മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് കുഞ്ചാക്കോ ബോബന്‍. നടന്റെ എല്ലാ സിനിമകളും ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറ്. സിനിമയില്‍ നിന്നും കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്‍ ഒരു ബ്രേക്ക് എടുത്തിരുന്നു. ആ സമയത്ത് റിയല്‍ എസ്റ്റേറ്റ് ബിസിനസുമായി കുഞ്ചാക്കോ ബോബന്‍ തിരക്കിലായിരുന്നു. പിന്നീട് വലിയ ഒരു തിരിച്ചുവരവാണ് സിനിമയിലേക്ക് നടന്‍ നടത്തിയത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ പുതിയ സിനിമ തിയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ ഓടുകയാണ്. ഇപ്പോളിതാ തന്റെ പഴയകാല ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം.
‘എന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങളെയും വളരെ പോസിറ്റീവ് ആയിട്ട് കാണാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അങ്ങനത്തെ രീതിയിലെ കാര്യങ്ങള്‍ എന്റെ ജീവിതത്തില്‍ മാനിഫെസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട് വളരെ സിമ്പിള്‍ ആയിട്ട് പറയുകയാണെങ്കില്‍ ഇപ്പോള്‍ എന്റെ കുഞ്ഞിന്റെ കാര്യം ആണെങ്കില്‍ പോലും, ഒരുപാട് നാള്‍ കുഞ്ഞില്ലാത്തതിന്റെ വിഷമവും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. പക്ഷെ ദൈവം കൈവിടില്ല എന്നൊരു വിശ്വാസം ഉണ്ടായിരുന്നു. അത് എല്ലാ അര്‍ത്ഥത്തിലും ഞാനും എന്റെ ഭാര്യയും വിചാരിച്ചതിനേക്കാള്‍ നല്ല രീതിയില്‍ ദൈവം ഞങ്ങളുടെ കൈകളിലേക്ക് കൊണ്ടുത്തന്നു. പിന്നെ സിനിമയാണെങ്കിലും ഞാന്‍ വിചാരിച്ചതിനപ്പുറത്തുള്ള സ്‌നേഹവും പരിഗണനയും ആണ് എനിക്ക് സിനിമയില്‍ നിന്ന് ലഭിച്ചത്. ഞാന്‍ അതിന് അര്‍ഹനാണോ എന്ന് പോലും എനിക്ക് സംശയമുണ്ട്.’
‘തിരിച്ചുവരവില്‍ മാറ്റങ്ങള്‍ക്ക് വിധേയനായിട്ട് സിനിമകള്‍ ചെയ്യുമ്പോള്‍ എനിക്ക് തന്ന സ്‌നേഹവും ഉത്തരവാദിത്വവും തിരിച്ചാളുകളിലേക്ക് നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും കൊടുക്കണം എന്നുള്ള ഒരു ആഗ്രഹവും വാശിയും കൂടെ ഉള്ളതുകൊണ്ടാണ്. മലയാള സിനിമ പോലെ ഒരു ഇന്‍ഡസ്ട്രിയില്‍ ഒരു ആഗ്രഹവും ഇല്ലാതെ വന്ന് ഇടയ്ക്ക് വീണ്ടും സിനിമ നിര്‍ത്തി പോയി, വീണ്ടും തിരിച്ചു വന്നിട്ട് 27 കൊല്ലത്തോളം മലയാള സിനിമ പ്രേക്ഷകരുടെ മനസ്സില്‍ നില്‍ക്കുക എന്ന് പറയുന്നത് ഒരു വലിയ ഭാഗ്യമാണ്. എത്ര നന്ദി പറഞ്ഞാലും അത് മതിയാകില്ല. എന്റെ തിരിച്ചുവരവിന് കാരണം പ്രേക്ഷകരുടെ സ്‌നേഹം തന്നെയാണ്. എന്റെ സിനിമകള്‍ എത്രത്തോളം ആളുകള്‍ ഇഷ്ടപ്പെടുന്നു, അല്ലെങ്കില്‍ എന്റെ കഥാപാത്രങ്ങള്‍ ആളുകള്‍ എത്രത്തോളം സ്‌നേഹിച്ചിരുന്നു എന്നുള്ള ഒരു നേരിട്ടുള്ള അനുഭവമാണ് സിനിമയില്‍ നിന്നും മാറി നിന്ന സമയത്ത് എനിക്ക് മനസ്സിലായത്.’
