Celebrities

‘ബിജു മേനോൻ ഒരു കെണിയിൽപ്പെട്ടു പോയി; വനിത എംഎൽഎയ്ക്ക് അയാളോട് മുടിഞ്ഞ പ്രേമമായി’ | alleppy-ashraf-reveals-a-woman-mla

സംവിധായകന്‍ ആലപ്പി അഷ്‌റഫ് അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഈ കഥ സൂചിപ്പിച്ചത്

മലയാള സിനിമയിലെ പെർഫെക്ട് കപ്പിൾസ് എന്നാണ് നടൻ ബിജുമേനോനും സംയുക്ത വർമ്മയും അറിയപ്പെടുന്നത്. ഒരുമിച്ച് അഭിനയിക്കുന്ന കാലത്ത് പ്രണയത്തിൽ ആവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്തു. വിവാഹശേഷം സംയുക്ത വർമ്മ അഭിനയത്തിൽ നിന്ന് മാറിനിന്നു. മകൻറെ കാര്യവും കുടുംബവും നോക്കുന്നതിനു വേണ്ടിയായിരുന്നു അഭിനയത്തിൽ നിന്നും നടി വിട്ടുനിന്നത്. ഈ കാലയളവിൽ ഒന്നും അവർക്ക് പേരുദോഷമോ വിവാദങ്ങളോ ഒന്നും തന്നെ ഉണ്ടായില്ല.

ഇപ്പോഴിതാ ഒരിക്കല്‍ നടനോട് കടുത്ത പ്രണയം തോന്നിയ വനിത എംഎല്‍എ ഒരുക്കിയ കെണിയെ കുറിച്ചുള്ള കഥ വൈറല്‍ ആവുകയാണ്. സംവിധായകന്‍ ആലപ്പി അഷ്‌റഫ് അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഈ കഥ സൂചിപ്പിച്ചത്.

‘നടന്‍ ബിജു മേനോന്‍ ഒരു കെണിയില്‍ പോയി പെട്ട കഥയുണ്ടെന്ന് പറഞ്ഞാണ് ആലപ്പി അഷ്‌റഫ് സംസാരിച്ച് തുടങ്ങിയത്. ബിജു മേനോന്‍ ആള് ഒരു ശുദ്ധനാണ്. ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത ആളാണ്. അയാളുടെ ജോലിയും കുടുംബവും ഒക്കെ നോക്കി നന്നായി ജീവിക്കുന്ന വ്യക്തി. അന്നും ഇന്നും അങ്ങനെയാണ്. പക്ഷേ അയാള്‍ ഒരു കെണിയില്‍ പെട്ടപ്പോള്‍ രക്ഷകനായി എത്തിയത് നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ആയിരുന്നു.

ഒരിക്കല്‍ ബിജു മേനോന്‍ ഒരു പ്രണയകെണിയില്‍ അകപ്പെട്ടിരുന്നു. അന്ന് സിനിമയില്‍ അദ്ദേഹം കുതിച്ചുയര്‍ന്നു വന്നു കൊണ്ടിരിക്കുകയാണ്. അക്കാലത്ത് പുള്ളി വിവാഹം കഴിച്ചിട്ടില്ല. സുമുഖനായ ചെറുപ്പക്കാരന്‍, നല്ല അഭിനയം, ആളുകള്‍ക്കും അദ്ദേഹത്തെ ഇഷ്ടമാണ്. ആവശ്യമില്ലാത്ത ഒരു കാര്യത്തിലും ഇടപെടാറുമില്ല. അയാളുടെ കാര്യം നോക്കി ജീവിക്കുന്നു.

അങ്ങനെയിരിക്കെ ഒരിക്കല്‍ അദ്ദേഹം തിരുവനന്തപുരത്ത് ഒരു പബ്ലിക് ഫംഗ്ഷന്‍ അറ്റന്‍ഡ് ചെയ്തു. ആ മീറ്റിങ്ങില്‍ ഒരു വനിത എംഎല്‍എ കൂടി ഉണ്ടായിരുന്നു. അന്ന് ബിജു മേനോന്റെ പ്രസംഗത്തിന് വലിയ കയ്യടി കിട്ടിയിരുന്നു. പരിപാടി കഴിഞ്ഞതിനുശേഷം ആ എംഎല്‍എ ബിജു മേനോനെ പരിചയപ്പെടുകയും നിങ്ങളെ ഒത്തിരി ഇഷ്ടമാണ് സിനിമകള്‍ കാണാറുണ്ടെന്നും പറഞ്ഞ് അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ കൂടി വാങ്ങി.

