ആൻഡമാൻ- നിക്കോബാർ ദ്വീപുകൾ. ബംഗാൾ ഉൾക്കടലിൽ ചെന്നൈ – കൊൽകത്ത നഗരങ്ങളിൽ നിന്ന് ഏതാണ്ട് സമദൂരത്തിൽ ( 1400 km) സ്ഥിതി ചെയ്യുന്ന, ചെറുതും വലുതുമായി 800 ൽ പരം ദ്വീപുകളുടെ സമൂഹം. ആൾതാമസം മുപ്പതോളം ദ്വീപുകളിൽ മാത്രം.
കേന്ദ്രസർക്കാർ രണ്ട് വർഷത്തിലൊരിക്കൽ കനിഞ്ഞു നൽകുന്ന LTC യാത്രാസൗകര്യം മെച്ചപ്പെട്ടതാണ്, ഉപയോഗിക്കാനുള്ള സാഹചര്യം എല്ലായ്‌പ്പോഴും ഒത്തുവരാറില്ലെന്നു മാത്രം.
ആൻഡമാൻ ട്രങ്ക് റോഡിൽ കൂടി പ്രധാന ദ്വീപിന്റെ മധ്യഭാഗം വരെ ഒരു നീണ്ട കരയാത്ര.
“റോസ്സ് ദ്വീപിൽ പോകാമല്ലോ, ഇഷ്ടപ്പെടും. പണ്ട് ബ്രിട്ടീഷ്കാർ താമസിച്ചിരുന്നു, ഇപ്പോൾ ആരുമില്ല. പോർട്ട് ബ്ലയറിൽ നിന്ന് എപ്പോഴും ബോട്ട് ഉണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യേണ്ട ആവശ്യമില്ല”.
ഒൻപത് മണിക്ക് തന്നെ ജെട്ടിയിലെത്തി. ഉടനെ ബോട്ടുണ്ട്. രണ്ടു ദ്വീപുകൾ ചുറ്റി വൈകിട്ട് തിരിച്ചെത്താം. രണ്ടാമത്തേതാണ് റോസ്സ് ദ്വീപ്.
ആദ്യത്തെ ദ്വീപിൽ സമയം കൂടുതൽ എടുത്തതിനാൽ ഉച്ച കഴിഞ്ഞു രണ്ടരയോടെയാണ് റോസ്സ് ദ്വീപി ലെത്തിയത്. ഉള്ളിൽ ചുറ്റിക്കറങ്ങാൻ എട്ടുപേർക്കിരിക്കാവുന്ന ഇലക്ട്രിക് വാഹനമുണ്ട്. “ഒന്നര മണിക്കൂർ സമയമേയുള്ളൂ”, ബോട്ട് ഡ്രൈവർ ഓർ മ്മിപ്പിച്ചു.
യാത്ര തുടങ്ങുന്നിടത്തു തന്നെ ഒരു ജാപ്പനീസ് ബങ്കർ കാണാം. രണ്ടാം ലോക യുദ്ധ സമയത്ത് കുറച്ചു കാലം ഈ ദ്വീപ് ജപ്പാൻകാരുടെ അധീനതയിലായിരുന്നു. അക്കാലത്ത് (1943) സുഭാഷ് ചന്ദ്രബോസ് ആദ്യമായി ഇവിടെ ഇന്ത്യൻ ദേശീയ പതാകയുയർത്തി. ഈ ചെറുദ്വീപിന് അങ്ങനെയും ഒരു പ്രത്യേകതയുണ്ട്.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് ആൻഡമാനിൽ ബ്രിട്ടീഷ് സർവേയർ ആയിരുന്ന ഡാനിയേൽ റോസ്സിന്റെ പേരായിരുന്നു പോർട്ട് ബ്ലയറിൽ നിന്ന് കഷ്ടിച്ച് മൂന്ന് കിലോമീറ്റർ അകലെ യുള്ള ഈ ദ്വീപിന് നൽകപ്പെട്ടത്. 2018 ൽ ഭാരത സർക്കാർ “നേതാജി സുഭാഷ്ചന്ദ്ര ബോസ് ദ്വീപ് ” എന്ന് ഔദ്യോഗികമായി പേര് മാറ്റുന്നത് വരെ അങ്ങനെ അറിയപ്പെട്ടു.
