Celebrities

‘വിവാദങ്ങളില്‍ പെട്ടുപോയ ആളാണ് ഞാന്‍; അപ്പോഴുണ്ടാകുന്ന ഒരു സങ്കടനീറ്റലുണ്ട്’| unni-mukundan-about-negative-comments

തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായ മാര്‍ക്കോയുടെ റീലിസിന് മുന്നോടിയായുള്ള ഒരുക്കത്തിലാണ് ഉണ്ണി മുകുന്ദന്‍

മലയാളികളുടെ പ്രിയ നായകനാണ് ഉണ്ണി മുകുന്ദന്‍. ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച് മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് ഉണ്ണി. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാന്‍ ഉണ്ണി മുകുന്ദന് സാധിച്ചിട്ടുണ്ട്. സിനിമ അഭിനയത്തിന് പുറമെ നിര്‍മ്മാണ രംഗത്തേക്കും നടന്‍ കാലെടുത്ത് വെച്ചിട്ടുണ്ട്. തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായ മാര്‍ക്കോയുടെ റീലിസിന് മുന്നോടിയായുള്ള ഒരുക്കത്തിലാണ് ഉണ്ണി മുകുന്ദന്‍. ചിത്രത്തിന്റെ ടീസര്‍ വൈറലായി മാറിയിരുന്നു. മലയാള സിനിമ ഇതുവരെ കാണാത്ത അത്ര വയലന്‍സുമായാണ് മാര്‍ക്കോ വരുന്നതെന്നാണ് പറയുന്നത്.

തന്റെ കരിയറിലുടനീളം വെല്ലുവിളികളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് ഉണ്ണി മുകുന്ദന്. സമീപകാലത്തായി അഭിനയിക്കുന്ന സിനിമകളുടെ അടിസ്ഥാനത്തില്‍ ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയവും ചര്‍ച്ചയാകുന്നുണ്ട്. പ്രൊപ്പഗാന്‍ഡ സിനിമയിലെ നായകന്‍ എന്ന വിമര്‍ശനമാണ് ഉണ്ണി മുകുന്ദന്‍ നേരിടുന്നത്. ഇപ്പോഴിതാ ഇത്തരം വിവാദങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

”അത്തരം ആരോപണങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പലരും എന്നെ അറിയാന്‍ ശ്രമിച്ചില്ല. ഗുജറാത്തിലെ ബിസിനസുകാരന്റെ മകന്‍, ധാരാളം പൈസ കയ്യിലുണ്ട് അത് ചെലവാക്കാനായി സിനിമയിലെത്തി എന്നൊക്കെ കരുതി. സാധാരണ കുടുംബത്തിലാണു ജനിച്ചതെന്നും വീട്ടിലോ കുടുംബത്തിലോ സിനിമാ ബന്ധമുള്ള ആരുമില്ലെന്നും സിനിമ മോഹിച്ചു മാത്രം വന്നയാളാണെന്നും ഒക്കെ പറയണം എന്നുണ്ടായിരുന്നു. അതൊന്നും എനിക്കു പറയാനായില്ല. എന്നെക്കുറിച്ചറിയാവുന്ന ആരും അതൊന്നും പറഞ്ഞുമില്ല.” എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

ചില സമയത്ത് സോഷ്യല്‍ മീഡിയയില്‍ ചിലതൊക്കെ പൊങ്ങിവരും തര്‍ക്കങ്ങളുണ്ടാകും. അതിലേക്ക് വലിച്ചിഴയ്ക്കപ്പെടും. ചിലര്‍ അതില്‍ പെട്ടുപോകും. ഇത്തരം വിവാദങ്ങളില്‍ പെട്ടുപോയ ആളാണ് ഞാന്‍ എന്നും താരം പറയുന്നു. അതേസമയം നെഗറ്റീവ് കമന്റുകള്‍ തന്നെ ബാധിക്കാറില്ലെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. അതിന് കാരണമായി താരം ചൂണ്ടിക്കാണിക്കുന്നത് തന്റെ തുടക്കകാലത്തെ അനുഭവങ്ങളാണ്.

നെഗറ്റീവും ജയപരാജയങ്ങളും ഒന്നും എന്നെ ബാധിക്കില്ല. അത്രയും മോശം അവസ്ഥകളിലൂടെയാണ് ഞാന്‍ വന്നിട്ടുള്ളതെന്നാണ് താരം പറയുന്നത്. അവസരം തേടി കേരളത്തിലേക്ക് വന്ന ട്രെയിന്‍ യാത്രകളെക്കുറിച്ച് മാത്രം ഓര്‍ത്താല്‍ മതി ഞാനൊരു സംഭവമാണെന്ന് തോന്നിത്തുടങ്ങും. ഗുജറാത്തില്‍ കോള്‍ സെന്ററിലായിരുന്നു ജോലി. നാല് മാസം അവധിയെടുക്കാതെ ജോലി ചെയ്താല്‍ എട്ട് ലീവ് കിട്ടും. ആ ലീവെടുത്താണ് അവസരങ്ങള്‍ തേടി കേരളത്തിലേക്ക് വരുന്നത്. ടിക്കറ്റ് കണ്‍ഫേം ആകാത്തതു കൊണ്ട് ഇരുന്നുറങ്ങായാകും വരവെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

കൊച്ചിയിലോ തൃശ്ശൂരിലോ ഇറങ്ങുമ്പോഴാണ് അറിയുക, കാണാമെന്ന് പറഞ്ഞവര്‍ വാക്ക് മാറിയിട്ടുണ്ടാകും. മീറ്റിങ് ക്യാന്‍സലാകും. പ്രതീക്ഷയുടേയും ആകാംഷയുടേയും കൊടുമുടില്‍ നിന്നാണ് വരവ്. ഒടുവില്‍ ഒന്നും നടക്കാതെയുള്ള മടങ്ങിപ്പോക്ക്. അപ്പോഴുണ്ടാകുന്ന ഒരു സങ്കടനീറ്റലുണ്ട്. തിരികെ ഗുജറാത്ത് എത്തും വരെ ഒറ്റയ്ക്ക് നിന്ന് എരിഞ്ഞു പോകും. ആ ദിവസങ്ങളൊക്കെ എങ്ങനെ അതിജീവിച്ചെന്ന് അത്ഭുതമാണെന്നും താരം പറയുന്നു.

ഇപ്പോഴെന്റെ ജീവിതത്തില്‍ എത്ര വലിയ നെഗറ്റീവ് ഉണ്ടായാലും കുന്നോളം സ്വപ്‌നവുമായി വന്ന് ഒന്നുമാകാതെ മടങ്ങിപ്പോകുന്ന ആ നാ്‌ല് ദിവസത്തെ യാത്ര ഓര്‍മിച്ചാല്‍ മതി. ഞാന്‍ തനിയെ റീസ്റ്റാര്‍ട്ട് ആയിക്കോളും. സിനിമയിലേക്ക് വരുന്ന ആര്‍ക്കും അത്തരം അനുഭവങ്ങള്‍ ഉണ്ടാവാതിരിക്കട്ടെ എന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

content highlight: unni-mukundan-about-negative-comments