Celebrities

ഗ്ലാമര്‍ വേഷങ്ങള്‍ വേണ്ടെന്നുവെച്ചതിന്റെ പേരില്‍ കരിയറില്‍ വീഴ്ചയുണ്ടായോ ? മനസ് തുറന്ന് സായ് പല്ലവി | sai-pallavi-reveals

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികൾ അടക്കമുള്ള തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായികയാണ് സായ് പല്ലവി. തെന്നിന്ത്യയിലെ പ്രധാന നടിമാരില്‍ ഒരാളാണ് താരം ഇന്ന്. തമിഴിലും തെലുങ്കിലുമെല്ലാം ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ സായ് പല്ലവിക്ക് കഴിഞ്ഞു. വലിയ സ്വീകാര്യതയാണ് തെലുങ്കിലും തമിഴിലും താരത്തിന് ലഭിക്കുന്നത്. സ്വന്തം നിലപാടുകള്‍ കൊണ്ടും സായ് പല്ലവി കയ്യടി നേടാറുണ്ട്.

സായ് പല്ലവിയുടെ പുതിയതായി ഇറങ്ങാനിരിക്കുന്ന ചിത്രം ‘അമരന്‍’ ആണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള ഒരു അഭിമുഖത്തിൽ ആ നാളുകളെ ഓര്‍ത്തെടുക്കുകയാണ് താരം. ‘അന്ന് അല്‍ഫോന്‍സ് പുത്രന്‍ വിളിച്ചു. എനിക്കത് വിശ്വസിക്കാനായില്ല. അതൊരു തട്ടിപ്പ് കോളാണെന്നാണ് ഞാന്‍ വിചാരിച്ചത്. സിനിമയില്‍നിന്ന് ഒരാള്‍ എന്നിലേക്ക് എത്തുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നില്ല’ -സായ് പല്ലവി പറഞ്ഞു.

ആദ്യത്തെ വിളി വരുമ്പോള്‍ ജോര്‍ജിയയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു. കോള്‍ ആദ്യം വിശ്വസിച്ചില്ലെങ്കിലും പിന്നീട് അഭിനയിക്കാൻ തീരുമാനിച്ചുവെന്നും അവർ പറ‍ഞ്ഞു. സിനിമയിലേക്ക് പ്രവേശിക്കും മുന്‍പ് ഒരു ടാംഗോ നൃത്തപ്രകടനത്തിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. അത് പക്ഷേ, സായ് പല്ലവി വിചാരിച്ച വിധത്തിലായിരുന്നില്ല പ്രേക്ഷകര്‍ ഏറ്റെടുത്തത്. അതോടെ ചെറുവസ്ത്രങ്ങള്‍ സിനിമകളില്‍ ധരിക്കരുതെന്ന തിരിച്ചറിവിലേക്ക് എത്തി. തന്റെ രൂപത്തേക്കാള്‍, കഴിവിന് പ്രാധാന്യം ലഭിക്കണമെന്നാണ് സായ് ആഗ്രഹിക്കുന്നത്.

‘ജനങ്ങള്‍ എന്നെ ഗ്ലാമറിനായി കാണരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. പൊതുജനങ്ങള്‍ എന്നെ കഴിവിന്റെ പേരില്‍ കാണണം. ശരീരം കാണാന്‍ ആഗ്രഹിക്കുന്ന മറ്റൊരുകൂട്ടം പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം കണ്ണുകള്‍ എന്നിലേക്ക് വരുന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ല’ -സായ് പല്ലവി പറഞ്ഞു.

ഗ്ലാമര്‍ വേഷങ്ങള്‍ വേണ്ടെന്നുവെച്ചതിന്റെ പേരില്‍ കരിയറില്‍ വീഴ്ചയുണ്ടായോ എന്നായിരുന്നു അഭിമുഖത്തിലെ തുടര്‍ന്നുള്ള ചോദ്യം. ലഭിക്കുന്ന വേഷങ്ങളില്‍ സന്തുഷ്ടയാണെന്നും പ്രത്യേക ഗ്ലാമര്‍ ആവശ്യപ്പെടുന്ന വേഷം നഷ്ടപ്പെടുത്തുന്നതില്‍ ഒരു സുഖമുണ്ടെന്നും സായ് മറുപടി നല്‍കി. നല്ല കഥാപാത്രങ്ങള്‍ ചെയ്യുന്നത് കരിയറില്‍ കൂടുതല്‍ കാലം നിലനില്‍ക്കാന്‍ സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കി. ശിവകാര്‍ത്തികേയനൊപ്പമുള്ള അമരന്‍ ഒക്ടോബര്‍ 31-ന് റിലീസ് ചെയ്യും.

content highlight: sai-pallavi-reveals