചർമ്മത്തിലുണ്ടാകുന്ന ചുവപ്പും വീക്കവും പോലെയുള്ള പ്രശ്നങ്ങൾ മാറ്റാനും കറ്റാർവാഴ വളരെ നല്ലതാണ്. ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ് കറ്റാർവാഴ. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകളും അതുപോലെ വീക്കവുമൊക്കെ മാറ്റാനും ഇത് ഏറെ നല്ലതാണ്. കറ്റാർവാഴ മുറിച്ച് എടുത്ത് അതിൻ്റെ അറ്റത്തെ കറ കളഞ്ഞ ശേഷം ഫ്രിഡ്ജിൽ വച്ച് നന്നായി തണുപ്പിക്കുക. അതിന് ശേഷം ഈ ജെൽ മുഖത്തിടാവുന്നതാണ്. വീക്കം ഉള്ള സ്ഥലങ്ങളിൽ ഇത് ഇട്ട് കൊടുക്കാം. ഇത് ചർമ്മത്തിന് നല്ല ഭംഗിയും അതുപോലെ യുവത്വം നിലനിർത്താൻ ഏറെ സഹായിക്കും.
ഹൈഡ്രേറ്റിങ്ങ് മാസ്ക്
മോയ്ചറൈസറായി കറ്റാർവാഴ ഉപയോഗിക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ ഇതൊരു നല്ല മാസ്ക് കൂടിയാണ്. നല്ല കറ്റാർവാഴ ജെൽ മുഖത്തൊരു 10 മിനിറ്റോളം വയ്ക്കുന്നത് ചർമ്മത്തിലേക്ക് ഇത് ആഴത്തിൽ ഇറങ്ങാനും എല്ലാ ഗുണങ്ങളും ആഗിരണം ചെയ്യാനും സഹായിക്കും. ഇത് ചർമ്മത്തെ മൃദുവാക്കാനും അതുപോലെ നല്ല തുടിപ്പും ഭംഗിയും നൽകാനും സഹായിക്കുന്നതാണ്. പ്രത്യേകിച്ച് തണുപ്പ്, വരൾച്ച, അമിതമായ പൊടി പടലങ്ങൾ എന്നിവയൊക്കെ ഉള്ള സമയത്ത് ഇത് ഉപയോഗിക്കാവുന്നതാണ്.
എന്തൊക്കെ മിക്സ് ചെയ്യാം?
ചർമ്മം ഭംഗിയാക്കാൻ സഹായിക്കുന്ന കറ്റാർവാഴയ്ക്കൊപ്പം ചില ചേരുവകൾ കൂടി ചേർക്കാവുന്നതാണ്. നല്ല മോയ്ചറൈസറാകാൻ കറ്റാർവാഴയും തേനും ഒരുമിച്ച് ഉപയോഗിക്കാവുന്നതാണ്. മുഖക്കുരു ഉള്ളവരാണെങ്കിൽ കറ്റാർവാഴയ്ക്ക് ഒപ്പം മഞ്ഞൾ ഉപയോഗിക്കാം. അമിതമായി എണ്ണമയം ഉള്ളവരാണെങ്കിൽ ഇതിനൊപ്പം അൽപ്പം നാരങ്ങ നീര് കൂടി ചേർക്കാവുന്നതാണ്. നന്നായി എക്സ്ഫോളിയേറ്റ് ചെയ്യാൻ ഇതിനൊപ്പം അൽപ്പം കാപ്പിപൊടി ചേർക്കാവുന്നതാണ്.
മുഖക്കുരു മാറ്റാൻ
മുഖക്കുരു മാറ്റാൻ ഏറെ നല്ലതാണ് കറ്റാർവാഴ ജെൽ. ചർമ്മത്തിൻ്റെ നിറ വ്യത്യാസം മാറ്റാനും ഇത് സഹായിക്കാറുണ്ട്. ഇതിലെ ആൻ്റി ഓക്സിഡൻ്റുകളും എൻസൈമുകളും ചർമ്മത്തിന് നിറം നൽകാനും അതുപോലെ പിഗ്മൻ്റേഷൻ പ്രശ്നങ്ങൾ മാറ്റാനും സഹായിക്കും. ഇത് ചർമ്മത്തിലുണ്ടാകുന്ന മുഖക്കുരുവിൻ്റെ പാടുകളെ ഇല്ലാതാക്കാനും ബെസ്റ്റാണ്. ഇതിലെ ആൻ്റി ബാക്ടീരിയൽ ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്.
content highlight: aloe-vera-benefits-for-face-and-skin