മലയാളികളുടെ ജനപ്രിയ നടനാണ് ജയറാം. പ്രേക്ഷകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ തക്കവണ്ണം ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ച മലയാളത്തിലെ മികച്ച നടനാണ് ജയറാം. ജയറാം-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു മനസ്സിനക്കരെ. ഇപ്പോള്‍ ഇതാ മനസ്സിനക്കരെ സിനിമയുടെ സംഗീത സംവിധാന സമയത്തെ ചില രസകരമായ മുഹൂര്‍ത്തങ്ങള്‍ പങ്കുവെയ്ക്കുകയാണ് നടന്‍ ജയറാം.
‘സത്യന്‍ അന്തിക്കാട് നശിപ്പിച്ച ഒരു ഗായകനാണ് ഞാന്‍. രാജാ സാറിന്റെ അവിടെ മനസ്സിനക്കരെ സിനിമയുടെ മ്യൂസിക് നടക്കുമ്പോള്‍ ഞാന്‍ അവിടെ വെറുതെ പോയിരിക്കുമായിരുന്നു. ഒരു ദിവസം സത്യേട്ടന്‍ അവിടെ ഇല്ല, വേറെ എന്തോ ഒരു കാര്യത്തിന് പോയിരിക്കുകയായിരുന്നു. അപ്പോള്‍ രാജാ സാറ് വിളിച്ചിട്ട് എന്നോട് പറഞ്ഞു അച്ഛനും മോനും തമ്മില്‍ പാടുന്ന ഒരു പാട്ട് ഉണ്ട്, അത് നമുക്ക് രണ്ടും കൂടെ പാടാം എന്ന്. എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല. കാരണം എന്റെ കൂടെ പാടാം എന്ന് പറയുന്നത് ഇളയരാജ സാറാണ്. അദ്ദേഹം പറഞ്ഞു, ഡയറക്ടര്‍ പുറത്തുപോയിരിക്കുകയാണ്..’
‘പക്ഷേ കുഴപ്പമില്ല വരുമ്പോള്‍ ഒരു സസ്‌പെന്‍സ് ആക്കാം എന്ന്. അങ്ങനെ നേരെ ചെന്നു, എനിക്ക് വരികള്‍ ഒക്കെ തന്നു. ഞാന്‍ അഞ്ച് മിനിറ്റില്‍ അതൊക്കെ കാണാതെ പഠിച്ചു. എനിക്ക് ആ സമയത്ത് കൈയ്യും കാലും വിറക്കുകയായിരുന്നു. കാരണം തൊട്ടടുത്ത മൈക്കില്‍ പാടുന്നത് രാജാ സാറാണ്. അങ്ങനെ ചെണ്ടയ്ക്ക് ഒരു കോലുണ്ടട… മണ്ടക്കൊരു കൊട്ടുണ്ടെടാ എന്നുള്ള പാട്ട് ഇന്നസെന്റിന് വേണ്ടി അദ്ദേഹവും എനിക്ക് വേണ്ടി ഞാനും പാടി. അങ്ങനെ ആ പാട്ട് മുഴുവനും പാടിക്കഴിഞ്ഞപ്പോള്‍ ഞാന്‍ വെയിറ്റ് ചെയ്തിരിക്കുകയാണ് സത്യേട്ടനെ. കാരണം സസ്‌പെന്‍സ് പൊട്ടിക്കാന്‍ വേണ്ടിയിട്ട്. കുറച്ചു കഴിഞ്ഞപ്പോള്‍ സത്യേട്ടന്‍ വന്നു. എന്നിട്ട് എന്തായി എന്ന് ചോദിച്ചു.’
‘ഞാന്‍ പറഞ്ഞു കേള്‍പ്പിക്ക് എന്ന്. അങ്ങനെ അദ്ദേഹം ആ പാട്ട് കേട്ടു എന്നിട്ട് പറഞ്ഞു പടത്തിന്റെ തുടക്കമുള്ള പാട്ട് യേശുദാസിന്റെ ശബ്ദം മെല്ലെ ഒന്ന് പാടി എന്ന ഗാനം, അതുകഴിഞ്ഞ് വരുന്നത് മറക്കുടയാല്‍.. അത് എംജി് ശ്രീകുമാറിന്റെ ശബ്ദം, ഇത് വേറൊരു ശബ്ദം.. ഒരാള്‍ക്ക് മൂന്ന് ശബ്ദമോ.. മാറ്റ് പാട്ട് എന്നും പറഞ്ഞു. എന്നിട്ട് ജയചന്ദ്രനെ വിളിപ്പിച്ച് ആ പാട്ട് പാടിപ്പിച്ചു.’ ജയറാം പറഞ്ഞു.
STORY HIGHLIGHTS: Actor Jayaram about Sathyan Anthikad