Celebrities

‘അവരാണ് അനാവശ്യ ഗോസിപ്പുകള്‍ പടച്ചുവിടുന്നത്, ഞാന്‍ എന്തുചെയ്താലും അത് കൊട്ടിഘോഷിക്കപ്പെടും’: ജയം രവി

പക്വതയുള്ളവര്‍ അപവാദം പ്രചരിപ്പിക്കില്ല

അടുത്തിടെയാണ് തമിഴ് നടന്‍ ജയം രവി ഭാര്യ ആര്‍തിയുമായുള്ള ബന്ധം വേര്‍പെടുത്തുന്നുവെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി വേര്‍പിരിയല്‍ പ്രഖ്യാപനം നടത്തിയതെന്ന ആരതിയുടെ പ്രതികരണം എത്തിയതോടെ സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.ഇപ്പോളിതാ വിവാഹമോചനം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കിടെ ജയം രവിയുടെ ചില വാക്കുകളാണ് ഏറെ ചര്‍ച്ചയായിരിക്കുന്നത്.

‘ഒരു പൊതുമാധ്യമത്തിലാണ് നമ്മളുള്ളത്. ഞാന്‍ എന്തുചെയ്താലും അത് കൊട്ടിഘോഷിക്കപ്പെടും. അതൊരു ചായയുണ്ടാക്കുകയാണെങ്കില്‍പ്പോലും. ഇതൊരു മാസ് മീഡിയയാണ്. നമ്മളെല്ലാം താരങ്ങളും. നല്ലതും ചീത്തയും എല്ലാം എടുത്തുകാട്ടപ്പെടും. നമുക്കത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ജനങ്ങള്‍ക്ക് സിനിമ കാണുന്നതും താരങ്ങളേയും അവരെക്കുറിച്ച് സംസാരിക്കുന്നതെല്ലാം ഇഷ്ടമാണ്. അതുകൊണ്ട് ഞാനവരെ വിലയിരുത്താന്‍ പോകാറില്ല.’ ജയം രവിയുടെ വാക്കുകള്‍.

കുറച്ച് ആളുകള്‍ക്കാണ് പക്വത ഇല്ലാത്തത്. അവരാണ് അനാവശ്യ ഗോസിപ്പുകള്‍ പടച്ചുവിടുന്നത്. ചെയ്യുന്ന ജോലി മികച്ചതാക്കാന്‍ ശരീരവും മനസും തെളിമയോടെയിരിക്കണം. ഓരോ ആളുകളുടേയും അടുത്തുചെന്ന് ഉത്തരവാദിത്തബോധം പഠിപ്പിക്കാന്‍ എനിക്കാവില്ല. പക്വതയുള്ളവര്‍ അപവാദം പ്രചരിപ്പിക്കില്ല. മറ്റുചിലരാകട്ടെ ഇത്തരം ഗോസിപ്പുകളുടെ തീവ്രത നോക്കുകയോ സ്വകാര്യതയിലേക്ക് ഇടിച്ചുകയറുകയോ ഇല്ല. സ്വയം മനസിലാക്കുന്നുണ്ടെങ്കില്‍ എന്തിന് മറ്റുള്ളവരുടെ വാക്കുകള്‍ കണക്കിലെടുക്കണം.’ ജയം രവി പറഞ്ഞു.