ഭരണത്തില്‍ ഇരിക്കുന്ന എംഎല്‍എയാണ്, മാത്രമല്ല അവര്‍ കുറച്ച് ശക്തയുമാണ്. പിറ്റേ ദിവസം അവര്‍ നടനെ വിളിച്ചു വിശേഷങ്ങള്‍ ചോദിച്ചു. തൊട്ടടുത്ത ദിവസവും വിളിച്ചു, പിന്നെ നിരന്തരം വിളിക്കാന്‍ തുടങ്ങി. ആ വിളി രാത്രിയിലേക്കും എത്തി. ഇവരുടെ പവര്‍ ഓര്‍ത്തിട്ട് ബിജു മേനോന് ഒരു പേടിയുണ്ടായിരുന്നു. എങ്കിലും അവര്‍ പറയുന്ന തമാശകള്‍ ഒക്കെ അദ്ദേഹം കേട്ടിരുന്നു.

അങ്ങനെ കുറച്ചു നാളിന് ശേഷം നടനോട് ഷര്‍ട്ടിന്റെ സൈസ് എത്രയാണെന്ന് ചോദിച്ച അവര്‍ കുറെ ഷര്‍ട്ടുകള്‍ ബിജുവിന് അയച്ചു കൊടുത്തു. അതിനെ കുറിച്ച് നടന്‍ പ്രതികരിക്കാതെ ഇരുന്നതോടെ സമയമായില്ലെന്ന് കരുതി അവര്‍ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ ബിജു മേനോനോട് അവര്‍ക്ക് മുടിഞ്ഞ പ്രേമമായി. പ്രണയത്തിന്റെ ഉച്ചകോടിയില്‍ എത്തിയെന്നൊക്കെ പറയാം.

ആ സമയത്താണ് സിലോണിയല്‍ ഒരു ക്രിക്കറ്റ് മാച്ച് നടക്കുന്നത് കാണാന്‍ ബിജു മേനോനും സുരേഷ് കുമാര്‍ മടക്കമുള്ളവര്‍ പോകുന്നത്. ക്രിക്കറ്റിനോട് കുറച്ച് ഭ്രാന്തുള്ള ആളാണ് ബിജു. പോയി കഴിഞ്ഞാല്‍ 9 ദിവസം കഴിഞ്ഞാലേ തിരികെ വരികയുള്ളൂ. ഇക്കാര്യം ആ എംഎല്‍എയോടും പറഞ്ഞു. പക്ഷേ അവര്‍ പോവണ്ട എന്ന് തന്നെ പറഞ്ഞു. ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്തതാണ് എന്തായാലും പോകുമെന്ന് ബിജു പറഞ്ഞെങ്കിലും അവരത് സമ്മതിച്ചില്ല. ഇത്രയും ദിവസം സംസാരിക്കാതെ ഇരിക്കാന്‍ പറ്റില്ലെന്നായി.

ഒടുവില്‍ അവരുടെ വാക്ക് കേള്‍ക്കാതെ നടന്‍ പോയി. എന്നാല്‍ കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവിന്റെ പേര് പറഞ്ഞിട്ട് ഞാന്‍ അയാളെ പോലും വരച്ച വരയില്‍ നിര്‍ത്തിയിട്ടുള്ള ആളാണെന്നും പിന്നെയാണോ നിങ്ങള്‍ എന്നൊക്കെ പറഞ്ഞു. സിലോണില്‍ എത്തിയ ശേഷം സുരേഷ് കുമാര്‍ ആണ് എന്നെ വിളിച്ച് ഇക്കാര്യം പറയുന്നത്.

ഒരു പ്രശ്‌നമുണ്ട് നാട്ടില്‍ നിന്ന് പോലീസുകാരില്‍ ഒരാള്‍ വിളിച്ചിട്ട് നടന്‍ ബിജു മേനോന്റെ പേരില്‍ ഒരു കേസ് വരാന്‍ പോകുന്നുണ്ടെന്ന് സൂചന തന്നു. അത് ആ എംഎല്‍എ നടന് പണികൊടുക്കാന്‍ വേണ്ടി ചെയ്തതായിരുന്നു. ഇത് കേട്ടതോടെ ബിജു ആകെ പേടിയിലായി. ഒടുവില്‍ നാട്ടില്‍ വന്നതിനുശേഷം കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിനെ പോയി കാണുകയും അവര്‍ ആ എംഎല്‍എയെ വിളിച്ചു സംസാരിക്കുകയും ചെയ്തു. അതോടെയാണ് ബിജു മേനോന്റെ ആ പ്രശ്‌നം ഒഴിവായതെന്ന്’, ആലപ്പി അഷ്‌റഫ് പറയുന്നു.

content highlight: alleppy-ashraf-reveals-a-woman-mla