ചാക്കോച്ചന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് നിറം. ഈ സിനിമയുടെ വിജയത്തിന് ശേഷമാണ് ചാക്കോച്ചൻ ചോക്ലേറ്റ് ഹീറോയായി അറിയപ്പെടാൻ തുടങ്ങിയത്. ഒരുകാലത്ത് യുവാക്കൾക്കിടയിലും സൂപ്പർഹിറ്റ് ആയിരുന്നു ഈ സിനിമ. എന്നാൽ ആ ചിത്രത്തിലേക്ക് ചാക്കോച്ചനെ നായകനാക്കാൻ തീരുമാനിച്ചതിനെ പലരും എതിർത്തിരുന്നു എന്ന് തുറന്നു പറയുകയാണ് സംവിധായകനായ കമൽ. മാത്രമല്ല സിനിമയിലേക്ക് നായികയായി ശാലിനി വന്നതും ഭാഗ്യം കൊണ്ടാണെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ കമൽ മനസ്സ് തുറക്കുന്നു.
”കഥ പറയാന്‍ തീരുമാനിക്കുമ്പോള്‍ എന്റെ മനസ്സില്‍ കുഞ്ചാക്കോ ബോബന്റെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ചാക്കോച്ചനെ വച്ച് സിനിമ ചെയ്യുന്നത് റിസ്‌ക് ആണെന്ന് പറഞ്ഞ് പലരും എന്നെ വിലക്കി. അനിയത്തിപ്രാവിന്റെ വന്‍ വിജയത്തിന് ശേഷം ചാക്കോച്ചന്റേതായി വന്ന കുറെ സിനിമകളില്‍ പലതും സാമ്പത്തികമായി വിജയിച്ചില്ല.
പക്ഷേ കുഞ്ചാക്കോ ബോബന്‍ ഇല്ലെങ്കില്‍ ഈ സിനിമ ഇല്ലെന്ന നിലപാടായിരുന്നു എനിക്ക്. കുഞ്ചാക്കോ ബോബന്റെ ജോഡിയായി ശാലിനിയാണ് മനസ്സില്‍ വന്നത്. കുട്ടിക്കാലം മുതലേ അവരെ എനിക്കറിയാവുന്നതാണ്. ശാലിനിയുടെ അച്ഛന്‍ ബാബുവും സുഹൃത്താണ്. എന്റെ ‘കൈക്കുടന്ന നിലാവ്’ എന്ന സിനിമയില്‍ ശാലിനി അഭിനയിച്ചു പോയതേയുള്ളൂ.
അങ്ങനെ എന്തുകൊണ്ടും ശാലിനി തന്നെ നായികയാവണമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ബാബുവിന്റെ ഫോണ്‍. ഒരു തമിഴ് സിനിമയില്‍ ശാലിനി നേരത്തെ ഡേറ്റ് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഈ സിനിമയില്‍ ഉണ്ടാവില്ലെന്ന് പറയാന്‍ ആയിരുന്നു അദ്ദേഹം വിളിച്ചത്.
ഇതോടെ പുതുമുഖങ്ങളെ നോക്കാമെന്ന് തീരുമാനത്തിലേക്ക് എത്തി. പത്രത്തില്‍ പരസ്യം കൊടുത്തതോടെ ധാരാളം പെണ്‍കുട്ടികള്‍ ഓഡിഷനായി വന്നു. പക്ഷേ കുഞ്ചാക്കോ ബോബനോട് പിടിച്ചുനില്‍ക്കാന്‍ പറ്റിയ ആരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. അങ്ങനെ നായികയെ കിട്ടാതെ വിഷമിച്ചിരിക്കുമ്പോഴാണ് വീണ്ടും ശാലിനിയുടെ രൂപത്തില്‍ ഭാഗ്യം വരുന്നത്. അവരുടെ തമിഴ് സിനിമയുടെ ഷൂട്ടിംഗ് മാറ്റിവെച്ചുവത്രേ. നിറത്തിന്റെ കഥ ഫോണിലൂടെ പറഞ്ഞപ്പോള്‍ ശാലിനിക്കും വളരെ ഇഷ്ടമായി.
നിറത്തില്‍ വേള്‍ഡ് ബാങ്ക് എന്ന് വിളിപ്പേരുള്ള കഥാപാത്രത്തെയാണ് ജോമോള്‍ അവതരിപ്പിച്ചത്. അവരുടെ മുഖത്ത് ഒരു നിഷ്‌കളങ്കതയുണ്ട്. നടക്കുന്നതിനിടയില്‍ എപ്പോഴും അവര്‍ തട്ടിത്തലഞ്ഞു വീഴും. ഈ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ‘അയ്യോ എനിക്ക് വീഴാന്‍ അറിയില്ലെന്നായിരുന്നു’ ജോമോളുടെ പരാതി. ‘ഒരാള്‍ വീഴാതിരിക്കാന്‍ അല്ലേ പഠിക്കേണ്ടത് വീഴാന്‍ വളരെ എളുപ്പമല്ലേ’ എന്ന് ഞാനും തമാശയായി പറഞ്ഞു.
നിറത്തില്‍ എടുത്തു പറയേണ്ട മറ്റൊരാള്‍ ബോബന്‍ ആലംമൂടനാണ്. ഓഡിഷനില്‍ വന്ന അവസാനത്തെ മൂന്നു പേരില്‍ ഒരാളായിരുന്നു ബോബന്‍. പക്ഷേ സെലക്ട് ചെയ്യും വരെ ബോബന്‍ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയില്ല. പിന്നീടാണ് അദ്ദേഹം താന്‍ ആലംമൂടന്‍ ചേട്ടന്റെ മകന്‍ ആണെന്ന് പറയുന്നത്.
ചിത്രത്തില്‍ അഭിനയിച്ച മറ്റ് രണ്ട് പ്രധാനപ്പെട്ട താരങ്ങള്‍ കോവൈ സരളയും ബാബുസ്വാമിയുമാണ്. അന്ന് നല്ല തിരക്കുള്ള നടിയാണ് സരള. അഞ്ചുദിവസത്തില്‍ കൂടുതല്‍ ഒന്നും അവര്‍ ആര്‍ക്കും ഡേറ്റ് കൊടുക്കില്ല. ഞാന്‍ വിളിച്ചപ്പോഴും അവര്‍ കാര്യം ആദ്യമേ പറഞ്ഞിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ ഷൂട്ടിംഗ് തീര്‍ക്കുന്ന പ്രയാസത്തെ പറ്റി ഞാന്‍ അവരോട് അറിയുന്ന രീതിയില്‍ തമിഴില്‍ പറഞ്ഞു.
പുതുമുഖങ്ങളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും കോളേജിലെ കുട്ടികളും എല്ലാമായി വലിയ ആള്‍ക്കൂട്ടം നിറത്തിന്റെ ചിത്രീകരണത്തിന് ഉണ്ടായിരുന്നു. ഇടയ്ക്ക് അത്യന്തം സമ്മര്‍ദ്ദങ്ങളില്‍ പെട്ട ധാരാളം അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും”, സംവിധായകന്‍ പറയുന്നു.
content highlight: director-kamal-reveals-how-he-choose-kunchacko-boban