Kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പുതുതായി 25 കേസുകളെടുത്ത് അന്വേഷണസംഘം

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 25 കേസുകളെടുത്ത് അന്വേഷണസംഘം. എന്നാല്‍ മിക്ക കേസുകളിലും ആരെയും പ്രതിചേര്‍ത്തിട്ടില്ല. ഇതോടെ സിനിമ മേഖലയുമായി ബന്ധപ്പെട്ട കേസുകളുടെയെണ്ണം അമ്പത് പിന്നിട്ടു. ക്രൈംബ്രാഞ്ച് ആസ്ഥനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് 25 കേസുകളെടുത്തത്.

റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം ലഭിച്ച പരാതികളില്‍ മാത്രമായിരുന്നു ഇതുവരെ കേസെടുത്തിരുന്നത്. റിപ്പോര്‍ട്ടിലെ മൊഴികള്‍ പലതും അവ്യക്തമാണെന്ന് പറഞ്ഞ് മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുത്തിരുന്നില്ല. എന്നാല്‍ ഹൈക്കോടതി ആവശ്യപ്പെട്ടതോടെയാണ് കേസെടുക്കാന്‍ തീരുമാനിച്ചത്.

കേസിലെ അതിജീവിതകളുടെ വിവരങ്ങള്‍ രഹസ്യമാക്കിവെക്കും. തിങ്കളാഴ്ച കേസ് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. പരാതികളുടെ അടിസ്ഥാനത്തില്‍ നേരത്തെ 29 കേസെടുത്തിരുന്നു. പുതിയ 25 കേസുകൂടിയാകുമ്പോള്‍ ആകെ കേസുകളുടെയെണ്ണം 54 ആയി.