ഉത്തരകർണ്ണാടകയിലെ ഒരു തീരദേശപട്ടണമാണ് ഗോകർണം. ഒരു പ്രശസ്ത തീർത്ഥാടനകേന്ദ്രത്തോട് ഒപ്പം കടൽത്തീര ഉല്ലാസകേന്ദ്രവുമാണിത്. ഹൈന്ദവവിശ്വാസികൾക്ക് കാശിപോലെ പ്രശസ്തമായ ഒരു ക്ഷേത്രനഗരമാണിത്. കൊങ്കൺപാതയിൽ കന്നടനാടിൻ്റെ വടക്കേയറ്റത്ത് ഗോവക്ക് തൊട്ടുമുൻപാണ് ഈ ചെറുനഗരം. കേരളത്തിൽനിന്ന് മംഗലാപുരംവഴി കൊങ്കൺപാതയിൽ മഡ്ഗാവ് – മുബൈ ഒക്കെ പോകുന്ന ട്രെയിനുകളിൽ ഇവിടെത്താം. കൊങ്കൺ റയിൽവേയിൽ ഗോകർണറോഡ് എന്ന സ്റ്റേഷനാണ് ഏറ്റവുമടുത്ത്. എങ്കിലും ഇവിടെ നിർത്തുന്ന ട്രെയിനുകൾ കുറവാണ്. നഗരത്തിൽനിന്ന് മാറി ഒറ്റപ്പെട്ടൊരു ചെറിയസ്റ്റേഷനാണ്. ഇവിടിറങ്ങിയാൽ നഗരത്തിലേക്ക് 8 km ഉണ്ട്. ഓട്ടോക്ക് 250/-ആകും. പിന്നെ അടുത്ത പ്രധാനസ്റ്റേഷൻ കുംത ആണ്. ഇത് 30 km ദൂരെയാണ്. സ്റ്റേഷനിൽ നിന്ന് അരക്കിലോമീറ്റർ നടന്നാൽ കുംത ബസ്സ്റ്റാൻ്റെത്തും. ഇവിടെ നിന്ന് അരമണിക്കൂർ ഇടവിട്ട് ഗോകർണത്തേക്ക് ബസുണ്ട്. 45 മിനിട്ട് യാത്ര. 30/- രൂപ ടിക്കറ്റ്. കേരളത്തിൽനിന്ന് കൊല്ലൂർ മൂകാംബിക, മുരഡേശ്വർ, ഉഡുപ്പി ക്ഷേത്രങ്ങളിലേക്കൊക്കെ പോകുന്നവർക്ക് ഒരു 2 -3 മണിക്കൂർകൂടി ചെലവാക്കിയാൽ ഗോകർണം എത്താം. മംഗലാപുരത്തുനിന്ന് ബസുകളും ലഭ്യമാണ്.
എന്തൊക്കെയുണ്ട് ഇവിടെ കാണാൻ ?
ഗോകർണം കാഴ്ചകളിൽ തീർത്ഥാടനകേന്ദ്രങ്ങളും,
ബീച്ചുകളും വിനോദകേന്ദ്രങ്ങളും ഉണ്ട്.
പ്രധാന തീർത്ഥാടനകേന്ദ്രങ്ങൾ ഇതൊക്കെ
മഹാബലേശ്വര ക്ഷേത്രം –
ക്ഷേത്രനഗരമാണ് ഗോകർണം. ഭാരതത്തിലെ ഏഴുപ്രമുഖ ശിവക്ഷേത്രങ്ങളിലൊന്നായ മഹാബലേശ്വരക്ഷേത്രം തന്നെയാണ് ഗോകർണയുടെ മുഖമുദ്ര. BC 400 ൽ നിർമ്മിച്ച പുരാതനക്ഷേത്രമാണിത്. പ്രാണലിംഗപ്രതിഷ്ഠയുള്ള ഏകക്ഷേത്രം. ശിവലിംഗം ഒരു കുഴിയിലാണ്. കാണാനാകില്ല. നമുക്ക് നടയിൽ ഇരുന്ന് അകത്തേക്ക് കയ്യിട്ട് സ്പർശിച്ചറിയാം. നഗരമധ്യത്തിൽ തന്നെയാണി ക്ഷേത്രം. ബസ്സ്റ്റാൻ്റിൽ നിന്ന് അരക്കിലോമീറ്റർ നടക്കാനേയുള്ളൂ. ക്ഷേത്രത്തിനുപിന്നിൽ ബീച്ചാണ്. അവിടെ വിശാലമായ പാർക്കിംഗും ഉണ്ട്. ഈ അമ്പലത്തിൽകയറാൻ മുണ്ട് ധരിക്കേണ്ടതുണ്ട്. സ്ത്രീകൾക്ക് ചുരിദാർ ധരിക്കാമെങ്കിലും ജീൻസോ ഷോർട്ട്സോ മിഡിയോ ഇട്ട് കയറാനാകില്ല.
മഹാഗണപതി ക്ഷേത്രം
മഹാബലേശ്വരന് തൊട്ടടുത്തു തന്നെയാണ് ഗണപതി ക്ഷേത്രം. ഒരാൾ പൊക്കമുള്ള ഗണപതി വിഗ്രഹമാണിവിടെ. ഇവിടത്തെ ഗണപതിയുടെ തലയിൽ ഒരു മുറിവുണ്ട്. ഐതീഹ്യത്തിൻ രാവണൻ പരിക്കേൽപ്പിച്ചതെന്നാണ് വിശ്വാസം.
ഭദ്രകാളി ക്ഷേത്രം
അല്പം മാറിയാണ് ഈ ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദേവിയാണ് പ്രതിഷ്ഠ
പരശുരാമക്ഷേത്രം.
പരശുരാമൻ ഗോകർണത്തുനിന്ന് മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ച ഐതീഹ്യമൊക്കെ കേട്ടിട്ടുണ്ടാവുമല്ലോ ! ബസ് സ്റ്റാൻ്റിന് സമീപം പരശുരാമന് ഒരു ക്ഷേത്രമുണ്ട്. ഗൗഡസാരസ്വത ബ്രാഹ്മണരുടെ ക്ഷേത്രമാണിത്. ചെറിയൊരു ക്ഷേത്രമാണ്. മരണാനന്തരകർമ്മങ്ങൾക്ക് പ്രശസ്തമാണ്.
വെങ്കിട്ടരാമക്ഷേത്രം
അരക്കിലോമീറ്റർ അകലെ ക്ഷേത്രക്കുളത്തിലേക്കുള്ള വഴിയിലാണിത്.
കോടിതീർത്ഥം
ആറ് ഏക്കറുള്ള ഒരു ക്ഷേത്രക്കുളമാണിത്. ഇതിനുചുറ്റും എണ്ണിയാലൊടുങ്ങാത്ത അമ്പലങ്ങളും ആശ്രമങ്ങളുമാണ്.
ഗോഗർഭ ഗുഹ (Shiva caves)
മൂന്നരകിലോമീറ്റർ അകലെ മലമുകളിലെ ഒരു ഗുഹയാണിത്. ഇതിനുള്ളിൽ ഒരു ശിവലിംഗ പ്രതിഷ്ഠയുണ്ട്.
ജഡായു തീർത്ഥം
കുന്നിൻമുകളിലുള്ള ഒരു വ്യൂ പോയിൻ്റ് കൂടിയാണിത്. ഇവിടെ നിനുള്ള സൂര്യാസ്തമനകാഴ്ച മനോഹരമാണ്.
story highlight; gokarnna famous temples