സാമ്രാജ്യത്വത്തിന്റെ സുവർണകാലത്ത് ആൻഡമാനിൽ ജോലി ചെയ്തിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾ താമസിച്ചിരുന്നത് റോസ്സ് ദ്വീപിലാണ്. അതിനുള്ള എല്ലാ സൗകര്യങ്ങളും സെല്ലുലാർ ജയിലിലെ ഇന്ത്യൻ തടവുകാരെക്കൊണ്ട് അടിമപ്പണി ചെയ്യിച്ചു അവർ ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടാക്കിയെടുത്തിരുന്നു. ബംഗ്ലാവുകൾ, നീന്തൽക്കുളം, ബേക്കറി, ദേവാലയം, മാർക്കറ്റ്, സ്കൂൾ അങ്ങനെ ഒരു ചെറിയ ടൗൺഷിപ് തന്നെ ദ്വീപിൽ ഉണ്ടായിരുന്നു. എന്തിന്, ഒരു ചെറിയ വൈദ്യുതിനിലയം പോലും!
ജപ്പാൻകാർക്ക് ശേഷം ദ്വീപ് വീണ്ടും ബ്രിട്ടീഷ്കാരുടെ കൈയ്യിലെത്തിയെങ്കിലും ദ്വീപിൽ പിന്നീട് സ്ഥിരമായി ജനവാസമുണ്ടായില്ല. ഭൂത കാല പ്രതാപത്തിന്റെ സ്മരണകളിൽ മുഴുകി പൂർണനാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു പ്രേതനഗരി യാണ് ഇന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഈ പഴയ ആസ്ഥാനം. ബ്രിട്ടീഷുകാർ ദ്വീപിലേക്ക് വിനോദത്തിനായി കൊണ്ടുവന്ന പുള്ളിമാനുകളുടെയും മയിലുകളുടെയും പിൻഗാമികൾ ചിതറിക്കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങ ൾക്കിടയിൽ അലഞ്ഞു നടക്കുന്നു. പെറ്റു പെരുകുന്ന മാനുകൾ ദ്വീപിന്റെ സ്വാഭാവിക ആവാസവ്യവസ്ഥക്ക് ഭീഷണിയായി തുടങ്ങിയിട്ടുണ്ടത്രേ.
മടക്കയാത്ര വണ്ടിയുപേക്ഷിച്ച് നടക്കാൻ തീരുമാനിച്ചത് നന്നായി. പള്ളി നല്ലതുപോലെ ഒന്ന് കാണുകയായിരുന്നു ഉദ്ദേശ്യം. കണ്ടു കഴിഞ്ഞ് ഇറങ്ങിയപ്പോൾ ഒരു വശത്തേക്ക് ഒരു നടപ്പാത നീണ്ടു പോകുന്നു. പതിനഞ്ച് മിനിറ്റ് ബാക്കിയുണ്ട്. നടന്നുനോക്കി. ചെറിയ കയറ്റിറക്കങ്ങൾ, പിന്നെ കുത്തനെ ഒരു ഇറക്കം. പാതയുടെ അങ്ങേയറ്റത്ത് ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും മനോഹരമായ കടൽത്തീരം. ശുദ്ധമായ വെള്ളമണൽ. കരിനീലയും പച്ചയും ഇടകലർന്ന നിറമുള്ള കടൽ. ഇളം കാറ്റിൽ മെല്ലെ തലയാട്ടുന്ന കൊന്നത്തെങ്ങുകൾ. അസ്തമയത്തിന്റെ ആരംഭം. രണ്ട് മിനിറ്റ് വെറുതെ ആ തീരത്ത് നിന്നു. ഞാനും കാറ്റും കടലും ആകാശവും മാത്രം.