Celebrities

‘എന്നെ ഒരു കടലില്‍ കൊണ്ടിട്ട അവസ്ഥയായി, കടം കൊടുത്തവരൊക്കെ വീട്ടില്‍ അന്വേഷിച്ചു വരുമായിരുന്നു’: മഞ്ജു പത്രോസ്

നമ്മള്‍ പെണ്ണുങ്ങളല്ലേ വീട്ടിലിരിക്കുക

വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകഹൃദയങ്ങളിലേക്ക് കയറിയ ദമ്പതികള്‍ ആയിരുന്നു മഞ്ജു പത്രോസും സുനിചിചനും. പിന്നീട് മഞ്ജു പത്രോസ് നിരവധി സീരിയലിലും ടെലിവിഷന്‍ പ്രോഗ്രാമുകളിലും എല്ലാം പങ്കെടുത്തിരുന്നു. ബിഗ് ബോസില്‍ പോയതോടുകൂടിയാണ് മഞ്ജു പത്രോസിന് വളരെയധികം സ്വീകാര്യത ലഭിച്ചത്. ഇപ്പോള്‍ ഇതാ തങ്ങളുടെ പഴയകാല ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി മഞ്ജു

‘കല്യാണം കഴിയുന്നതുവരെ ഞാന്‍ ഭയങ്കര ഹാപ്പിയായിരുന്നു. അത് കഴിഞ്ഞിട്ട് പിന്നെ അങ്ങനെയായി. ഇതിപ്പോള്‍ ആരുടെയും കുറ്റമല്ല നമുക്ക് കരുതിവച്ചിരിക്കുന്ന ജീവിതം എന്താണ് എന്ന് നമുക്ക് ഒരിക്കലും പ്രവചിക്കാന്‍ പറ്റില്ല. ഞാന്‍ ഭയങ്കരമായിട്ട് തകിടം മറിഞ്ഞു പോയി. എന്നെ ഒരു കടലില്‍ കൊണ്ടിട്ട അവസ്ഥയായി. എവിടെ തിരിഞ്ഞു നോക്കിയാലും കടം. കല്ല്യാണം ഒക്കെ ആയപ്പോഴേക്കും സുനിച്ചന്‍ വീട് ഒന്ന് പൊളിച്ച് പണിഞ്ഞു. അതെല്ലാം കടം വാങ്ങി ചെയ്തതായിരുന്നു. നമുക്ക് അതില്‍ കൊടുക്കാന്‍ ഒരു സോഴ്‌സ് ഇല്ലെങ്കില്‍ നമ്മള്‍ അത് ചെയ്യാന്‍ പാടില്ല. എനിക്ക് എല്ലാവരോടും പറയാനുള്ളത് അതാണ്, നമ്മള്‍ ഒരു കല്യാണം കഴിക്കുമ്പോഴൊക്കെ നമുക്ക് അത് ചെയ്യാന്‍ പ്രാപ്തിയുണ്ടെങ്കില്‍ മാത്രമേ അതൊക്കെ ചെയ്യാവൂ.’

‘ഇങ്ങനെ ഒരു അവസരം എനിക്ക് കിട്ടിയതുകൊണ്ടാണ് എനിക്ക് ഇങ്ങനെ ഒരു ജോലി കിട്ടി, അല്ലെങ്കില്‍ ബിഗ് ബോസ് എന്ന് പറയുന്ന ഒരു അവസരം കിട്ടിയതുകൊണ്ടാണ്, അല്ലെങ്കില്‍ വെറുതെ അല്ല ഭാര്യക്ക് മുന്‍പ് തന്നെ ഞങ്ങള്‍ ജീവന്‍ അവസാനിപ്പിച്ചേനെ. അതൊന്നും ഞങ്ങള്‍ കാണില്ലായിരുന്നു. ഞാന്‍ ഉണ്ടാവില്ലായിരുന്നു. ആ സമയത്ത് ഞാന്‍ ഉറങ്ങിയിട്ട് പോലുമില്ല. അത്രയ്ക്ക് കടവും ഒക്കെ ആയിരുന്നു. കടം കൊടുത്തവരൊക്കെ വീട്ടില്‍ അന്വേഷിച്ചു വരുമായിരുന്നു. അങ്ങനെ വന്നവരില്‍ ഒരു ചേച്ചി കുറച്ച് വഴക്കൊക്കെ പറഞ്ഞിട്ടുണ്ട്. ആ ചേച്ചി ബന്ധു ഒന്നുമല്ല അവര്‍ പൈസ പലിശക്ക് കൊടുക്കുന്ന ആളായിരുന്നു. അവര്‍ വീട്ടില്‍ വന്ന് ബഹളം ഒക്കെ ഉണ്ടാക്കി. അന്ന് സുനിച്ചന്‍ വീട്ടില്‍ ഇല്ലായിരുന്നു.’

‘നമ്മള്‍ പെണ്ണുങ്ങളല്ലേ വീട്ടിലിരിക്കുക. ആ വീട്ടിലെ കോളിംഗ് ബെല്‍ കേള്‍ക്കുമ്പോള്‍ എനിക്ക് ഞെട്ടല്‍ ആയിരുന്നു. അടുത്തമാസം നമ്മള്‍ ആര്‍ക്കെങ്കിലും കുറച്ചു പൈസ കൊടുക്കാം എന്ന് പറഞ്ഞാല്‍ ഈ മാസം മുതലേ ഇങ്ങനെ വിളിച്ചു ചോദിച്ചു കൊണ്ടിരിക്കും ഓരോരുത്തരുടെയും അടുത്ത്. കുറച്ചു പൈസ ഉണ്ടോ പൈസയുണ്ടോ എന്ന്. ഞാന്‍ ഇത് മാത്രമാണ് കേട്ടേക്കുന്നത്. ആ കാലഘട്ടത്തില്‍ ആളുകളോട് പൈസ ചോദിക്കുന്നു, അപ്പുറത്ത് കൊണ്ട് കൊടുക്കുന്നു, അത് വീട്ടാന്‍ വേണ്ടി വേറെ സ്ഥലത്ത് പോകുന്നു… ഇതുതന്നെയായിരുന്നു. ജീവിതം എന്ന് പറയുന്നത് ഈ കണക്കുകള്‍ മാത്രമേയുള്ളൂ വേറെ ഒന്നും സംഭവിക്കുന്നില്ല.’ മഞ്ജു പത്രോസ് പറഞ്ഞു.