‘ആ സമയത്താണ് എത്രത്തോളം എന്റെ സിനിമകളും കഥാപാത്രങ്ങളും അവരുടെ ജീവിതത്തില്‍ സ്വാധീനിച്ചിട്ടുണ്ട് എന്നുള്ള ഒരു തിരിച്ചറിവ് എനിക്ക് ഉണ്ടായത്. ആ തിരിച്ചറിവ് എന്നെക്കാള്‍ കൂടുതല്‍ മനസ്സിലാക്കിയത് എന്റെ ഭാര്യയായിരുന്നു. അപ്പോള്‍ അതിന്റെ ഒരു ഊര്‍ജ്ജത്തില്‍ നിന്നാണ് ഞാന്‍ തിരിച്ച് സിനിമയിലേക്ക് വരണമെന്ന് ആഗ്രഹിച്ചതും മാറ്റങ്ങള്‍ക്കനുസരിച്ച് തുടങ്ങാം അല്ലെങ്കില്‍ പൂജ്യത്തില്‍ നിന്ന് തുടങ്ങി തിരിച്ചുവരാനുള്ള ഒരു ശ്രമം നടത്തിയതും. വളരെ പതുക്കെ ആയിരുന്നു ആ യാത്ര ഞാന്‍ ആരംഭിച്ചത്. ഞാനും എന്റെ ഭാര്യയും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു സിനിമയില്‍ നിന്ന് അന്ന് ബ്രേക്ക് എടുക്കാം എന്നത്. കാരണം അന്ന് ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ വര്‍ക്കാവുന്നില്ല, സിനിമകള്‍ വര്‍ക്ക് ആകുന്നില്ല, നിര്‍മ്മാതാക്കള്‍ക്ക് നഷ്ടമുണ്ടാകുന്നു…. ഞാന്‍ കാരണം ഒരു ബുദ്ധിമുട്ട് ആര്‍ക്കും ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍.’
‘അങ്ങനെ ഒരു മ്യൂച്ചല്‍ ഡിസിഷന്‍ തന്നെയായിരുന്നു അത്. ഞങ്ങള്‍ എംബിഎ ഒക്കെ പഠിക്കാന്‍ പോയിരുന്നു ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ ആയിട്ട്. അതിന്റെ സ്റ്റഡി മെറ്റീരിയല്‍ കാര്യങ്ങളൊക്കെ ഞങ്ങള്‍ മേടിച്ചു വെച്ചിരുന്നു. എംബിഎ പഠിച്ച്, ബിസിനസിലേക്ക് പോകാം എന്ന് വിചാരിച്ച്, എറണാകുളത്ത് ഒരു ചെറിയ ഫ്‌ളാറ്റിലേക്ക് ഞാനും പ്രിയയും മാത്രം താമസം മാറിയിരുന്നു. അങ്ങനെ പഠിച്ച് മുന്നോട്ട് പോകാം എന്നൊക്കെ തീരുമാനിച്ചിരുന്നു. യാദൃശ്ചികമായാണ് റിയല്‍ എസ്റ്റേറ്റിലേക്ക് വന്നത്. എന്തൊക്കെയോ എങ്ങനെയൊക്കെയോ നമ്മള്‍ വിചാരിച്ചതിനേക്കാള്‍ ഭംഗിയായി സംഭവിച്ചു എന്നുള്ളതാണ്. പിന്നെയാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. ഞാനൊരു വലിയ കച്ചവടക്കാരന്‍ ആയതുകൊണ്ട് ഒന്നുമല്ല അന്ന് കച്ചവടം നടന്നത്, സിനിമയില്‍ എന്നെ കണ്ട് ആ ഒരു വിശ്വാസത്തിന്റെ പുറത്താണ് അത്തരം ഡീലുകള്‍ നടന്നത്. അല്ലാതെ എന്റെ ക്രഡിറ്റ് അല്ല. സിനിമയാണ് ആ കാര്യങ്ങളിലും എല്ലാം എന്നെ സഹായിച്ചിട്ടുള്ളത്.’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.