24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മലയാളം പര്യവേക്ഷണ ടെലിവിഷൻ ചാനലാണ് സഫാരി ടിവി. മലയാളം ടെലിവിഷനിലെ വിഷ്വൽ യാത്രാവിവരണങ്ങൾക്ക് പേരുകേട്ട കേരളം ആസ്ഥാനമായുള്ള സംരംഭകനും ഗ്ലോബ്‌ട്രോട്ടറുമായ സന്തോഷ് ജോർജ് കുളങ്ങരയാണ് ഇത് സ്ഥാപിച്ചത്.
കേരളം പോലൊരു പരമ്പരാഗത ടെലിവിഷൻ വിപണിയിലെ അതുല്യമായ പരീക്ഷണമാണിത്. യാത്രാവിവരണങ്ങൾ, ദൃശ്യ ജീവചരിത്രങ്ങൾ, ലോകസിനിമകൾ, ചരിത്രം, സംസ്‌കാരം മുതലായവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിപാടികൾ. കേരളത്തിലെ ഭൂരിഭാഗം ടെലിവിഷൻ പ്രേക്ഷകർക്കും ഇതൊരു പുതിയ കാഴ്ചാനുഭവമായിരുന്നു.
ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ധാരാളം ആളുകൾ കേട്ടുകൊണ്ടിരിക്കുന്ന വാർത്തയാണ് സഫാരി ചാനൽ അടച്ചു പൂട്ടാൻ പോകുന്നു എന്നത്, എന്നാൽ ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് ജോർജ് കുളങ്ങര. പലർക്കും അത്ഭുതവും അതിശയവും നിരാശയുമെല്ലാം തോന്നുന്ന ഒരു വാർത്തയാണിത്. ”ഒരുപാട് ആളുകൾ ഇതിന്റെ സത്യാവസ്ഥ അറിയാൻ വേണ്ടി തന്നെയും തന്റെ ഓഫീസിലേക്കുമെല്ലാം ഒരുപാട് ആളുകൾ വിളിക്കുന്നുണ്ട്. ഏതൊക്കെയോ യൂട്യൂബ് ചാനലുകൾ ഞാൻ എന്താണെന്ന് പറഞ്ഞതെന്നോ ആ അഭിമുഖം കൃത്യമായി മനസിലാകാത്ത, അല്ലെങ്കിൽ മനസ്സിലായിട്ടും റീച് കിട്ടാൻ വേണ്ടി ചില കുബുദ്ധികൾ പ്രചരിപ്പിച്ച ഒരു കാര്യമാണത്” സന്തോഷ് പറഞ്ഞു.
“സഫാരി ചാനൽ എപ്പോഴും പുതിയ ടെക്നോളജിക്ക് പിന്നാലെ പോകാൻ ആഗ്രഹിക്കുന്ന ഒരു ചാനൽ ആണ്. പുതിയ ദൃശ്യ അനുഭവം ഇന്നത്തെ കാലത്ത് തരണമെങ്കിൽ, പഴയ അനലോഗ് ടെലിവിഷനിലൂടെ പഴയ ടെക്നോളജിയിൽ സംപ്രേഷണം ചെയ്യുന്ന ആ സംവിധാനങ്ങളെയെല്ലാം പരിഷ്കരിച്ച് പുതിയ കാലഘട്ടത്തിലേക്ക് വളരേണ്ടതുണ്ട്. ഇന്ന് വലിയൊരു ശതമാനം ആളുകളും ടിവി പരിപാടികൾ കാണുന്നുന്നത് സ്മാർട്ട് ടിവിയിലൂടെ, യൂട്യൂബിലെ ഹൈ ഡെഫിനിഷൻ കണ്ടെന്റുകൾ എല്ലാമാണ്. ഇതിലെല്ലാം വലിയൊരു ശതമാനം ആളുകളും വിഷ്വലുകൾ ആസ്വദിക്കുന്നത് മൊബൈൽ ഫോണിലൂടെയാണ്.
ഇത്തരത്തിൽ മാറിയ കാലഘട്ടത്തിന് അനുസരിച്ച് ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെ ഇൻവെസ്റ്റ് ചെയ്തുകൊണ്ട്, അതിനുവേണ്ടി മികച്ച സംവിധാനങ്ങൾ ഒരുക്കികൊണ്ട് സഫാരി അടുത്ത പടിയിലേക്ക് കടക്കുന്നു എന്നതാണ് ഈ പറഞ്ഞതിന്റെ അർത്ഥം. പഴയത് നിർത്താൻ പോകുന്നു എന്ന് പറഞ്ഞത് പഴ ടെക്നോളജി, പഴ സാങ്കേതിക വിദ്യകൾ എല്ലാം പരിഹരിച്ച് പുതിയ കാലഘട്ടത്തിലേക്ക് കടക്കാൻ പോകുന്നു എന്നാണ്.
ഇതൊന്നും അറിയാത്ത വിവരദോഷികൾ പറഞ്ഞ ഏതെങ്കിലും ഒരു കമെന്റും ഒരു വിഡിയോയും വെച്ച് സഫാരി പൂട്ടാൻ പോകുന്നു എന്ന് ആരും തെറ്റുധരിക്കേണ്ട. സഫാരി അവിടെയുണ്ടാകും. സഫാരി എനിക്ക് ശേഷവും നടത്തിക്കൊണ്ടുപോകാൻ സാധിക്കുന്ന ആളുകളുണ്ട്, സംവിധാനങ്ങളുണ്ട്, അടുത്ത തലമുറയുണ്ട്. ധൈര്യമായി സഫാരിയുടെ പരിപാടികൾ കാത്തിരിക്കുക. സഫാരി തുടർന്നും നിങ്ങൾ ആഗ്രഹിക്കുന്നിടത്തോളം കാലം നിങ്ങളുടെ മൊബൈൽ ഫോണിൽ, സ്മാർട്ട് ടിവിയിൽ നിങ്ങളുടെ വീട്ടിലെത്തിക്കൊണ്ടിരിക്കും”.