ചരിത്രാതീതകാലത്തെ ഒരു മഹാശിലായുഗ ശവകൂടീരമാണ് തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്തു ചിറമനേങ്ങടുള്ള കുടക്കല്ല് പറമ്പ്. ഇവിടെ വളരെ ചെറിയ ഒരു സ്ഥലത്ത് 69 മഹാശിലായുഗ സ്മാരകങ്ങൾ കാണപ്പെടുന്നു. ഇവിടെ തൊപ്പിക്കല്ലുകളും, കുടക്കല്ലുകളും, മൂടിക്കല്ലുകളും, കൽവൃത്തങ്ങളും അടക്കം പല തരത്തിലെ കുടീരങ്ങൾ കാണാം. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ അഭിപ്രായത്തിൽ ക്രിസ്തുവിനും 2000 വർഷങ്ങൾ മുൻപായിരിക്കണം ഈ സ്മാരകങ്ങൾ നിർമ്മിക്കപ്പെട്ടത്. ഉന്നതകുലജാതരെ മൺകലങ്ങളിൽ അടച്ച് അന്ന് സംസ്കരിച്ചിരുന്നു. പിന്നീട് സംസ്കരിച്ച സ്ഥലത്തിന് അടയാളമായി ശവകുടീരത്തിനു മുകളിൽ ഒരു കുടക്കല്ലും സ്ഥാപിച്ചിരുന്നു. പിൽക്കാലത്ത് പല കുടക്കല്ലുകളും മോഷണം പോയി. ശേഷിക്കുന്നവ ഇന്ന് കാഴ്ചബംഗ്ലാവുകളിലേക്ക് മാറ്റിയിരിക്കുന്നു.
കുന്നംകുളം – വടക്കാഞ്ചേരി റോഡിൽ ആണ് ചിറമനങ്ങാട്. ഇന്ന് ഗ്രാമം വേഗത്തിൽ നഗരവൽക്കരിക്കപ്പെടുന്നു. ഗ്രാമത്തിൽ കുന്നമ്പത്തുകാവ് എന്ന അമ്പലം ഉണ്ട്. എല്ലാ വർഷവും(മേടം10) ഏപ്രിൽ മാസത്തിൽ ഇവിടെ പൂരം നടക്കുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഇതിനെ ഒരു കേന്ദ്രീകൃത സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.