പുതുക്കിയ കേന്ദ്ര ക്രിമിനല്‍ നിയമങ്ങള്‍ക്ക്, കേരളത്തിന്റെ സാഹചര്യം കണക്കിലെടുത്ത് ഭേദഗതികള്‍ കൊണ്ടുവരേണ്ടതുണ്ടോ എന്ന് പരിഗണിക്കുന്നു. ഇതിനായി നിയമ പരിഷ്‌കരണ കമ്മീഷന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിഷയമെന്ന നിലയില്‍ പുതുക്കിയ കേന്ദ്ര നിയമങ്ങളില്‍ സംസ്ഥാന ഭേദഗതി ആവശ്യമെങ്കില്‍ അതേക്കുറിച്ച് പരിശോധിക്കാനാണ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടിച്ചട്ടം, തെളിവു നിയമം എന്നിവ ഭേദഗതി വരുത്തിയാണ് ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അഥിനിയമം എന്നീ പുതിയ നിയമങ്ങള്‍ നിലവില്‍ വന്നത്. പഴയ നിയമങ്ങളുടെ പേരുകള്‍ക്കൊപ്പം നിയമവ്യവസ്ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇവ പരിശോധിച്ച് സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുള്ള ഭേദഗതികള്‍ ആവശ്യമുണ്ടോ എന്നാണ് നിയമ പരിഷ്‌കരണ കമ്മീഷന്‍ പരിശോധിക്കുകയെന്ന് നിയമമന്ത്രി പി. രാജീവ് പറയുന്നു.
കേന്ദ്രവുമായി ഇക്കാര്യത്തിലുള്ള ഏറ്റുമുട്ടലിനാണ് കേരളം ഒരുങ്ങുന്നത്. നേരത്തേ ബില്ലുകളില്‍ ഒപ്പിടാത്തതിന് രാഷ്ട്രപതിക്കെതിരെയും സാമ്പത്തിക വിഹിതം തടയുകയും കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നതിന് കേന്ദ്രത്തിനെതിരെയും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കേസ് നടത്തുകയാണ്. അതിനൊപ്പമാണ് പുതിയ ക്രിമിനല്‍ നിയമങ്ങളിലെ ഭേദഗതിയുടെ പേരിലുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നത്.
പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തിലായതോടെ കേരളത്തിലും പുതിയ നിയമപ്രകാരമാണ് ഇപ്പോള്‍ കേസുകളെടുക്കുന്നത്. പഴയ കേസുകളില്‍ ഐ.പി.സി വകുപ്പ് ചുമത്തുന്നു. 1860മുതലുണ്ടായിരുന്ന ഐ.പി.സി, 1898മുതലുള്ള സി.ആര്‍.പി.സി, 1872ലെ തെളിവ് നിയമം എന്നിവയാണ് മാറിയത്.പോലീസ് വളരെ കഷ്ടപ്പെട്ട് പുതിയ വകുപ്പുകള്‍ പഠിച്ചെടുക്കവേയാണ് അടുത്ത ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്. പുതിയ നിയമത്തില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് വധശിക്ഷയടക്കം വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷ കടുപ്പിച്ചിട്ടുമുണ്ട്.
പുതിയ നിയമങ്ങളെക്കുറിച്ച് വ്യക്തമായി പഠിക്കേണ്ടത് പൊലീസാണ്. എഫ്.ഐ.ആറിലെ വകുപ്പുകളില്‍ പിഴവുണ്ടായാലും തെളിവുശേഖരണത്തില്‍ വീഴ്ചയുണ്ടായാലും കേസിനെ ബാധിക്കും. പ്രതികള്‍ രക്ഷപെടാനിടയാക്കും. കോടതികളില്‍ എഫ്.ഐ.ആറും കുറ്റപത്രവും നല്‍കുന്നതിന് മുന്‍പ് ഉന്നതഉദ്യോഗസ്ഥരുടെയും നിയമവിഭാഗത്തിന്റെയും പരിശോധന കര്‍ശനമാക്കി. കേസന്വേഷണത്തിലും മേല്‍നോട്ടം നിര്‍ബന്ധമാക്കി. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ക്ക് തെളിവുശേഖരണത്തിലും പരിശീലനം നല്‍കിയിട്ടുണ്ട്.
