പ്രേമം എന്ന മലയാളത്തിലെ ഹിറ്റ് ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നായിക നടിയാണ് സായ് പല്ലവി. ഇപ്പോള്‍ വലിയ ഫാന്‍ബേസ് ഉള്ള നടികൂടിയാണ് സായ് പല്ലവി. മലയാളം ഉള്‍പ്പെടെ നിരവധി ഭാഷാ ചിത്രങ്ങളില്‍ സായ് പല്ലവി ഇപ്പോള്‍ നായികയായി എത്തുന്നുണ്ട്. താരത്തിന്റെ സിനിമകള്‍ എല്ലാം ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. തങ്ങളുടെ വീട്ടിലെ ഒരു കുട്ടി എന്ന ഇമേജാണ് സായ് പല്ലവിക്ക് ആരാധകര്‍ നല്‍കുന്നത്. ഇപ്പോള്‍ ഇതാ പ്രേമം സിനിമയിലേക്ക് തന്നെ വിളിച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ചും പ്രേമത്തിന്റെ റിലീസിനു ശേഷം ഉണ്ടായ തന്റെ ധൈര്യത്തെക്കുറിച്ചും പറയുകയാണ് സായ് പല്ലവി.
‘പ്രേമം സിനിമയിലേക്ക് അല്‍ഫോന്‍സ് പുത്രന്‍ വിളിച്ചപ്പോള്‍ ആദ്യം വിശ്വസിച്ചിരുന്നില്ല. തട്ടിപ്പ് കോളായിരിക്കുമെന്നാണ് കരുതിയത്. സിനിമയില്‍ നിന്ന് ഒരാള്‍ എന്നെ തേടി എത്തുമെന്ന് വിശ്വസിച്ചിരുന്നില്ല. പ്രേമം സിനിമയുടെ റിലീസാണ് എനിക്ക് ആ കാര്യത്തില്‍ ധൈര്യം തന്നത്. മലര്‍ വരുമ്പോഴും ഡാന്‍സ് ചെയ്യുമ്പോഴും എല്ലാം ആളുകള്‍ വലിയ ആവേശത്തിലായിരുന്നു. ഞാന്‍ അമ്മയുടെ കൈ പിടിച്ചു ഞെരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആരെങ്കിലും കൂവി പുറത്തു പോയാലോ എന്നെല്ലാം ഭയമുണ്ടായിരുന്നു. അന്ന് അംഗീകരിക്കുന്നത് കണ്ടപ്പോള്‍ കുറെ ചിന്തകള്‍ വന്നു. നമ്മള്‍ ശാരീരികമായി മാത്രമാണ് ഭംഗിയെ നോക്കിക്കാണുന്നത് എന്ന് തോന്നി.’
‘കുറെ ചെറുപ്പക്കാര്‍ മലരേ എന്നൊക്കെ വിളിക്കുന്നുണ്ടായിരുന്നു അന്ന്. അത്രയും ഭംഗിയൊന്നും ഇല്ലെങ്കിലും മലര്‍ എന്ന കഥാപാത്രത്തിന് ഒരു ഭംഗിയുണ്ട്. അതുകൊണ്ടാണ് എല്ലാവര്‍ക്കും ഇഷ്ടമായത്. അതുകൊണ്ട് നിങ്ങളുടെ സ്വഭാവം നല്ലതാണെങ്കില്‍ അത് തന്നെയാണ് ഭംഗി എന്ന് മനസ്സിലായി. ഇവിടെയുള്ള ബ്യൂട്ടി സ്റ്റാന്‍ഡേര്‍ഡിനു ചേര്‍ന്ന വ്യക്തിയാണ് ഞാന്‍ എന്ന് എനിക്ക് ആദ്യം തോന്നിയിരുന്നില്ല. നീ സുന്ദരിയാണെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. അവര്‍ അമ്മ ആയതുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് ഞാനും കരുതും. സ്‌കൂളില്‍ ആരെങ്കിലും സുന്ദരിയാണെന്ന് പറയുമോ എന്ന് നോക്കിയിട്ടുണ്ട്.’
‘അച്ഛന്‍ വളരെ സ്ട്രിക്ടായിരുന്നു. അതുകൊണ്ട് ആരും അടുത്ത് വന്നു മിണ്ടില്ലായിരുന്നു. ചെറുപ്പത്തില്‍ ബന്ധുക്കള്‍ ആരെങ്കിലും നിന്റെ മുഖത്തെന്താ ഇത്രയും കുരുക്കള്‍ എന്നൊക്കെ ചോദിക്കുമായിരുന്നു, അതിങ്ങനെ മനസില്‍ കിടക്കും. പക്ഷെ ഇതെല്ലാം നടക്കുമ്പോഴും നീ സുന്ദരിയാണെന്ന് പറയുന്ന അമ്മയുടെ ശബ്ദമാണ് മനസ്സില്‍ വരിക. ചുറ്റും ഉള്ളവര്‍ ഞാന്‍ സുന്ദരിയാണെന്ന് പറഞ്ഞാലും അമ്മ അങ്ങനെ പറയുന്നതാണ് എപ്പോഴും മനസ്സില്‍ ഉണ്ടാവാറുള്ളത്.’ സായ് പല്ലവി പറഞ്ഞു.