പുതിയ ക്രിമിനല്‍ നിയമപ്രകാരം ഡിജിറ്റല്‍ തെളിവുകള്‍ക്ക് പ്രാധാന്യമേറിയിട്ടുണ്ട്. ഇലക്ട്രോണിക് റെക്കോര്‍ഡുകള്‍ പ്രാഥമിക തെളിവായി മാറുന്നതോടെ, ഡിജിറ്റല്‍ തെളിവുശേഖരണത്തിന് പ്രാധാന്യമേറും. വിചാരണ ഓണ്‍ലൈനായി നടത്തുന്നത് പ്രതികളെ കോടതിയിലെത്തിക്കേണ്ട പൊലീസിന്റെ ജോലിഭാരം കുറയ്ക്കും. ലഹരിയുടെ ഉന്മാദത്തില്‍ പൊതുസ്ഥലത്ത് ശല്യം ഉണ്ടാക്കിയതിന് കേസെടുത്തിരുന്നത് ഇല്ലാതാവും, പകരം സാമൂഹ്യസേവനമാണ് ശിക്ഷ. കൊലക്കുറ്റത്തിനുള്ള ഐ.പി.സി 302 വകുപ്പ് പുതിയ നിയമത്തില്‍ 103 ആയിട്ടുണ്ട്. 511 സെക്ഷനുകള്‍ ഐ.പി.സിയിലുണ്ടായിരുന്നത് ഇപ്പോള്‍ 356 മാത്രം.
175 എണ്ണം ഇല്ലാതായി. പുതിയ നിയമപ്രകാരം 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയിരിക്കണം. വേണമെങ്കില്‍ പിന്നീട് അനുബന്ധ കുറ്റപത്രമാവാം. ഇതുവരെ രണ്ടാംനിര തെളിവുകളായിരുന്ന (സെക്കന്‍ഡറി) ഇലക്ട്രോണിക് രേഖകള്‍ ഇനി പ്രാഥമിക തെളിവായി മാറുന്നതോടെ കേസുകള്‍ തെളിയിക്കുന്നത് പൊലീസിന് എളുപ്പമാവും. ഫോറന്‍സിക്, വിരലടയാള, ഡിജിറ്റല്‍, സൈബര്‍ വിദഗ്ദ്ധര്‍ക്ക് പുതിയ തെളിവുനിയമപ്രകാരം പരിശീലനം നല്‍കിത്തുടങ്ങിയിരിക്കെയാണ് നിയമഭേദതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.
കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമനിര്‍മ്മാണത്തിന് തുല്യഅധികാരമുള്ള കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ നിയമനിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നേടിയിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയുള്ള റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരുന്നു. ഇതോടെ, വിദ്യാഭ്യാസം അടക്കം കണ്‍കറന്റ് ലിസ്റ്റിലെ 52 വിഷയങ്ങളില്‍ കേന്ദ്രാനുമതിയില്ലാതെ സംസ്ഥാനത്തിന് നിയമം നിര്‍മ്മിക്കാം. കേന്ദ്രനിയമത്തിന് വിരുദ്ധമാണെങ്കില്‍ മാത്രം കേന്ദ്രാനുമതി തേടിയാല്‍ മതി.
നിയമനിര്‍മ്മാണത്തിന് അനുമതി തേടിയുള്ള അപേക്ഷകളുടെ എണ്ണം വന്‍തോതിലായതോടെ, അതീവഗൗരവ വിഷയങ്ങളിലല്ലാതെ മുന്‍കൂര്‍ കേന്ദ്രാനുമതി തേടേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2010ല്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു. 13 വര്‍ഷത്തിനു ശേഷം ഈ കത്ത് തപ്പിയെടുത്താണ് റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിക്ക് ആധാരമാക്കിയത്. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന് വിരുദ്ധമാണെന്ന് തോന്നിയാലോ ഭരണഘടനയ്ക്കും നിയമത്തിനും സുപ്രീംകോടതി ഉത്തരവുകള്‍ക്കും വിരുദ്ധമാണെന്നും ബോദ്ധ്യമായാലോ ഭരണഘടനയുടെ ഇരുനൂറാം അനുച്ഛേദപ്രകാരം ഗവര്‍ണര്‍ക്ക് ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണയ്ക്ക് അയയ്ക്കാം.
CONTENT HIGH LIGHTS;Considers possibility of amending country’s new criminal law: Government appoints Law Reform Commission; The aim is to open a new port towards the Centre